ആധാരം നഷ്ടപ്പെട്ടോ?എന്തു ചെയ്യും?

Mail This Article
Q വീടു മാറുന്ന സമയത്ത് ആധാരം നഷ്ടപ്പെട്ടു. ഇതു കിട്ടുന്ന വ്യക്തിക്ക് പലിശക്കാരുടെ അടുത്തു പണയപ്പെടുത്താനാകുമോ?
A സാധാരണ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാലെ ബാങ്കുകൾ ലോൺ നൽകൂ. എന്നാലും ആധാരം നഷ്ടപ്പെട്ട വിവരം പത്രത്തിൽ പരസ്യം ചെയ്തശേഷം റജിസ്ട്രാർ ഓഫിസിൽനിന്നു കോപ്പി യെടുക്കുക. അത് ഒറിജിനലായി ഉപയോഗിക്കാം. അതുവഴി പണയപ്പെടുത്തലും തടയാം.

Q കരം അടയ്ക്കുന്നത് 30 സെന്റിനാണ്. പക്ഷേ, അളന്നപ്പോൾ 40 സെന്റുണ്ട്. അത് എന്റെ പേരിലേക്കു മാറ്റാനാകുമോ?
A ഇവിടെ രേഖകൾ പരിശോധിച്ചശേഷമേ ശരിയായ ഉത്തരം നൽകാനാകൂ. പൊതുവെ പറഞ്ഞാൽ സർക്കാരിൽനിന്നു പട്ടയം/ക്രയസർട്ടിഫിക്കറ്റ് വാങ്ങുകയാണു ചെയ്യേണ്ടത്.
Q ഒരു വ്യക്തിയിൽനിന്നു നേരിട്ടോ ബാങ്കുലേലത്തിലൂടെയോ സ്ഥലം വാങ്ങുമ്പോൾ എന്തൊക്കെ രേഖകളാണ് പരിശോധിക്കേണ്ടത്. അവയുടെ ആധികാരികത എങ്ങനെ ഉറപ്പാക്കാം?
A ആധാരം, മുന്നാധാരങ്ങൾ, പട്ടയം, ഭൂനികുതി രസീത്, ബിടിആർ, തണ്ടപ്പേര്‍ റജിസ്റ്റർ, കോറിലേഷൻ സർട്ടിഫിക്കറ്റ്, റെക്കോർഡ്സ് ഓഫ് റൈറ്റ്സ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, കെഎല്‍യു ഉത്തരവ്, ഡാറ്റാ ബാങ്ക്, ഗാര്‍ഡിയന്‍ ഒപി, കോടതി ഉത്തരവ്, ലേലസര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സർവേമാപ്പ്, ഒഴിവുമുറി, ഗഹാന്‍ റിലീസ് ഓര്‍ഡര്‍ എന്നിങ്ങനെ ഓരോ ഭൂമി വാങ്ങുമ്പോഴും രേഖകള്‍ മാറിക്കൊണ്ടിരിക്കും.
Q പാലക്കാട് പെരുവെമ്പിൽ നാലര ഏക്കർ സ്ഥലമുണ്ടായിരുന്നു. 125 വര്‍ഷത്തെ പേപ്പര്‍ എടുത്തപ്പോള്‍ അത്രയും കാണിക്കുന്നുമുണ്ട്. എന്നാൽ, ഇപ്പോള്‍ കൈവശം 60 സെന്റേയുള്ളൂ. 30-40 വര്‍ഷം മുൻപ് അവിടെ താമസിച്ചിരുന്നവർ അവരുടെ ഇഷ്ടത്തിനു വില്‍ക്കുകയായിരുന്നു. അവിടെയൊക്കെ ഇപ്പോൾ വീടുകളായി. ഈ സ്ഥലം മുഴുവന്‍ എന്റെ മുത്തച്ഛന്‍റെ മുത്തശ്ശിയുടേതായിരുന്നു. ഇതു ഞങ്ങള്‍ക്കു തിരിച്ചെടുക്കാനാകുമേ?
A വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങള്‍ക്കു രേഖാമൂലമുള്ള ഭൂമി അളന്നുതിരിച്ചു നല്‍കാന്‍ തഹസില്‍ദാര്‍ മുൻപാകെ അപേക്ഷ സമര്‍പ്പിക്കുക. അപ്രകാരം അളന്നുതിരിച്ചു നല്‍കുമ്പോള്‍ പ്രശ്ന പരിഹാരമാകും. എന്നാല്‍ ഇപ്പോള്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ കോടതിയെ സമീപിച്ചേക്കാം.
Q സ്ഥലത്തിന്‍റെ ലൊക്കേഷന്‍ സ്കെച്ചില്‍ മാറ്റംവന്നാല്‍ എങ്ങനെ ശരിയാക്കാം?
