വിപണി ചാഞ്ചാട്ടത്തെ നേരിടാം, ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ

Mail This Article
ഹിന്ദുപുരാണമനുസരിച്ച് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൂമിയെ പ്രതിനിധീകരിക്കുന്ന ബ്രഹ്മാവ് എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. വിഷ്ണു ജലത്തിന്റെ പ്രതിനിധിയും ജീവന്‍റെ സംരക്ഷകനുമാണ്. അഗ്നിയെ പ്രതിനിധീകരിക്കുന്ന ശിവനാകട്ടെ, തിന്മയെ നശിപ്പിക്കുന്ന ദൈവവും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയിലൂടെ ഇവർ മൂവരും ചേർന്നു പ്രപഞ്ചത്തിന്‍റെ മൊത്തം ചലനത്തെ നിയന്ത്രിക്കുന്നു എന്നാണു വിശ്വാസം.
അതുപോലെ, ഓഹരി വിപണിയുടെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ, ഓഹരികൾ ദീർഘകാല വളർച്ച നൽകുന്ന സ്രഷ്ടാവിനെപ്പോലെയാണ്. ഡെറ്റ് പോർട്ട്ഫോളിയോയ്ക്ക് സ്ഥിരത നൽകും. സ്വർണംപോലുള്ളവ വിപണി ചാഞ്ചാട്ടത്തിലും നിക്ഷേപകനു കരുത്തും നിലനിൽപും പകരും. ഓഹരി, കടപ്പത്രം, സ്വർണം എന്നിവയെ ഒരു പോർട്ട്‌ഫോളിയോയിലെ ത്രിമൂർത്തികളെന്നു വിശേഷിപ്പിക്കാം. നിലവിലെ വിപണി കണക്കിലെടുക്കുമ്പോൾ, ഈ ത്രിമൂർത്തികളിലെ നിക്ഷേപം അനിവാര്യമാണ്.

ആഭ്യന്തര ഓഹരി സൂചികകൾ സെപ്‌റ്റംബറോടെ ഇടിയാൻതുടങ്ങിയതാണ്. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് പ്രധാന കാരണം. ഡിസംബറിൽ പണപ്പെരുപ്പനിരക്ക് കുറഞ്ഞെങ്കിലും ഫെബ്രുവരിയില്‍ റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമോ എന്നതു കാത്തിരുന്ന് അറിയണം. ഡോണാൾഡ് ട്രംപിന്‍റെ രണ്ടാം വരവിൽ കാത്തിരിക്കുന്ന വ്യാപാരയുദ്ധങ്ങൾ, ശക്തമായ യുഎസ് ഡോളർ, യുഎസ് ട്രഷറി വരുമാനം, മിഡിൽ ഈസ്റ്റ്, റഷ്യ-യുക്രെയ്‌ന്‍ രാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയെല്ലാം ആഗോളതലത്തിൽ വിപണിയെ ഇനിയും സ്വാധീനിക്കും.
ഈ ഘട്ടത്തിൽ നിക്ഷേപം ഓഹരികളിൽ അമിതമായി കേന്ദ്രീകരിക്കാതെ കടപ്പത്രം, സ്വർണം എന്നിവയിൽക്കൂടി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഒരു മൾട്ടി അസറ്റ് സ്ട്രാറ്റജി തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഇത്തരത്തിൽ ഒരു മൾട്ടി അസറ്റ് തന്ത്രം ഏറ്റവും ലളിതമായും കാര്യക്ഷമമായും നടപ്പിലാക്കാൻ കഴിയുക മ്യൂച്വൽ ഫണ്ടിലൂടെയാണ്.
മൾട്ടി അസെറ്റ് മ്യൂച്വൽഫണ്ടുകൾ ഇക്വിറ്റി, ഡെറ്റ്, സ്വർണം എന്നിവയിൽ ആനുപാതികമായി നിക്ഷേപിച്ച് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം ഉറപ്പാക്കും. അതുകൊണ്ടുതന്നെ ഒരു നിക്ഷേപ ആസ്തിയില്‍ ഇടിവുണ്ടായാലും നിങ്ങളുടെ നേട്ടം വലിയതോതിൽ ഇടിയാതെ സംരക്ഷിക്കാൻ മൾട്ടി അസെറ്റ് ഫണ്ടിനു സാധിക്കും.
ഒരു നിക്ഷേപ ആസ്തിയില്‍ ഇടിവുണ്ടായാലും നിങ്ങളുടെ നേട്ടം വലിയ തോതിൽ ഇടിയാതെ സംരക്ഷിക്കാൻ മൾട്ടി അസെറ്റ് ഫണ്ടിനു സാധിക്കും. മൾട്ടി അസെറ്റ് ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി അസെറ്റ് ഫണ്ട്. ഈ ഫണ്ട് തുടക്കംമുതൽ ഇതുവരെയുള്ള 22 വർഷ കാലയളവിൽ ശരാശരി 16% (CAGR) നേട്ടംനൽകിയിട്ടുണ്ട്. ചാഞ്ചാട്ടങ്ങൾ ഏറെക്കണ്ട കഴിഞ്ഞ ഒരു വർഷം നൽകിയത് 16.8% ആണ്. മൂന്ന്–അഞ്ച് വർഷക്കാലയളവിൽ യഥാക്രമം 18.5ഉം 20.7ഉം ശതമാനം വീതം ആദായം നൽകിയിട്ടുണ്ട്.
ലേഖകൻ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്