വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു, പ്രശ്നം ഒരേ തരം ബിസിനസിന്റെ ആധിക്യം

Mail This Article
മീനായാലും ‘പലോഞ്ഞനം’ ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിഫ്ലോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്. നഗരത്തിൽ നാലു റോഡുകൾ ചേരുന്ന പ്രധാന കവലകളിലൊന്ന്. നാലു റോഡുകളിലും മൂലയിൽതന്നെ സൂപ്പർമാർക്കറ്റുകൾ.
പഴയതരം സ്റ്റോർ അൽപം വിപുലമാക്കിയതാണ് സൂപ്പർമാർക്കറ്റ്. ഇതു പോരാഞ്ഞിട്ട് ചെറിയ സ്റ്റോറുകൾ അഞ്ചാറെണ്ണമെങ്കിലും പരിസരങ്ങളിലുണ്ട്. എല്ലായിടത്തും ഒരേ ഉത്പന്നങ്ങൾപലചരക്കും സ്റ്റേഷനറിയും. പിന്നെങ്ങനെ കച്ചവടം നടക്കും? അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പൂട്ടുന്നത് ഇത്തരം സ്റ്റോറുകളാണ്. പക്ഷേ, അതിന്റെ പഴി വലിയ മാളുകൾക്കും ഇന്ത്യൻ കോർപറേറ്റ് കമ്പനികളുടെ സൂപ്പർമാർക്കറ്റുകൾക്കും പിന്നെ ഓൺലൈൻ വിൽപനയ്ക്കുമാണ്.

ഓൺലൈനിൽ വാങ്ങാനും മാളിൽ നിന്നു വാങ്ങാനും പലപ്പോഴും ചെലവു കൂടുതലാണ്. ഒരു കിലോ പഞ്ചസാരയ്ക്കോ, കാബേജിനോ വില നോക്കി വാങ്ങുന്നവർ വിലക്കുറവുള്ള സ്ഥലത്തു നിന്നേ വാങ്ങൂ. കിലോ 2 രൂപ കുറവെങ്കിൽ അവിടെ നിന്ന്. അപ്പോൾ പ്രശ്നം മാളും ഓൺലൈനുമല്ല, ഒരേ തരം ബിസിനസിന്റെ ആധിക്യമാണ്.
കേരളത്തിൽ ഈ പ്രശ്നം പണ്ടുമുതലേയുണ്ട്. ആരെങ്കിലും ഒരു ബിസിനസ് ചെയ്തു വിജയിച്ചാൽ പിന്നെ അതിനെ അനുകരിക്കാൻ നൂറുകണക്കിനാള് വരും. കുറച്ചുകാലം മുൻപ് മീൻകച്ചവടം ഇങ്ങനെ പച്ചപിടിച്ചിരുന്നു. എവിടെ നോക്കിയാലും സ്റ്റീൽ മീൻ തട്ടുകൾ. ഭൂരിഭാഗവും പൂട്ടി. വിൽക്കുന്നതു പെരിഷബിൾ കമോഡിറ്റിയാണെന്നും നഷ്ടം കുമിയാമെന്നും ആരും ഓർത്തില്ല.
മീനായാലും ‘പലോഞ്ഞനം’ ആയാലും വസ്ത്രങ്ങൾ ആയാലും ഒരു നാട്ടിലെ മണിഫ്ലോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്. ആറു മാസത്തിനകം പൂട്ടുവീഴുന്നു. അങ്ങനെ ആറു മാസംപോലും നിലനിൽക്കാത്ത ബിസിനസുകളിൽ നമ്പർ വൺ ബുട്ടീക്കുകളാണ്.

വീട്ടിൽ കാശുള്ളതുകൊണ്ടു മാത്രം ബുട്ടീക്കുകൾ തുടങ്ങുന്നു. കൊൽക്കത്തയിലും മറ്റും പോയി കലംകാരിയും ‘കുളംകോരി’യും ഡിസൈനുകൾ കൊണ്ടു വരുന്നു. ദിവസം ഒരെണ്ണംപോലും വിൽക്കുന്നില്ലെന്ന സ്ഥിതിവരുമ്പോൾ പൂട്ടും. എസിപോലും തിരിച്ചെടുക്കാതെ സ്ഥലംവിടുന്നവരുണ്ട്.
ലാസ്റ്റ്പോസ്റ്റ്: കോഫീഷോപ്പുകളാണ് വേറൊരു സൂക്കേട്. വൻ മുതൽമുടക്കു നടത്തുന്നു. പക്ഷേ, ആളില്ല. കടംകേറി കഫെ കോഫി ഡേ ചെയിൻ ഉടമ ആത്മഹത്യ ചെയ്യേണ്ടിവന്ന ബിസിനസാണിത്.
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ∙
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്