വീണ്ടും ട്രംപാഘാതം; സെൻസെക്സ് 1,000 പോയിന്റിടിഞ്ഞു, നഷ്ടം 7 ലക്ഷം കോടി, വീണുടഞ്ഞ് ഐടിയും വാഹനവും

Mail This Article
ആഗോള വ്യാപാരയുദ്ധത്തിന് കളംതുറന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം, രാജ്യാന്തരലത്തിൽ ഓഹരി വിപണികളെ ചോരപ്പുഴയാക്കി. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സ് 1,000ലേറെ പോയിന്റ് ഇടിയുകയും നിക്ഷേപക സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) നിന്ന് 7 ലക്ഷം കോടിയിലേറെ രൂപ ഒലിച്ചുപോവുകയും ചെയ്തതോടെ, ഇന്നത്തെ ദിവസം നിക്ഷേപകർക്ക് ‘ദുഃഖ വെള്ളി’യായി.
കാനഡ, മെക്സിക്കോ എന്നിവയ്ക്കുമേൽ ചുമത്തുന്ന 25% ഇറക്കുമതി തീരുവ മാർച്ച് 4ന് നിലവിൽ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരികളെ ആഗോളതലത്തിൽ ചുവപ്പണിയിച്ചത്. ചൈനയ്ക്കുമേൽ ചുമത്തുന്ന 10% അധിക തീരുവയും മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നത് വ്യാപാരയുദ്ധം കലുഷിതമാക്കും.
ഇന്ത്യയെയും വെറുതെ വിടാൻ ട്രംപ് ഉദ്ദേശിച്ചിട്ടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ തത്തുല്യ താരിഫ് (Reciprocal Tariff) ഏപ്രിൽ മുതൽ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ എത്ര ഇറക്കുമതി തീരുവ ചുമത്തുന്നോ അതേ നാണയത്തിൽ അമേരിക്ക തിരിച്ചടിക്കും. ഇന്ത്യയ്ക്കത് കനത്ത ആഘാതമാകും. കാരണം, അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ 100% വരെ തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്നത് 20 ശതമാനത്തിലും താഴെ.
ഐടിക്കും വാഹനത്തിനും വൻ ഇടിവ്
തത്തുല്യ താരിഫ് ഈടാക്കാനുള്ള യുഎസിന്റെ നീക്കം, വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയിൽ നിന്ന് നേടുന്ന ഇന്ത്യയുടെ ഐടി, ഫാർമ കമ്പനികൾക്കാണ് കൂടുതൽ ആഘാതമാകുക. ഇന്ന് ഏറ്റവുമധികം നഷ്ടം നേരിടുന്നതും ഐടി ഓഹരികളാണ്. നിഫ്റ്റി ഐടി സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞു. വിശാല വിപണിയിൽ എല്ലാ ഓഹരികളും ചുവന്നു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ നിഫ്റ്റി ഓട്ടോ 2.86%, മീഡിയ 2.68%, പൊതുമേഖലാ ബാങ്ക് 1.61%, മെറ്റൽ 1.24%, ഫാർമ 1.43%, റിയൽറ്റി 1.09%, ഹെൽത്ത്കെയർ 1.52% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുൻപന്തിയിലുണ്ട്.
നിഫ്റ്റി50ൽ ടെക് മഹീന്ദ്ര 5.71% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതായി. ഇൻഡസ്ഇൻഡ് ബാങ്ക് 5.31%, വിപ്രോ 4.43%, മാരുതി സുസുക്കി 4.08%, ഇൻഫോസിസ് 3.93% എന്നിങ്ങനെയും ഇടിഞ്ഞ് തൊട്ടടുത്തുണ്ട്. ബിഎസ്ഇയിലും ടെക് മഹീന്ദ്ര 5.80% കൂപ്പുകുത്തി നഷ്ടത്തിൽ ഒന്നാംസ്ഥാനത്താണ്. ഇൻഡസ്ഇൻഡ് ബാങ്ക് 5.26%, മാരുതി സുസുക്കി 4.06%, ഇൻഫോസിസ് 3.99%, എച്ച്സിഎൽ ടെക് 3.95%, ടിസിഎസ് 3.60%, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.32%, ടൈറ്റൻ 3.32%, ടാറ്റാ മോട്ടോഴ്സ് 2.74% എന്നിങ്ങനെയും ഇടിഞ്ഞു.
