ADVERTISEMENT

ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനായുള്ള പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഗാലറിയില്‍ ക്രമരഹിതമായും അലങ്കോലപ്പെട്ടും കിടക്കുന്ന  ഇരിപ്പിടങ്ങളുടെ ചിത്രമാണ് പ്രചരിക്കുന്നത്. സ്റ്റേഡിയത്തിൽ കാണികൾക്ക് ഇരിക്കാനായി ക്രമീകരിച്ച ഇരിപ്പിടങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ടൂര്‍ണമെന്റിനായി തയാറെടുപ്പു നടക്കുന്ന സ്റ്റേഡിയത്തിലെ പണിതീരാത്ത ഇരിപ്പിടങ്ങളുടെ ചിത്രമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാസ്തവമറിയാം. 

∙ അന്വേഷണം

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമയക്രമമാണ് ആദ്യം പരിശോധിച്ചത്. 2025 ഫെബ്രുവരി 19 നാണ് മത്സരം ആരംഭിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന സൂചന ലഭിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും ICC സംഘം പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്‌ഥാനിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. സ്റ്റേഡിയത്തിലെ മുന്നൊരുക്കങ്ങള്‍ ഈ മാസം 25-നകം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശമെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രമാകാം പ്രചരിക്കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതുതായി എത്തിച്ച ഇരിപ്പിടങ്ങള്‍ പെയിന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍നിന്ന് ലഭിച്ചു. നിലവില്‍ പ്രചരിക്കുന്ന ചിത്രത്തിലെ അതേ ഇരിപ്പിടങ്ങള്‍ വിഡിയോയില്‍ കാണാം. റാവല്‍പിണ്ടി സ്റ്റേഡിയത്തിലെ നവീകരണത്തിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ 2025 ജനുവരി 10ന് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറ്റ് ദൃശ്യങ്ങളുമുണ്ട്.

സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പ്രസ്തുത സമയത്തിനകം പൂര്‍ത്തീകരിക്കാനാവുമോ എന്ന കാര്യത്തില്‍ പലകോണുകളില്‍നിന്നും സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ടൂര്‍ണമെന്റിന് മുന്‍പായി ജോലികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുസംബന്ധിച്ച് വാര്‍ത്തകളുമുണ്ട്.

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റാവല്‍പിണ്ടി ഉള്‍പ്പെടെ ടൂര്‍ണമെന്റ് നടക്കാനിരിക്കുന്ന മൂന്ന് സ്റ്റേഡിയങ്ങളിലും നവീകരണം പുരോഗമിക്കുകയാണെന്നും സ്ഥിരീകരിച്ചു.

∙ വാസ്തവം

ചാംപ്യൻസ് ട്രോഫി നടക്കാനിരിക്കുന്ന പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടൂർണമെന്റിനായി തയ്യാറെടുപ്പുകൾ നടക്കുന്ന സ്റ്റേഡിയത്തിലെ പണിതീരാത്ത ഇരിപ്പിടങ്ങളുടെ ചിത്രമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

The circulating images of Rawalpindi Stadium's unfinished seating are misleading; preparations for the Champions Trophy are well underway despite the ongoing construction

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com