A ലൊക്കേഷന്‍ സ്കെച്ചില്‍ മാറ്റംവന്നാല്‍ വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നൽകുക. തീരുമാനം ആകാത്തപക്ഷം തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കാം.

Q പിതാവിന്‍റെ ഒരു ഏക്കർ സ്വത്തിൽനിന്ന് 30 സെന്‍റ് 2002ൽ എനിക്കു ദാനാധാരം ചെയ്തു തന്നു. കിഴക്കേ അതിര് തീര്‍ത്താണ് തന്നത്. വടക്ക് മെയിന്‍റോഡും തെക്കും പടിഞ്ഞാറും തന്നില്‍ ശേഷവുമാണ്
അതിര്. 2019ല്‍ സഹോദരന് 35 സെന്‍റ് പിതാവ് ദാനാധാരമായി കൊടുത്തപ്പോൾ കിഴക്കു വശത്തുകൂടി 10 അടി വഴി കാണിച്ചിട്ടുണ്ട്. എന്‍റെ ആധാരത്തില്‍ ഇതില്ല. വസ്തുവിലേക്കു കടക്കാന്‍ സഹോദരന് പടിഞ്ഞാറ് 3 അടി വഴിയും ഈ വശത്തു സ്ഥലവുമുണ്ട്. ഞാന്‍ ഒരു സ്ഥലവും വാക്കാലോ രേഖയാലോ ഒരു സൈഡിലും കൊടുത്തിട്ടില്ല. പിതാവും സഹോദരനും ചേര്‍ന്ന് 10 അടി സ്ഥലം കൈവശംവച്ചിരിക്കുകയാണ്. തിരിച്ചെടുക്കാന്‍ എന്താണ് ചെയ്യേണ്ടത്.
A നിങ്ങളുടെ സ്ഥലം അളന്നുതിരിച്ചു നല്‍കാന്‍ തഹസില്‍ദാര്‍ മുൻപാകെ അപേക്ഷ സമര്‍പ്പിക്കുക. അപ്രകാരം അളന്നുതിരിച്ചു നല്‍കുമ്പോള്‍ പ്രശ്നപരിഹാരം ആകും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുക.
Q എന്‍റെ ഭര്‍ത്താവ് വാങ്ങിയ 16 സെന്റ് ഈടായി നൽകി എടുത്ത വായ്പ അദ്ദേഹംതന്നെ അടച്ചുതീർത്തു. അദ്ദേഹം മരിച്ചശേഷം ബാങ്ക് രേഖകള്‍ നല്‍കിയപ്പോഴാണ് സ്ഥലത്തെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും ആ സ്ഥലത്ത് വേറൊരാള്‍ രേഖയുണ്ടാക്കി വീടു കെട്ടി. സ്ഥലം തിരിച്ചുകിട്ടാന്‍ എന്തുചെയ്യണം?
A റവന്യുവകുപ്പിലും റജിസ്ട്രാര്‍ വകുപ്പിലും പരാതി നല്‍കുക. സമയ ബന്ധിതമായി തീര്‍പ്പാക്കാതെയിരിക്കുകയോ അനുകൂല തീരുമാനം ലഭിക്കാതിരിക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുക.
Q എന്‍റെ പേരില്‍ 10 സെന്റുണ്ടെങ്കിലും 7 സെന്‍റിനു മാത്രമേ പട്ടയം കാണുന്നുള്ളൂ, ബാക്കിക്ക് പട്ടയംകിട്ടാൻ എന്താണു ചെയ്യേണ്ടത്?
A പട്ടയം നല്‍കിയ ഓഫിസില്‍ പട്ടയം നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇല്ലാത്ത പക്ഷം പട്ടയത്തിനായി അപേക്ഷിക്കാം.
Q പട്ടയത്തിൽ 65 സെന്‍റാണെങ്കിലും അളന്നപ്പോള്‍ 90 സെന്‍റോളം ഉണ്ട്. നാലു സൈഡും ഇടവഴിയും പഞ്ചായത്തുറോഡുമാണ്. 60ന് അടുത്ത് ദാനമായും തീറായും കൊടുത്തു. ബാക്കിയുള്ളതിനു പട്ടയം കിട്ടിയാലേ ദാനം കൊടുക്കാന്‍ പറ്റുകയുള്ളൂ?
A പട്ടയംകിട്ടാത്ത ഭൂമി നിയമപ്രകാരം കൈമാറാന്‍ സാധിക്കില്ല.
