എല്ലാ കളിയിലും 250–260 റൺസ് അടിക്കണം, തോൽവിയെ ഭയക്കരുത്: റിസ്ക് എടുക്കണമെന്ന് ഗൗതം ഗംഭീർ

Mail This Article
മുംബൈ∙ ട്വന്റി20 ക്രിക്കറ്റിൽ സ്ഥിരമായി 250–260 റൺസൊക്കെ സ്കോർ ചെയ്യാൻ ഇന്ത്യൻ ടീമിനു സാധിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ 150 റൺസിന്റെ വമ്പൻ വിജയം നേടിയതിനു പിന്നാലെയാണു ഗംഭീർ നിലപാടു വ്യക്തമാക്കിയത്. കളി തോറ്റു പോകുമോയെന്ന ഭയം താരങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്നും ഗംഭീർ പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പര 4–1നാണ് ഇന്ത്യ വിജയിച്ചത്. അവസാന മത്സരത്തിൽ അഭിഷേക് ശർമ 54 പന്തില്‍ 135 റൺസുമായി തകർത്തടിച്ചതോടെ, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 247 റൺസെടുത്തിരുന്നു. മറുപടിയിൽ ഇംഗ്ലണ്ട് 10.3 ഓവറിൽ 97ന് പുറത്താകുകയും ചെയ്തു.
‘‘ഇങ്ങനെ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തോൽക്കുമോയെന്ന ഭയം ആവശ്യമില്ല. ഹൈ റിസ്ക്– ഹൈ റിവാർഡ് മത്സരങ്ങളാണു ഞങ്ങൾക്ക് ഇഷ്ടം. ഇന്ത്യൻ താരങ്ങള്‍ അതു നന്നായി നടപ്പാക്കുന്നുണ്ട്. ഭയമില്ലായ്മയും നിസ്വാർത്ഥതയുമാണ് ഈ ടീമിന്റെ അടിസ്ഥാനം. കഴിഞ്ഞ ആറു മാസമായി നമ്മൾ അതിൽ വിജയിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ കളികളിലും 250–260 റൺസെടുക്കാനാണു ശ്രമിക്കേണ്ടത്. അതിനായി ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ ചെറിയ സ്കോറിനു പുറത്താകുമായിരിക്കും. അതാണു ട്വന്റി20 ക്രിക്കറ്റിന്റെ പ്രത്യേകത. വെല്ലുവിളികൾ ഏറ്റെടുത്തു കളിക്കാതെ നിങ്ങൾക്ക് വലിയ ഫലങ്ങളും ലഭിക്കില്ല.’’
‘‘ഇന്ത്യൻ ടീം ശരിയായ ദിശയിലാണെന്നാണ് എനിക്കു തോന്നുന്നത്. വലിയ ടൂർണമെന്റുകളിലും ഇന്ത്യ ഇങ്ങനെ കളിക്കും. തോറ്റുപോകുമെന്ന ഭയം ഒരിക്കലുമുണ്ടാകരുത്. കൂടുതൽ പന്തുകളൊന്നും നേരിട്ടില്ലെങ്കിലും എട്ടാം നമ്പരിലും ഒരു ബാറ്റർ തന്നെ വേണമെന്നാണു ഞങ്ങളുടെ ആഗ്രഹം. പറ്റാവുന്നത്രയും സ്കോർ ഉയര്‍ത്താനാണു താൽപര്യം. ഒരു ബാറ്റർ കൂടി വരുമ്പോൾ സ്വാതന്ത്ര്യത്തോടെ കളിക്കാൻ മറ്റു ബാറ്റര്‍മാർക്കു സാധിക്കും.’’– ഗംഭീർ പറഞ്ഞു.