നിങ്ങളുടെ പേരിൽ വ്യാജ സിം കാര്‍ഡുകളുണ്ടോ? പരിശോധിക്കാൻ സഞ്ചാർസാഥി ആപ്

Mail This Article
സംശയാസ്പദമായ ചില കോളുകൾ റിപ്പോർട്ട് ചെയ്യാനും അതേപോലെ നഷ്ടപ്പെട്ടുപോയ ഫോണുകളെപ്പറ്റി പരാതി പറയാനും പോലുള്ള നിരവധി കാര്യങ്ങളിൽ സഹായകമാണ് കേന്ദ്രസർക്കാര്‍ 2023 മെയ് മാസത്തിൽ അവതരിപ്പിച്ച സഞ്ചാർസാഥി പോർട്ടൽ.
തട്ടിപ്പ് കോളുകൾ കൈകാര്യം ചെയ്യുന്നതിലും മൊബൈൽ സംബന്ധമായ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഇതിനകം സഞ്ചാർസാഥി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഞ്ചാർ സാഥി ആപ്പും എത്തിയിരിക്കുന്നു.
സഞ്ചാർ സാഥിയിലെ ചക്ഷു സംവിധാനം സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, എസ്എംഎസ്, ഫോൺ ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യാൻ സഹായകമാകുന്നു.നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

നഷ്ടപ്പെട്ട/മോഷ്‌ടിക്കപ്പെട്ട മൊബൈൽ ബ്ലോക്ക് ചെയ്യാനും സഞ്ചാർ സാഥി സഹായിക്കുന്നു. ബ്ലോക്ക് ചെയ്‌ത മൊബൈൽ ഫോൺ ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ ട്രെയ്‌സബിലിറ്റി സംവിധാനം ജനറേറ്റ് ചെയ്യുകയായിരിക്കും ചെയ്യുക.
മൊബൈൽ കണക്ഷനുകൾ അറിയാം

ഒരു വരിക്കാരന് ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളിൽ നിന്നും (TSPs) പരമാവധി 9 മൊബൈൽ കണക്ഷനുകളെടുക്കാനാണ് നിലവിൽ കഴിയുക. മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാൻ സഞ്ചാർ സാഥി സൗകര്യമൊരുക്കുന്നു.
∙സഞ്ചാര സാഥി പോർട്ടൽ സന്ദർശിക്കുക.
∙കൈവശമുള്ള മൊബൈൽ നമ്പർ നൽകുക.
∙ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
∙ലിസ്റ്റ് ചെയ്തിരിക്കുന്ന മൊബൈൽ കണക്ഷനുകളിലൂടെ പോയി റിപ്പോർട്ട് ചെയ്യേണ്ട മൊബൈൽ കണക്ഷനു(കൾ) നേരെ 'ഇത് എന്റെ നമ്പർ അല്ല' അല്ലെങ്കിൽ 'ആവശ്യമില്ല' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
∙അഭ്യർഥന സമർപ്പിക്കാൻ 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.