‘ട്രാവൽ ബഡ്ഡി’; യാത്രകൾ എങ്ങനെയാണ് മനസ്സുകളെ ഒന്നിപ്പിക്കുന്നത്?

Mail This Article
ഒരു വർഷം തുടർച്ചയായി ഓഫീസിൽ പോയാലും കണക്ട് ആകുന്നത് വളരെ ചുരുക്കം ചിലരോട് മാത്രമായിരിക്കും. അതും കുറച്ച് അധികം സമയമെടുത്ത്. എന്നാൽ, ഒരു യാത്ര പോയാൽ വളരെ പെട്ടെന്ന് ആയിരിക്കും നമ്മൾ സഹയാത്രികരുമായി അടുക്കുന്നത്. പ്രത്യേകിച്ച് ട്രെക്കിന് ഒക്കെ പോകുമ്പോൾ. സോളോ ആയി ഒരു ട്രക്കിങ്ങിനു പോയാൽ തിരിച്ചുവരുമ്പോൾ രസകരമായ ഒരുപാട് ഓർമകളും ഒരു ഡസൻ കൂട്ടുകാരും ആയിരിക്കും ഒപ്പം കിട്ടുക. എന്തിനധികം പറയുന്നു സോളോ ട്രിപ്പിന് ഇടയിൽ ജീവിതപങ്കാളിയെ കണ്ടെത്തിയവരും അതിനുശേഷം പങ്കാളിയുമായി ഒന്നിച്ച് ലോകം കറങ്ങിയവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്തുകൊണ്ടാണ് യാത്രകൾ മനുഷ്യരെ ഇത്രയും അടുപ്പിക്കുന്നത്. എന്ത് മാന്ത്രികതയാണ് യാത്രകൾ യാത്രികർക്ക് നൽകുന്നത്.

യാത്രകളിൽ കണ്ടുമുട്ടുന്ന മനുഷ്യർ വളരെ പെട്ടെന്ന് തന്നെയാണ് അടുക്കുന്നത്. കാരണം, അവർക്ക് പറയാൻ ഒരുപാട് കഥകൾ കാണും. ആ കഥകൾ കേൾക്കാനും സ്വന്തം കഥ പറയാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഓരോ സഞ്ചാരിയും. അങ്ങനെ പരസ്പരം അനുഭവങ്ങളും ജീവിതകഥകളും പങ്കുവച്ച് പെട്ടെന്ന് തന്നെ കൂട്ടുകാരായി മാറും. യാത്രകൾ ഇഷ്ടപ്പെടുന്നവർ പൊതുവേ മറയില്ലാതെ സംസാരിക്കുന്നവർ ആയിരിക്കും. ജോലി സ്ഥലത്തെ അപേക്ഷിച്ച് യാത്രകളിൽ കണ്ടുമുട്ടുന്നവർ തമ്മിൽ ഏറ്റക്കുറച്ചിലുകളില്ല. ജോലിസ്ഥലത്ത് സീനിയർ - ജൂനിയർ, മാനേജർ - ട്രെയിനി എന്നിങ്ങനെ പല അതിർവരമ്പുകളും ഉണ്ടാകും. എന്നാൽ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവർ തമ്മിൽ അത്തരം അതിർവരമ്പുകളില്ല.

∙ അനുഭവങ്ങൾ പങ്കുവച്ച് ഒരേ മനസ്സാകുന്നവർ
ജോലി സ്ഥലങ്ങളിൽ എല്ലാവരും എപ്പോഴും ജോലിത്തിരക്കിൽ ആയിരിക്കും. എന്നാൽ യാത്രകൾ അങ്ങനെയല്ല. കാഴ്ചകൾ കണ്ട് മനസ്സ് നിറയ്ക്കാനും അനുഭവങ്ങളുടെ കഥകൾ പങ്കുവയ്കാനുമുള്ള അവസരം ആണ് ഓരോ യാത്രകളും. ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും അല്ലെങ്കിൽ യാത്രയ്ക്കിടയിൽ ഒരാളെ പുതുതായി കണ്ടുമുട്ടുമ്പോഴും കൂടുതൽ ആഴമേറിയ സൗഹൃദത്തിന് അവസരം ഒരുങ്ങുകയാണ്. യാത്രയിൽ ഉണ്ടാകുന്ന വെല്ലുവിളികളെയും സാഹസികതകളെയും ഒരുമിച്ചു മറി കടക്കുമ്പോൾ ആ സൗഹൃദം കൂടുതൽ ആഴമുള്ളതായി മാറുകയാണ്. കൂടാതെ ഓഫീസ് പൊളിറ്റിക്സ് പോലെയുള്ള ഒന്നിനും ഇവിടെ പ്രസക്തിയില്ല.