തുടർച്ചയായ 5-ാം മാസമാണ് ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്നത്തെ നഷ്ടം നികത്തിയില്ലെങ്കിൽ 1996ന് ശേഷമുള്ള നിഫ്റ്റിയുടെ ഏറ്റവും ദൈർഘ്യമേറിയ നഷ്ടയാത്രയുമായിരിക്കും അത്.
വീഴ്ചയുടെ മറ്റു കാരണങ്ങൾ
ട്രംപിന്റെ താരിഫ് ഭീഷണിയെ തുടർന്ന് യുഎസ്, ഏഷ്യൻ ഓഹരികൾ ഇടിഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചു. യുഎസിൽ നാസ്ഡാക് 2.78%, ഡൗ ജോൺസ് 0.45%, എസ് ആൻഡ് പി500 1.59% എന്നിങ്ങനെ നഷ്ടത്തിലായി. ചിപ് നിർമാതാക്കളായ എൻവിഡിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 8 ശതമാനത്തിലധികം ഇടിഞ്ഞത് ആഗോളതലത്തിൽ തന്നെ ഐടി ഓഹരികളെ സമ്മർദത്തിലാക്കി. പ്രവർത്തനഫലം ഇക്കുറി മോശമാകുമെന്ന എൻവിഡിയയുടെ സ്വയംവിലയിരുത്തലും ഓഹരികളെ ഉലച്ചു.
ഇന്ത്യയുടെ ഡിസംബർപാദ ജിഡിപി വളർച്ചാക്കണക്ക് ഇന്നറിയാം. കണക്കുകൾ എന്താകുമെന്നത് സംബന്ധിച്ച ആശങ്കകളും നിഴലിക്കുന്നുണ്ട്. താരിഫ് പോരുമൂലം മറ്റ് കറൻസികള്‍ക്കെതിരെ ഡോളർ ശക്തമാകുന്നതും വിദേശ നിക്ഷേപത്തിലെ നഷ്ടവും ഇന്ത്യൻ ഓഹരി വിപണികൾക്ക് തിരിച്ചടിയാകുന്നു. 2025ൽ ഇതുവരെ മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 1.13 ലക്ഷം കോടി രൂപയാണ്. ഏഷ്യയിൽ ഹോങ്കോങ് വിപണി 2.3%, ഷാങ്ഹായ് 1.24%, ജാപ്പനീസ് നിക്കേയ് 2.69%, ദക്ഷിണ കൊറിയൻ വിപണി 3.42%, ഓസ്ട്രേലിയൻ വിപണി 1.16% എന്നിങ്ങനെയും വീണു.
കേരള ഓഹരികളുടെ പ്രകടനം
കേരളത്തിൽ നിന്നുള്ള കമ്പനികളിൽ പ്രൈമ അഗ്രോ 5.15% ഉയർന്നിട്ടുണ്ട്. ആഡ്ടെക് സിസ്റ്റംസ് 2.56%, സഫ സിസ്റ്റംസ് 2%, ബിപിഎൽ 1.5% എന്നിങ്ങനെയും ഉയർന്ന് ഭേദപ്പെട്ട പ്രകടനം നടത്തുന്നു. അതേസമയം ജിടിഎൻ ടെക്സ്റ്റൈൽസ് 7.12%, ഫാക്ട് 5.35%, കിറ്റെക്സ് 5%, സോൾവ് പ്ലാസ്റ്റിക് 5%, സെല്ല സ്പേസ് 4.9%, കിങ്സ് ഇൻഫ്ര 4.45%, പോപ്പുലർ വെഹിക്കിൾസ് 3.59% എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്. മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, വി-ഗാർഡ്, ജിയോജിത്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക്, നിറ്റ ജെലാറ്റിൻ, ഫെഡറൽ ബാങ്ക് തുടങ്ങിയവ 1-3.7% നഷ്ടത്തിലും വ്യാപാരം ചെയ്യുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business