സ്വർണവില കുറഞ്ഞു; എന്നിട്ടും കേരളത്തിൽ ഇന്നു ‘പലവില’ കൺഫ്യൂഷൻ, ഉപഭോക്താക്കൾ വെട്ടിൽ

Mail This Article
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളത്തിൽ (Kerala Gold Price) ഇന്നും സ്വർണത്തിന് പലവില. ഓരോ അസോസിയേഷനു കീഴിലെ സ്വർണാഭരണ ഷോറൂമുകളിലും വ്യത്യസ്ത വിലയാണ് (gold rate) ഇന്നുള്ളത്.

ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) നിശ്ചയിച്ചിരിക്കുന്നത് ഇന്ന് ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ്. ഇന്നലെ വില ഗ്രാമിന് 7,950 രൂപയും പവന് 63,600 രൂപയുമായിരുന്നു. അതായത് ഗ്രാമിന് ഇന്ന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 6,540 രൂപ. വെള്ളിക്ക് ഗ്രാമിന് 104 രൂപ.
എകെജിഎസ്എംഎയാണ് സംസ്ഥാനത്ത് സ്വർണവില മാനദണ്ഡങ്ങളനുസരിച്ച് നിർണയിക്കുന്നതെന്നും എല്ലാ സ്വർണ വ്യാപാരികളും ഈ വിലയാണ് പിന്തുടരുന്നതെന്നും ജസ്റ്റിൻ പാലത്ര മനോരമ ഓൺലൈനിനോട് പറഞ്ഞു. എകെജിഎസ്എംഎയുടെ പേരിൽ സ്വർണവില നിർണയിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരുവില ഗ്രാമിന് 7,930 രൂപ
ഡോ.ബി. ഗോവിന്ദൻ നേരത്തെ പ്രസിഡന്റ് ചുമതലയും സുരേന്ദ്രൻ കൊടുവള്ളി ജനറൽ സെക്രട്ടറി പദവും എസ്. അബ്ദുൽ നാസർ ട്രഷറർ പദവിയും വഹിച്ചിരുന്ന ‘എകെജിഎസ്എംഎ’ ഇന്നു നിർണയിച്ചിരിക്കുന്ന വില ഗ്രാമിന് 7,930 രൂപയാണ്. പവന് 63,440 രൂപയും. ഇവർ ഇന്നലെ നിശ്ചയിച്ച വിലയിൽ നിന്ന് ഇന്നു മാറ്റമില്ല. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6,520 രൂപയിലും വെള്ളിവില ഗ്രാമിന് 104 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു.

ഈ എകെജിഎസ്എംഎയും ജസ്റ്റിൻ പാലത്ര പ്രസിഡന്റ് ആയിരുന്ന എകെജിഎസ്എംഎയുമാണ് കഴിഞ്ഞദിവസം ലയിച്ചതും ഡോ.ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റും ആയത്. ലയനത്തെ അംഗീകരിക്കാത്തതിനാൽ എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി, ഐമു ഹാജി, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും എകെജിഎസ്എംഎ അറിയിച്ചിരുന്നു. ഇവർ അവതരിപ്പിക്കുന്ന സ്വർണവിലയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡോ.ബി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ടവർ സംഘടനയുടെ പേരും ലോഗോയും ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മലബാർ ഗോൾഡിൽ 7,935 രൂപ
പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഇന്നു സ്വർണവില ഗ്രാമിന് 7,935 രൂപയാണ്. പവന് 63,480 രൂപ. ഇന്ത്യയിലെമ്പാടും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂമുകളിൽ സ്വർണത്തിന് ഒരേ വിലയാണ്. ‘വൺ ഇന്ത്യ, വൺ ഗോൾഡ് റേറ്റ്’ ആശയത്തിലൂന്നിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്വർണവില നിർണയം. കേരളത്തിലെ മറ്റു രണ്ടു മുൻനിര ജ്വല്ലറി ഗ്രൂപ്പുകൾ യഥാക്രമം ഗ്രാമിന് 7,940 രൂപയും 7,950 രൂപയുമാണ് ഇന്നു നിശ്ചയിച്ചിരിക്കുന്നത്.
എന്താണ് സ്വർണവില നിർണയത്തിന്റെ മാനദണ്ഡം?

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ വിലയിരുത്തിയാണ് ഓരോ ദിവസവും സ്വർണവില നിർണയം. ഇന്നലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഔൺസിന് 2,871 ഡോളറും രൂപയുടെ മൂല്യം 87.24ലും ആയിരുന്നുവെന്ന് എസ്. അബ്ദുൽ നാസർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇന്ന് രാജ്യാന്തരവില 2,857 ഡോളറിലേക്ക് കുറഞ്ഞെങ്കിലും രൂപയുടെ മൂല്യമുള്ളത് 87.45ൽ. രൂപ ദുർബലമായതിനാൽ സ്വർണവിലയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യാന്തര വില 2,857 ഡോളർ, രൂപയുടെ മൂല്യം 87.45, ഔൺസിന് ബാങ്ക് പ്രീമിയം 2.50 ഡോളർ, കിലോഗ്രാമിന് കസ്റ്റംസ് ഡ്യൂട്ടി 4,88,066 രൂപ, ബാങ്ക് നിരക്ക് (99.5%) 8,490 രൂപ, ബാങ്ക് നിരക്ക് (91.6%) എന്നിവ വിലയിരുത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിശ്ചയിച്ച വിലയാണ് ഗ്രാമിന് 7,935 രൂപ.
രാജ്യാന്തര വില താഴേക്ക്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിൽ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനമായി ഉയർന്നു. ഉപഭോക്തൃവിപണിയുടെ വളർച്ച ദുർബലവുമാണ്. എങ്കിലും പണപ്പെരുപ്പം കൂടിയതിനാൽ അടിസ്ഥാന പലിശനിരക്ക് കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് സമീപഭാവിയിലെങ്ങും ഇനി കുറച്ചേക്കില്ലെന്നതിനാൽ സ്വർണവില താഴേക്കു നീങ്ങി.
പലിശനിരക്ക് ഉയർന്ന തലത്തിൽ തന്നെ തുടരുമെന്നതിനാലും യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച താരിഫ് പോര് നൽകുന്ന കരുത്തിനാലും ഡോളർ മുന്നേറുന്നതും സ്വർണത്തിന് തിരിച്ചടിയായി. രാജ്യാന്തരവില ഔൺസിന് 2,867 ഡോളർ നിലവാരത്തിൽ നിന്ന് 2,834 ഡോളർ വരെ താഴ്ന്നു. ഇപ്പോഴുള്ളത് 2,857 ഡോളറിൽ.