‘അപ്പ അമേരിക്കയിൽ, ആരോഗ്യപ്രശ്നങ്ങളില്ല’; അഭ്യൂഹങ്ങൾ തള്ളി വിജയ് യേശുദാസ്

Mail This Article
ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. യേശുദാസ് അമേരിക്കയിലാണുള്ളതെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും വിജയ്‌യോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യാഴാഴ്ച രാവിലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങളുണ്ടായത്. ചില ഓൺലൈൻ മാധ്യമങ്ങൾ ഇതു വാർത്തയാക്കുകയും ചെയ്തു. എങ്ങനെയാണ് ഇത്തരമൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോടു കുടുംബത്തിന്റെ പ്രതികരണം. ആശുപത്രിവൃത്തങ്ങളും വാർത്ത വ്യാജമാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. ജനുവരി 10ന് അമേരിക്കയിലെ വീട്ടിൽ 85ാം പിറന്നാൾ ആഘോഷിച്ചു. ഇപ്പോഴും വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് ഗായകൻ. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിച്ചിരുന്നു.