Q സുഹൃത്തിന്റെ അമ്മയുടെ ഒസ്യത്തുപ്രകാരം അവരുടെ മരണശേഷം സുഹൃത്തും സഹോദരിയും സ്ഥലം അവരുടെ പേരിലേക്കു വില്ലേജിൽ കരം അടച്ച് നടത്തിയെടുത്തു. എന്നാൽ വില്‍പത്രത്തിലെ ആധാര വർഷം തെറ്റായതിനാൽ (1970നു പകരം 1980) തിരുത്ത് ആധാരം നടത്താൻ ബുദ്ധിമുട്ടാണ്. ആധാരത്തില്‍ ഒപ്പിട്ട പലരും അതിനു തയാറല്ല. കോടതിയിൽ പോകാതെ പ്രശ്നം പരിഹരിക്കാനാകുമോ?
A തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കുക. നടപടി ഇല്ലാത്തപക്ഷം കോടതിയില്‍ പോകേണ്ടിവരും.
Q അളന്നപ്പോള്‍ ആധാരത്തിലുള്ളതിലും കൂടുതല്‍ സ്ഥലമുണ്ട്. അയല്‍പക്കത്തുള്ളവര്‍ ആരും അവകാശം ഉന്നയിച്ചിട്ടുമില്ല. റെഗുലറൈസ് ചെയ്യാന്‍ സാധിക്കുമോ?
A റെഗുലറൈസ് ചെയ്യുകയല്ല, പട്ടയം/ക്രയസര്‍ട്ടിഫിക്കറ്റ് എടുക്കുകയാണ് വേണ്ടത്.
Q പട്ടികവര്‍ഗത്തിൽപെട്ട ഞാന്‍ സ്വന്തം സമ്പാദ്യംകൊണ്ട് പൊതുവിഭാഗത്തില്‍പെട്ട ആളില്‍നിന്നും 9 സെന്‍റ് വാങ്ങി. ടി വസ്തു വില്‍ക്കുന്നതിനു ഞാന്‍ കലക്ടറുടെ അനുവാദം വാങ്ങേണ്ടതുണ്ടോ?
A പൊതുവിഭാഗത്തില്‍പെട്ട ആൾക്കാണ് വില്‍ക്കുന്നതെങ്കില്‍ കലക്ടറുടെ അനുമതി വാങ്ങണം.
Q എനിക്കു ഡാറ്റാബാങ്കില്‍പെടാത്ത 82 സെന്‍റ് ഭൂമിയുണ്ട്. ഇതു കരഭൂമിയായി തരംമാറ്റുമ്പോള്‍ 10% ജലസംരക്ഷണത്തിനായി മാറ്റിവയ്ക്കണം എന്നു പറയുന്നു. 40 സെന്‍റ് ഭൂമി മറ്റൊരാൾക്ക് വിറ്റാല്‍ രണ്ടു പേരും 10% ഇങ്ങനെ മാറ്റിവയ്ക്കണോ?
A ഒരു അപേക്ഷയില്‍ അനുമതി നല്‍കുന്ന ഭൂമി 20.23 ആര്‍ കവിഞ്ഞാല്‍ മാത്രമേ 10% ജലസംരക്ഷണത്തിനായി മാറ്റിവയ്ക്കേണ്ടതുള്ളൂ.
ഭൂമി വിൽക്കുമ്പോഴേ പോക്കുവരവ്
ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വിൽക്കാനും വാങ്ങാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കാം. ഭൂമി വിൽക്കുമ്പോൾതന്നെ പുതിയ ഉടമസ്ഥനിേലക്ക് ‘പോക്കു വരവ്’ നടത്തുന്ന സംവിധാനവും നിലവിൽ വരും. ‘ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ. കൈമാറുന്ന ഭൂമിയുടെ വിസ്തീർണം അനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരും. അതിനാൽ വില്ലേജുകളിലേക്ക്
‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷ വേണ്ട. സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള േരഖ മാത്രം എന്നും ഇനി മുതൽ രേഖപ്പെടുത്തും..
ഭൂമി കൈമാറ്റം: സ്കെച്ചിലെ നിറം നോക്കി വേണം
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി വിൽക്കാനും വാങ്ങാനും ശ്രമിക്കുന്നവർ ഭൂമി സ്കെച്ചുകൾ ഓൺലൈനായി പരിശോധിക്കുക. അതിൽ മഞ്ഞയും ചുവപ്പും നിറങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാഗ്രതാ പാലിക്കണം. ഗൗരവമായ പരാതികളുള്ള സ്കെച്ചുകളാണെന്നാണ് ഈ നിറങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമി വിൽക്കാൻ ഒരു വ്യക്തി അപേക്ഷിച്ചാൽ പരാതിയുള്ള ഭൂരേഖയാണെങ്കിൽ സർവേ സ്കെച്ചിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലൊന്ന് നൽകിയിട്ടുണ്ടാകും.
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.