ഒരു ലക്ഷം എലിവേറ്റ്, ഹോണ്ടയുടെ എസ്‌യുവി ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഹിറ്റ്

Mail This Article
വില്‍പനയില്‍ ലക്ഷം കടന്ന് ഹോണ്ട എലിവേറ്റ്. ഇന്ത്യന്‍ വിപണിക്കൊപ്പം വിദേശ കയറ്റുമതി കൂടി കട്ടക്കു നിന്നതോടെയാണ് ഹോണ്ട എലിവേറ്റിന് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കാനായത്. ഇന്ത്യയില്‍ 53,326 എലിവേറ്റുകള്‍ വിറ്റപ്പോള്‍ ഹോണ്ട വിദേശത്തേക്ക് 47,653 എലിവേറ്റുകള്‍ കയറ്റി അയക്കുകയും ചെയ്തു. എതിരാളികളായ ഹ്യുണ്ടേയ് ക്രേറ്റയും ടാറ്റ കര്‍വും ഒരു ലക്ഷം വില്‍പനയെന്ന നേട്ടം ജനുവരിയില്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് എലിവേറ്റും ലക്ഷാധിപതിയായിരിക്കുന്നത്.

പ്രിയം ഓട്ടമാറ്റിക്കിനും വെളുപ്പിനും
എസ്‌വി, വി, വിഎക്‌സ്, ZX എന്നിങ്ങനെ നാലു മോഡലുകളിലാണ് ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ വില്‍ക്കുന്നത്. എക്‌സ് ഷോറൂം വില വില 11.91 ലക്ഷം മുതല്‍ 16.73 ലക്ഷം രൂപ വരെ. ഇന്ത്യയില്‍ ഹോണ്ട വിറ്റ 53,326 എലിവേറ്റുകളില്‍ 79 ശതമാനവും ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍(സിവിടി) ആയിരുന്നു. എന്‍ട്രി ലെവല്‍ എസ്‌വി മോഡലുകളിൽ ഒഴികെ സിവിടി എലിവേറ്റില്‍ ലഭ്യമാണ്. അഡാസ് സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന ഏറ്റവും ഉയര്‍ന്ന ഇസഡ് എക്സ് മോഡലാണ് വില്‍പനയില്‍ 53 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത്.

എലിവേറ്റ് സ്വന്തമാക്കിയതില്‍ 22% ആദ്യമായി കാര്‍ വാങ്ങുന്നവരാണെന്ന് ഹോണ്ടയുടെ കണക്കുകള്‍ പറയുന്നു. രണ്ടാം വാഹനമായി ഈ മിഡ് സൈസ് എസ്‌യുവി സ്വന്തമാക്കിയത് 43 ശതമാനമാണ്. വൈറ്റ് പേള്‍ ആണ് ഏറ്റവും ജനപ്രിയമായ നിറം. 35.1 ശതമാനം പേരും വൈറ്റ് പേള്‍ എലിവേറ്റിനെയാണ് തിരഞ്ഞെടുത്തത്. ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്ക് 19.9 ശതമാനവും മെറ്ററോയിഡ് ഗ്രേ മെറ്റാലിക് 15.4 ശതമാനവും ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍ 15.3 ശതമാനവും വാങ്ങി. അത്രമേല്‍ ജനപ്രിയമല്ലാത്ത ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഫോണിക്‌സ് ഓറഞ്ച് പേള്‍ നിറങ്ങളെല്ലാം ചേര്‍ന്ന് 14.3 ശതമാനം മാത്രമാണ് വിറ്റുപോയത്.

കയറ്റുമതി കരുത്ത്
2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കണക്കെടുത്താല്‍ ഹോണ്ട എലിവേറ്റിന്റെ പ്രതിമാസ വില്‍പന 2,000 യൂണിറ്റാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ക്രമാനുഗതമായ വളര്‍ച്ച നേടാന്‍ എലിവേറ്റിനായി. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന്റെ ഇരട്ടി എലിവേറ്റുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. 2023ലാണ് ഇന്ത്യയില്‍ നിന്നും എലിവേറ്റിന്റെ കയറ്റുമതി ഹോണ്ട ആരംഭിച്ചത്. ജപ്പാന്‍, ദക്ഷിണകൊറിയ, നേപാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.

ജപ്പാനില്‍ ഇന്ത്യന്‍ നിര്‍മിത എലിവേറ്റ് ഹോണ്ട WR-V എന്ന പേരിലാണ് വില്‍ക്കുന്നത്. 2024 സാമ്പത്തിക വര്‍ഷം ജപ്പാനിലേക്കുള്ള എലിവേറ്റ് കയറ്റുമതി 65 ശതമാനം വര്‍ധിച്ചു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 92 ശതമാനം കയറ്റുമതി വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. വില്‍പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ എലിവേറ്റ് ബ്ലാക്ക് എഡിഷന്‍ കഴിഞ്ഞ മാസമാണ് ഹോണ്ട പുറത്തിറക്കിയത്. ഇന്ധനമായി പെട്രോളിനൊപ്പം 20% വരെ എഥനോള്‍ ഉപയോഗിക്കാവുന്ന സൗകര്യം ഹോണ്ടയുടെ പുതിയ സിറ്റി, അമേയ്‌സ്, എന്നിവക്കു പുറമേ എലിവേറ്റിലുമുണ്ട്.