∙ തുറന്ന സംസാരം
ഓഫീസിൽ എപ്പോഴും ഒരു അധികാരശ്രേണി ഉണ്ടാകും. എന്നാൽ, യാത്രയിൽ കണ്ടുമുട്ടുന്നവർ തമ്മിൽ അങ്ങനെയൊന്നില്ല. അവരെ എപ്പോഴും ചേർത്തു നിർത്തുന്നത് യാത്രകളോടുള്ള പ്രിയമായിരിക്കും. കൂടാതെ, തുറന്ന് സംസാരിക്കുന്ന പ്രകൃതവും യാത്രികരെ പെട്ടെന്ന് തന്നെ പരസ്പരം അടുപ്പിക്കുന്നു. ജോലിസ്ഥലത്ത് മനസ്സ് തുറക്കുന്നതിനേക്കാൾ യാത്രയിൽ കണ്ടുമുട്ടുന്ന പുതിയ കൂട്ടുകാരോട് തുറന്ന് സംസാരിക്കാൻ ആളുകൾ പൊതുവേ താൽപര്യപ്പെടുന്നു. യാതൊരു വിധത്തിലുള്ള അതിർവരമ്പുകളും ഇവിടെ അവർക്ക് തടസ്സമാകുന്നില്ല.

∙ ഒരേ താൽപര്യം
സഞ്ചാരികളുടെ മനസ്സിൽ ഒരു താൽപര്യം മാത്രമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുക. അത് മറ്റൊന്നുമല്ല കൂടുതൽ കാഴ്ചകൾ, കൂടുതൽ ദൂരങ്ങൾ, കൂടുതൽ സ്ഥലങ്ങൾ അങ്ങനെ അങ്ങനെ ആയിരിക്കും. അതുകൊണ്ടു തന്നെ അവരുടെ ചർച്ചകളും എപ്പോഴും അങ്ങനെ ആയിരിക്കും. പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ചും പുതിയ യാത്രകളെക്കുറിച്ചും ആയിരിക്കും ചർച്ചകൾ. കൂടാതെ, സ്വാഭാവികമായുള്ള ഒരു കണ്ടുമുട്ടലാണ് യാത്രകളിൽ നടക്കുന്നത്. അത്തരം കണ്ടുമുട്ടലുകൾക്കും സൗഹൃദങ്ങൾക്കും കൂടുതൽ ആധികാരികതയും ഉണ്ടായിരിക്കും.
സോളോ ട്രിപ്പുകൾക്കിടയിലാണ് ഇത്തരം സൗഹൃദങ്ങൾ സംഭവിക്കുക. ഹോസ്റ്റലുകളും സോസ്റ്റലുകളും ഇത്തരം സൗഹൃദം കൈമാറുന്ന ഇടങ്ങളാണ്. ക്യാംപുകളും ഇത്തരം സൗഹൃദങ്ങൾ നമുക്കു നൽകുന്നു. സോഷ്യൽ ട്രാവൽ ആപ്പുകൾ മുഖേനയും സമാന മനസ്കരെ കണ്ടെത്താൻ കഴിയും. ഉത്സവങ്ങൾ, കമ്യൂണിറ്റി ഹബ്ബുകൾ സന്ദർശിക്കുന്നത്, വൊളണ്ടിയറിങ് എന്നിവയും ഇത്തരത്തിൽ പുതിയ ആളുകളെ കണ്ടെത്താൻ സഹായിക്കുന്നു. സോഷ്യൽ ട്രാവൽ ആപ്പുകളായ കൌച്ച് സർഫിങ്, മീറ്റപ്പ്, ബാക്ക് പാക്കർ പോലെയുള്ള പ്ലാറ്റ്ഫോമുകൾ സമാന ചിന്താഗതിയുള്ളവരെ കണ്ടെത്താൻ സഹായിക്കുന്നു. സൗഹാർദ്ദപരമായ സമീപനമാണ് നമ്മുടേതെങ്കിൽ കൂട്ടുകാർ നമ്മളെ തേടിയെത്തും. ഒപ്പം, തുറന്ന സംസാരവും മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സും ആഴമുള്ള സൗഹൃദങ്ങളെ നമുക്ക് സമ്മാനിക്കും. ഒരു സ്ഥലത്ത് കുറച്ച് അധികം സമയം താമസിക്കുന്നതും ഇത്തരത്തിൽ സൗഹൃദങ്ങൾ വളരാൻ കാരണമാകും.