ക്രിക്കറ്റിന്റെ ദൈവത്തിന് പോലും അസാധ്യമായത് സാധ്യമാക്കിയ ധോണി!

Mail This Article
നൂറ്റാണ്ടുകളായി ഇന്ത്യയെ അടക്കി ഭരിച്ച, ഇവിടെ നിന്ന് കടത്താവുന്നതെല്ലാം കടത്തിക്കൊണ്ടു പോയ ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് കളിക്കാൻ ഒരു പന്ത് നൽകിയിരുന്നു. ആ പന്തുമായി ഇന്ത്യക്കാർ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കപിൽ നയിച്ച ‘ചെകുത്താൻ പട’ 1983 ൽ ഇംഗ്ലണ്ടിൽ പോയി ലോകകപ്പും കൊണ്ടുവന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു അത്. ആ ലോകകിരീടത്തിന് പിന്നാലെ ക്രിക്കറ്റ് എന്ന കളി ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസത്തിന്റെ വരവോടെ ക്രിക്കറ്റ് എന്നാൽ ഇന്ത്യക്കാർക്ക് ഒരു മതവും സച്ചിൻ അവരുടെ ദൈവവുമായി. പക്ഷെ അപ്പോഴും 1983 ന് ശേഷം ഒരു ലോകകപ്പ് ഇന്ത്യയിലെത്തിയിരുന്നില്ല. ക്രിക്കറ്റിന്റെ ദൈവത്തിന് പോലും അസാധ്യമായത് സാധ്യമാക്കിയ ഒരു മനുഷ്യന്റെ കഥ ആരംഭിക്കുന്നത് അവിടെ നിന്നാണ്.
സച്ചിനും ദാദയ്ക്കും പിന്നാലെ
സച്ചിൻ പുറത്തായാൽ ടിവി ഒാഫ് ആക്കുന്ന ഒരു ക്രിക്കറ്റ് കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. അവിടെ നിന്നും ദാദ എന്ന സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ചുയർത്തി. പിന്നാലെ മഹേന്ദ്ര സിങ് ധോണി എന്ന ഇതിഹാസ നായകന്റെ കൈപിടിച്ച് ക്രിക്കറ്റിന്റെ കൊടുമുടികളെല്ലാം ഇന്ത്യ കീഴടക്കി. വെടിക്കെട്ട് ബാറ്ററിൽ നിന്നും ക്യാപ്റ്റൻ കൂളിലേക്കുള്ള അയാളുടെ പരിണാമം ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി ഉടച്ചുവാർത്തു. ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ ഒരു പട തന്നെയുണ്ടായിരുന്ന ഇന്ത്യയെ നയിക്കാൻ ഒരു റാഞ്ചിക്കാരൻ നടത്തിയ പരകായപ്രവേശമായിരുന്നില്ല അയാളുടെ നായകത്വം. അതിനായി മുടി മുറിച്ച് ധോണി സ്വയം പാകപ്പെട്ടു.

ധോണി എന്ന വിക്കറ്റ് കീപ്പർ
ടോപ് ഒാർഡറിൽ വെടിക്കെട്ട് സൃഷ്ട്ടിക്കാൻ കഴിവുള്ള ധോണി പിന്നിലേക്ക് മാറി ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഫിനിഷറുടെ ദൗത്യമേറ്റെടുത്തു. ആനന്ദിപ്പിക്കുകയല്ല വിജയിപ്പിക്കുകയാണ് ഒരുനായകന്റെ കടമയെന്ന് അയാൾ വിശ്വസിച്ചു. 5, 6 പൊസിഷനുകളിലിറങ്ങി കൈവിട്ട കളികളെ തിരിച്ചു പിടിച്ചും, ചേസിങ് മത്സരങ്ങളിൽ പുറത്താകാതെ നിന്ന് ഭൂരിഭാഗം മത്സരങ്ങളും ജയിപ്പിച്ചും ധോണി ഇന്ത്യയുടെ രക്ഷകനായി. അയാളുടെ സാന്നിധ്യം പോലും എതിരാളികളെ ഭയപ്പെടുത്തി. ധോണി എന്ന മാസ്റ്റർ ബ്രെയിന് തന്റെ ബുദ്ധികൊണ്ട് മാത്രം കളി ജയിപ്പിക്കാൻ കഴിയുമെന്ന് ഇതിഹാസങ്ങൾ പോലും തീർത്തു പറഞ്ഞു. സ്റ്റംപിന് പിന്നിൽ നിന്ന് ബാറ്റർമാരുടെ ഒാരോ ചെറു ചലനങ്ങളും സൂഷ്മമായി നിരീഷിച്ച് കിട്ടുന്ന അവസരത്തിൽ അവരെ വകവരുത്തുന്ന ധോണി എന്ന വിക്കറ്റ് കീപ്പർ ഒരത്ഭുതമാണ്, അയാൾ സ്റ്റംപിന് പിന്നിലുണ്ടെങ്കിൽ ഇറങ്ങികളിക്കാൻ പോലും എതിരാളികളുടെ മുട്ട് വിറക്കും, വിക്കറ്റ് കീപ്പിങ്ങിൽ അയാൾ തന്റെ ഹീറോയായ ആഡം ഗിൽക്രിസ്റ്റിനെപ്പോലും അതിശയിപ്പിച്ചു..
ബംഗ്ലാദേശിനെതിരെ 2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങിലായിരുന്നു ധോണിയുടെ ഏകദിന അരങ്ങേറ്റം. ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങി. പിന്നീട് മൂന്ന് ഇന്നിംഗ്‌സിലും 12,7,3 എന്നീ സ്‌കോറുകളില്‍ പുറത്തായി. എന്നാല്‍, സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ ദീര്‍ഘവീക്ഷണം ധോണിയെന്ന താരത്തെ കണ്ടെത്തി. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പതിവ് തെറ്റിച്ച് രണ്ടാമനായി ക്രീസിലെത്തിയ ധോണി തന്റെ വിധി മാറ്റിയെഴുതി. 123 പന്തില്‍ 148 റണ്‍സോടെ തകര്‍ത്താടിയ റാഞ്ചിക്കാരന്‍ തൊട്ടടുത്ത മത്സരത്തിലും സെഞ്ച്വറി നേടി. ആ കിടിലൻ ഇന്നിങ്സുകൾ ടീമിൽ ധോണിയുടെ ഇടം ഉറപ്പിച്ചു.

