ദിവസവും നടന്നിട്ടും വണ്ണം കുറയുന്നില്ലേ? ഇതാകാം കാരണം

Mail This Article
ഫിറ്റ്നസ് നിലനിർത്തുന്നതോടൊപ്പം ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. ദിവസവും നടന്നിട്ടും ശരീരഭാരം കുറയുന്നില്ല, നിങ്ങൾ ഉദ്ദേശിച്ച ഫലങ്ങൾ കിട്ടുന്നില്ല എങ്കിൽ അതിനു പിന്നിൽ ചില കാരണങ്ങളുണ്ടാവും. അത് എന്തൊക്കെ എന്നറിയാം.
∙സാവധാനത്തിലുള്ള നടത്തം
വളരെ പതുക്കെ നടക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. സന്ധികൾക്കും ഇത് ഏറെ നല്ലതാണ്. എന്നാൽ ശരീരഭാരം കുറയാൻ പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തില്ല. ശരീരഭാരം കുറയാൻ ആഗ്രഹമുണ്ടെങ്കിൽ വേഗത്തിൽ നടക്കുക. അതല്ലെങ്കിൽ പടികൾ കയറുന്നതും നല്ലതാണ്.
∙നടത്തത്തിന്റെ സമയം
ആവശ്യത്തിന് നടന്നില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. നീണ്ട നടത്തത്തിന് സമയമില്ലെങ്കിൽ ഓരോ ഭക്ഷണശേഷവും മൂന്നാലു തവണയായി ചെറുനടത്തങ്ങൾ ശീലമാക്കുക. ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം 15 മിനിറ്റ് നടക്കുന്നത് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

∙ആരോഗ്യാവസ്ഥ
പതിവായി നടത്തവും വ്യായാമവും ചെയ്യുന്നുണ്ട്. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നു. എന്നിട്ടും ശരീരഭാരം കുറയുന്നില്ല എങ്കിൽ ഒരു ആരോഗ്യവിദഗ്ധനെ കാണണം. തൈറോയ്ഡ് പ്രശ്നങ്ങളോ, ഹോർമോൺ അസന്തുലനമോ, ഇൻസുലിന്‍ പ്രതിരോധമോ ആകാം നിങ്ങളുടെ വെയ്റ്റ് ലോസ് ജേണിക്ക് തടസ്സം.
∙സമ്മർദം
വളരെ കൂടിയ അളവിലുള്ള സമ്മർദം (stress) കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് ഉപാപചയപ്രവർത്തനത്തെ ബാധിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തും. അൽപസമയം റിലാക്സ് ചെയ്യുക. ധ്യാനിക്കുക. സ്ട്രെസ്സ് കുറയ്ക്കാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പ്രവൃത്തികളിൽ ഏർപ്പെടുക.

∙ഉറക്കമില്ലായ്മ
രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരഭാരം കൂടാൻ കാരണമാകും. പതിവായി നടന്നതുകൊണ്ട് ഇതിന് പരിഹാരമാകുന്നില്ല. തടസ്സമില്ലാതെ ഉറങ്ങാൻ ശ്രദ്ധിക്കുക.
∙മരുന്നുകളുടെ പാര്‍ശ്വഫലം
ദിവസവും വർക്കൗട്ട് ചെയ്തിട്ടും ശരീരഭാരം കുറയാത്തതിനും ശരീരഭാരം കൂടുന്നതിനും കാരണം നിങ്ങൾ കഴിക്കുന്ന മരുന്നുകളാകാം. ആന്റിഡിപ്രസന്റുകൾ, സ്റ്റിറോയ്ഡുകൾ, ബീറ്റാബ്ലോക്കേഴ്സ് തുടങ്ങിയ മരുന്നുകൾ ഉപാപചയപ്രവർത്തനത്തെ ബാധിക്കുകയും ശരീരഭാരം കുറയുന്നത് പ്രയാസമാകുകയും ചെയ്യും.

∙വണ്ണം കൂടുന്ന ഭക്ഷണം
കാലറി കൂടിയതും മധുരമുള്ളതുമായ ഭക്ഷണം കഴിക്കുന്നത് തടി കൂട്ടും. അതുകൊണ്ടുതന്നെ ദിവസവും വ്യായാമം ചെയ്തതു കൊണ്ടും നടന്നതു കൊണ്ടും പ്രയോജനം ഇല്ലാതാകുന്നു. ശരീരത്തിന് ബേൺ ചെയ്യാന്‍ പറ്റുന്നതിലുമധികം കാലറി കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ശരീരഭാരം കുറയണം എന്ന ആഗ്രഹത്തോടെ ദിവസവും നടത്തം ശീലമാക്കിയ ആളാണെങ്കിൽ ജീവിതശൈലിയിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.