ജീരക വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കഴിക്കാമോ? ഇതറിഞ്ഞിരിക്കാം

Mail This Article
കുടിക്കാനായി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ജീരകം കൂടി ഇടുന്ന ശീലം പണ്ടുകാലം മുതൽക്കേ നമുക്ക് ഉള്ളതാണ്. എന്നാൽ, ഈ ജീരകവെള്ളത്തിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേർത്ത് കുടിച്ചാലോ. എല്ലാ ദിവസവും രാവിലെ നാരങ്ങനീര് ചേർത്ത ജീരകവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് മാത്രമല്ല നമ്മുടെ മികച്ച ഹൃദയാരോഗ്യത്തിനും എല്ലാ ദിവസവും രാവിലെ ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
ജീരകവെള്ളത്തിന്റെ ഗുണങ്ങൾ
ആൻ്റി ഓക്സിഡൻ്റുകളാലും വിറ്റാമിനുകളാലും മിനറൽസിനാലും സമ്പന്നമാണ് ജീരകവെള്ളം. ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ഉണ്ടാകുന്നത്. ദഹനം സുഖകരമാക്കുന്നതിന് ഒപ്പം തന്നെ ബ്ലോട്ടിങ്ങും മലബന്ധവും തടയുകയും ചെയ്യുന്നു. മെറ്റബോളിസം ബൂസ്റ്റ് ചെയ്യുന്നതിലൂടെ ഭാരം കുറയ്ക്കാനും ജീരകവെള്ളം സഹായിക്കുന്നു. അയൺ കൊണ്ട് സമ്പന്നമായ ജീരകവെള്ളം ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തെ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കരൾ ശുദ്ധീകരിക്കുകയും വിഷാംശം പുറംതള്ളുകയും ചെയ്യുന്നു. ത്വക്കിൻ്റെ ആരോഗ്യം സംരക്ഷിക്കാനും മുഖക്കുരു വരാതിരിക്കാനും സ്ഥിരമായി ജീരകവെള്ളം ശീലിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് രക്തസമ്മർദ്ദം മികച്ച രീതിയിൽ ആക്കുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂടുള്ള ജീരകവെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നു.
നാരങ്ങവെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റ്സ്,മിനറൽസ് എന്നിവയാൽ സമ്പന്നമായ നാരങ്ങാവെള്ളം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പവർ ഹൌസ് ആണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് ഒപ്പം അണുബാധ, ജലദോഷം, പനി എന്നിവയിൽ നിന്ന് ശരീരത്തെ അകറ്റി നിർത്തുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും അസിഡിറ്റി, ബ്ലോട്ടിങ്ങും എന്നിവയിൽ നിന്ന് മോചനം നൽകുന്നു. ത്വക്കിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്നു. സിട്രിക് ആസിഡിനാൽ സമ്പന്നമാണ്. അതുകൊണ്ട് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങൾ തടഞ്ഞ് വൃക്കയെ സംരക്ഷിക്കുന്നു. മെറ്റബോളിസം ലെവൽ ഉയർത്തി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ടിലും നിരവധി ഗുണങ്ങളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ജീരകവും നാരങ്ങയും ഒരുമിച്ച് കഴിഞ്ഞാൽ അത് ശരീരത്തിന് മികച്ച ഒരുപാട് ഗുണങ്ങളാണ് നൽകുന്നത്. നാരങ്ങയും ജീരകവും ഉപയോഗിച്ച് എങ്ങനെ ഒരു ഹെൽത്തി ഡ്രിങ്ക് ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ജീരകം - ഒരു ടീസ്പൂൺ
ഒരു ഗ്ലാസ് വെള്ളം
അര കഷണം നാരങ്ങ
ഒരു ടീസ്പൂൺ തേൻ
ഉണ്ടാക്കുന്ന വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് ഒരു രാത്രി മുഴുവൻ വെയ്ക്കുക. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം. അതിനു ശേഷം വെള്ളം ഒരു ഗ്ലാസിലേക്ക് മാറ്റി തണുപ്പിക്കാനായി വെയ്ക്കുക. ചൂട് ചെറുതായി കുറഞ്ഞതിനു ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.