ട്വന്റി20 ലോകകപ്പ്
2007ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായത് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ചിരുന്നു. സച്ചിന്‍ തെൻഡുല്‍കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദർ സെവാഗ്, യുവരാജ് സിങ് തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരന്നിട്ടും ബംഗ്ലദേശിനെതിരെ തോറ്റ് തലകുനിച്ച് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്ന താരങ്ങളുടെ കോലങ്ങൾ തെരുവിൽ തീയിട്ടു. അതേ വര്‍ഷമാണ് ഐസിസി ട്വന്റി20 ലോകകപ്പ് അവതരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ആ ടൂർണമെന്റിൽ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം വിട്ടുനിന്നു. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. സേവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയവരെല്ലാം അന്ന് ടീമിലുണ്ടായിരുന്നിട്ടും സച്ചിനാണ് ധോണിയെ പടനയിക്കാൻ കണ്ടെത്തിയത്. ട്വന്റി20യോട് ഇന്ത്യ അത്ര താൽപര്യം കാട്ടാത്ത നാളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിലേക്കു പറന്ന ധോണിയുടെ സംഘം ഇന്ത്യയിൽ അണഞ്ഞുപോയ ക്രിക്കറ്റ് ആവേശം ആളിക്കത്തിച്ചു.
ധോണി എന്ന ക്രിക്കറ്റർ
ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് ഇന്ത്യയുടെ യുവരാജാവ് ആറാടിയ മത്സരമുൾപ്പടെ ആ സൈന്യം ഒന്നിന് പിന്നാലെ ഒന്നായി ജയിച്ച് കയറി. ഫൈനലില്‍ പാകിസ്ഥാന് ജയിക്കാന്‍ ആറ് പന്തില്‍ 13 റണ്‍സ് വേണമെന്നിരിക്കെ അവസാന ഓവറില്‍ പന്തെറിയാന്‍ ഹര്‍ഭജന്‍ സിങ് എന്ന മികച്ച കളിക്കാരന്‍ ഉണ്ടായിട്ടും ജോഗീന്ദര്‍ ശര്‍മയെന്ന മീഡിയം പേസര്‍ക്ക് പന്ത് നല്‍കി ധോണി ഞെട്ടിച്ചു. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകളുടെ ആകാശത്തേക്ക് പറന്ന പന്തിനെ മലയാളയായ ശ്രീശാന്ത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. ഇന്ത്യ അദ്ഭുത കിരീടം ചൂടി. പിന്നാലെ ധോണി എന്ന ക്രിക്കറ്റർ ഇന്ത്യയിൽ ഒരു ട്രെൻറായി മാറി. ഇതിഹാസ താരങ്ങളുടെ ലെജൻഡ് ബുക്കിൽ ഇന്ത്യക്കാർ ധോണിയെന്ന പേരെഴുതി..

