സ്വർണവ്യാപാരി സംഘടനകൾ ലയിച്ചൊന്നായി; ഇല്ലെന്ന് മറുവിഭാഗം, സ്വർണവില നിർണയവും ആശയക്കുഴപ്പത്തിലേക്ക്

Mail This Article
സംസ്ഥാനത്ത് ‘ഒരേപേരുള്ള’ രണ്ടു സ്വർണ വ്യാപാര സംഘടനകൾ ലയിച്ചൊന്നായെന്ന് ഒരു വിഭാഗം; ഇല്ലെന്ന് മറുവിഭാഗവും. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ പ്രസിഡന്റ് ആയിരുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (എകെജിഎസ്എംഎ) ജസ്റ്റിൻ പാലത്ര പ്രസിഡന്റ് ആയിരുന്ന ഇതേ പേരുള്ള സംഘടനയുമാണ് ലയിച്ച്, ഒറ്റ സംഘടനയായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എം. ജലീൽ തുടങ്ങിയവരാണ് ലയനം പ്രഖ്യാപിച്ചത്. എന്നാൽ, ലയനം നടന്നുവെന്നത് ശരിയല്ലെന്ന് ഡോ.ബി. ഗോവിന്ദൻ നേരത്തേ പ്രതിനിധീകരിച്ചിരുന്ന എകെജിഎസ്എംഎയുടെ ഭാരവാഹികൾ വ്യക്തമാക്കി. ഡോ.ബി. ഗോവിന്ദനെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും ആക്ടിങ് പ്രസിഡന്റ് ആയി സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജിയെ തിരഞ്ഞെടുത്തെന്നും എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു.
യാതൊരു പ്രവർത്തനവുമില്ലാതിരുന്ന കടലാസ് സംഘടനയുടെ ചെയർമാനായാണ് ഡോ. ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും കേരളത്തിലെ ഭൂരിപക്ഷം സ്വർണ വ്യാപാരികളും ‘യഥാർഥ’ എകെജിഎസ്എംഎയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ആയിരത്തിലേറെ സ്വർണ വ്യാപാരികൾ പങ്കെടുത്ത സെക്രട്ടേറിയറ്റ് ധർണയ്ക്ക് നേതൃത്വം നൽകിയത് എകെജിഎസ്എംഎയാണെന്നും അദ്ദേഹം പറഞ്ഞു.
80 വർഷം മുമ്പ് ആരംഭിച്ച സംഘടന
ആർ. പരമേശ്വരൻ പിള്ള, ഭീമ ഭട്ടർ, പി.ടി. ചെറിയാൻ എന്നിവർ ചേർന്ന് 1945ൽ ആരംഭിച്ച സംഘടനയാണ് എകെജിഎസ്എംഎ. ആലപ്പുഴ മുല്ലയ്ക്കലിലാണ് റജിസ്റ്റേഡ് ഓഫീസ്. എറണാകുളത്ത് പി.ടി. ചെറിയാൻ സ്വർണ ഭവനാണ് ആസ്ഥാനം. 2013ൽ സംഘടന രണ്ടായി പിളർന്നെങ്കിലും ഒരേ പേരിൽ തുടരുകയായിരുന്നു. ഒന്നിന് ഡോ.ബി. ഗോവിന്ദനും മറ്റൊന്നിന് ജസ്റ്റിൻ പാലത്രയും നേതൃത്വം വഹിക്കുകയായിരുന്നു.
ഈ സംഘടനകളാണ് ഇപ്പോൾ ഒന്നിക്കാൻ തീരുമാനിച്ചത്. ഏപ്രിലിൽ സ്വർണ വ്യാപാരികളുടെ യോഗം വിളിച്ച് ലയന പ്രഖ്യാപനം നടത്തും. പി.ടി. ചെറിയാൻ സ്വർണ ഭവൻ സംബന്ധിച്ച് ഇരു സംഘടനകളും തമ്മിൽ അവകാശ തർക്കം നിലവിലുണ്ട്. ഇതു രമ്യമായി പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിന്ദു മാധവ് (ഭീമ, കൊച്ചി) ആണ് ലയിച്ചൊന്നായ എകെജിഎസ്എംഎയുടെ ട്രഷറർ. ബി. ഗിരിരാജൻ (ഭീമ, കോഴിക്കോട്), ഐ. ഇസ്മായിൽ ഹാജി (കായംകുളം) എന്നിവർ രക്ഷാധികാരികളും.
‘അവർക്കൊപ്പം ആരും പോകില്ല’
ലയിച്ചൊന്നാകാൻ തീരുമാനിച്ച കടലാസ് സംഘടനയിലേക്ക് കേരളത്തിലെ ബഹുഭൂരിപക്ഷം സ്വർണ വ്യാപാരികളും പോകില്ലെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു. എകെജിഎസ്എംഎയുടെ സംസ്ഥാന കൗൺസിൽ ഉടൻ വിളിച്ചുചേർത്ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണവില നിർണയം ആശയക്കുഴപ്പത്തിലേക്ക്
ഡോ.ബി. ഗോവിന്ദൻ, എസ്. അബ്ദുൽ നാസർ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി എന്നിവരടങ്ങിയ വില നിർണയ സമിതിയായിരുന്നു നേരത്തേ കേരളത്തിലെ സ്വർണവില ഓരോ ദിവസവും നിശ്ചയിച്ചിരുന്നത്. ഇത് എല്ലാ സ്വർണ വ്യാപാരികളും പിന്തുടരുകയുമായിരുന്നു.
ഇനിമുതൽ എകെജിഎസ്എംഎ സ്വർണഭവൻ എന്ന പേരിൽ കേരളത്തിൽ സ്വർണത്തിന് ഒറ്റവിലയാകും ഉണ്ടാവുകയെന്ന് ‘ലയിച്ചൊന്നായ’ സംഘടനയുടെ ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം ‘ലയിക്കുകയോ പിളരുകയോ’ ചെയ്തിട്ടില്ലെന്ന് വാദിക്കുന്ന സംഘടനയും സ്വർണവില നിശ്ചയിക്കുമെന്ന് അറിയിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ താനും ട്രഷറർ സി.വി. കൃഷ്ണദാസ്, മുൻ ജനറൽ സെക്രട്ടറിയും നിലവിൽ ഉപദേശക സമിതി ചെയർമാനുമായ സുരേന്ദ്രൻ കൊടുവള്ളിയും അടങ്ങുന്ന സമിതിയാകും തുടർന്നും സ്വർണവില നിശ്ചയിക്കുകയെന്ന് എസ്. അബ്ദുൽ നാസർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
സംസ്ഥാനത്ത് നേരത്തെയും പലതവണ ഇരു സംഘടനകളും ഒരേ ദിവസം വ്യത്യസ്ത സ്വർണവില നിശ്ചയിക്കുകയും ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടയിൽ അതു വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത
ഡോ.ബി. ഗോവിന്ദൻ നയിച്ച എകെജിഎസ്എംഎയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞമാസമായിരുന്നു. ഡോ.ബി. ഗോവിന്ദനെ പ്രസിഡന്റ് ആയും സുരേന്ദ്രൻ കൊടുവള്ളിയെ ഉപദേശക സമിതി ചെയർമാനായും എസ്. അബ്ദുൽ നാസറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു. സി.വി. കൃഷ്ണദാസാണ് ട്രഷറർ. ഈ തിരഞ്ഞെടുപ്പ് നടന്ന് രണ്ടുമാസമായപ്പോഴേക്കും സംഘടനയിൽ ഭിന്നിപ്പുണ്ടാവുകയായിരുന്നു.