സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രൂപ വീണില്ലായിരുന്നെങ്കിൽ കൂടുതൽ ഇടിഞ്ഞേനെ, ഉലഞ്ഞ് രാജ്യാന്തരവിലയും

Mail This Article
സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8,010 രൂപയായി. 320 രൂപ കുറഞ്ഞ് 64,080 രൂപയാണ് പവന്. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25) രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില.

18 കാരറ്റ് സ്വർണവിലയും (18 Carat Gold) ഇന്നു ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,590 രൂപയായിട്ടുണ്ട്. അതേസമയം, ഇന്നലെ മികച്ച കുറവ് രേഖപ്പെടുത്തിയ വെള്ളിവില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 105 രൂപയിൽ തുടരുന്നു. കഴിഞ്ഞദിവസം ഔൺസിന് 2,950 ഡോളർ കടന്ന് റെക്കോർഡിട്ട രാജ്യാന്തര സ്വർണവില (Gold rate) താഴേക്കിറങ്ങിയത് കേരളത്തിലും ഇന്നു വില കുറയാൻ വഴിയൊരുക്കി. 2,904 ഡോളർ വരെ രാജ്യാന്തരവില താഴ്ന്നെങ്കിലും ഇപ്പോഴുള്ളത് 2,906 ഡോളറിൽ.
രൂപ ഇടിഞ്ഞില്ലായിരുന്നെങ്കിൽ...
ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുകയും പവൻവില 64,000 രൂപയ്ക്ക് താഴെ എത്തുകയും ചെയ്യുമായിരുന്നു. ഡോളർ ശക്തിപ്രാപിക്കുമ്പോൾ ഇറക്കുമതി ചെലവ് കൂടും, ഇത് വിലയെ സ്വാധീനിക്കും.

ആഗോള വ്യാപാരയുദ്ധത്തിന് കളമൊരുക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാരനയം, യുഎസിന്റെ സമ്പദ്‍വ്യവസ്ഥ വീണ്ടും തളരുന്നുവെന്ന സൂചനകൾ എന്നിവ സ്വർണവില കുതിക്കാൻ അനുകൂലമായ ഘടകങ്ങളാണ്. എന്നിരുന്നാലും, കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്ത് ചിലർ ലാഭമെടുപ്പ് തകൃതിയാക്കിയതും ഇപ്പോൾ സ്വർണവിലയെ താഴേക്ക് നയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സ്വർണം തിരിച്ചുകയറിയേക്കാമെന്നും നിരീക്ഷകർ വാദിക്കുന്നു.
വാങ്ങൽ വിലയിൽ 563 രൂപയുടെ കുറവ്
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,357 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,670 രൂപയും. ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്.

പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് ഇതു 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും. ചൊവ്വാഴ്ച വാങ്ങൽവില പവന് 69,920 രൂപയും ഗ്രാമിന് 8,740 രൂപയുമായിരുന്നു. മിനിമം 5% പണിക്കൂലി പ്രകാരം അന്നു സ്വർണം വാങ്ങിയവരേക്കാൾ പവന് 563 രൂപയും ഗ്രാമിന് 70 രൂപയും കുറവാണ് ഇന്നത്തെ വാങ്ങൽവില.