2011 ലോകകപ്പ് ഇന്ത്യക്ക് വൈകാരികമായിരുന്നു. സച്ചിന്‍ തെൻഡുല്‍ക്കറെന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ്. റെക്കോര്‍ഡ് ബുക്കിലെ എല്ലാ കള്ളികളിലും പേര് ചേര്‍ത്തിട്ടും ലോകകപ്പ് സച്ചിന് അത്രമേൽ വിദൂരമായിരുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലദേശിലുമായി നടന്ന ടൂര്‍ണമെന്റില്‍ സച്ചിന്റെയും യുവരാജിന്റെയും സഹീറിന്റെയും ഗംഭീറിന്റെയുമെല്ലാം മികവില്‍ ഇന്ത്യ ഫൈനലിലെത്തി. മുംബൈയിലെ വാംഖഡെയില്‍ സംഗക്കാരയെും ജയവര്‍ധനയും മലിംഗയുമെല്ലാം ഉൾപ്പെടുന്ന വമ്പന്മാർ അണിനിരന്ന ശ്രീലങ്കയായിരുന്നു എതിരാളികള്‍. നുവാന്‍ കുലശേഖരയുടെ പന്ത് ലോങ് ഓണിലേക്ക് പറത്തിയ ധോണി ഇന്ത്യയിലേക്ക് നീണ്ട 28 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പെത്തിച്ചു. സച്ചിന് ധോണി നൽകിയത് അത്രമേൽ ധന്യമായ വിടവാങ്ങലാണ്. ലോകകപ്പ് നേട്ടത്തിന്റെ ആവേശത്തില്‍ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണില്‍ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫി കിരീടവും നേടി. അങ്ങനെ ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലും കപ്പുയര്‍ത്തിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണി എന്ന ഇതിഹാസ നായകന്റേത് മാത്രമായി.
2019 ലോക കപ്പില്‍ അയാള്‍ ക്രീസില്‍ നിന്നപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ ആ വിശ്വാസത്തിന്റെ പിറകെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ റണ്ണൗട്ടായപ്പോൾ അവസാനിച്ചത് കോടിക്കണക്കിന് മനുഷ്യരുടെ പ്രതീഷയാണ്. ധോണി പുറത്തായപ്പോൾ ലൈൻ അംപയറിന്റെ മുഖത്ത് പോലും നിരാശയും ഞെട്ടലും വന്ന അസാധാരണ കാഴ്ചയും ലോകം കണ്ടു.

ഓപ്പണിങ് നിരയിലെ പരീക്ഷണം
സച്ചിൻ– സേവാഗ്– ഗംഭീർ ത്രയത്തെ മാറ്റി ഇന്ത്യൻ ഓപ്പണിങ് നിരയിൽ ഒരു പരീക്ഷണം നടത്താൻ ടീമിന്റെ മുഖ്യ പരിശീലകർക്ക് പോലും ധൈര്യമുണ്ടായിരുന്നില്ല. പക്ഷെ ധോണി അവിടെയൊരു മാറ്റം കൊണ്ടുവന്നു. യുവതാരങ്ങളെ ക്രീസിലെത്തിച്ച് ക്ലാസിക് ക്രിക്കറ്റർമാരുടെ ഒരു തലമുറയെ തന്നെ ധോണി സൃഷ്ടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി ഒരു സൂപ്പർ ഹീറോയായിരുന്നു.‘തല’യുടെ വിളയാട്ടത്തിൽ വിജയകിരീടങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ചെന്നൈ ചൂടി. റാഞ്ചിയിലെ ഫാക്ടറി തൊഴിലാളിയുടെ മകന്‍, ഇന്ത്യയിലെ ഏറ്റവും വിശിഷ്ട വ്യക്തികളില്‍ ഒരാളായി മാറിയത് കനൽ വഴികൾ താണ്ടിയാണ്. തന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കൂട്ടുനിന്ന സുഹൃത്തുക്കളെ മഹി ഒരു കാലത്തും മറന്നിട്ടില്ല. ഇന്നും രാജ്യം ഏറ്റവും ബഹുമാനിക്കുന്ന വൃക്തികളിലൊരാളാണ് ധോണി.
‘ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാൻ വിരമിച്ചതായി കണക്കാക്കുക’:2020 ഓഗസ്റ്റ് 15 വൈകിട്ട് 7.29 നു മഹേന്ദ്ര സിങ് ധോണി പങ്കുവെച്ച ആ സന്ദേശം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ കലങ്ങിയ കണ്ണുകളോടെയാണ് വായിച്ചത്. ആളും ആരവങ്ങളുമില്ലാതെ ഒരു ചെറിയ കുറിപ്പിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ പാഡഴിച്ചു. വിമർശകരുടെ പോലും ഹൃദയം നോവിച്ച ആ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത നികത്താൻ ഇന്ത്യക്ക് ഇന്നും മറ്റൊരു നായകനില്ല, സ്റ്റംപിന് പിന്നിൽ മറ്റൊരു മായാജാലക്കാരനുമില്ല. അയാൾക്ക് പകരം അയാൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് കാലവും ക്രിക്കറ്റും തെളിയിച്ചു കൊണ്ടേയിരുന്നു.
Read in MKID. Special Free Kids' Page every Saturday with Manorama E-Paper.
Subscribe Now