ADVERTISEMENT

അങ്കമാലി ∙ നാലംഗ കുടുംബം പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കിടപ്പുമുറിയിൽ തീയ്ക്കൊപ്പം പടർന്ന പുക അപകട കാരണമായോ എന്നു സംശയം. മുറി ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിൽ പുക നിറഞ്ഞു ശ്വാസം മുട്ടിയാൽ പൂട്ടിക്കിടക്കുന്ന വാതിൽ തുറന്നു രക്ഷപ്പെടാനുള്ള സാധ്യതകൾ കുറയുമെന്നു പൊലീസ് പറയുന്നു. കിടപ്പുമുറിയിൽ പൊട്ടിത്തെറി നടന്നതായും സംശയിക്കുന്നുണ്ട്. ഭിത്തിയിലെ പൊട്ടലിന്റെ തീവ്രത പൊട്ടിത്തറിയിലേക്കാണു വിരൽചൂണ്ടുന്നത്.

എയർകണ്ടീഷനറിന്റെ സ്പ്ലിറ്റ് യൂണിറ്റ് പൂർണമായും മുറിയിൽ ഉരുകി വീണിട്ടുണ്ട്. എന്നാൽ മുറിയുടെ പുറത്തുള്ള കണ്ടൻസറിലേക്കു തീ നേരിയ തോതിലേ പടർന്നിട്ടുള്ളൂ. ഷോർട് സർക്യൂട്ട് ആയിരിക്കും അപകടകാരണമെന്നാണു കരുതുന്നതെങ്കിലും അതിനുള്ള ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലം വന്നാൽ മാത്രമേ അപകട കാരണത്തെ കുറിച്ചു വ്യക്തത ലഭിക്കൂ. ഷോർട് സർക്യൂട്ടിനുള്ള സാധ്യതകൾ കെഎസ്ഇബിയും ഇലക്ട്രിക്കൽ ഇൻസ്പ്കടറേറ്റും പരിശോധിക്കുന്നുണ്ട്.

പൊലീസ് സംഘവും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരായ റിനി തോമസും വിഷ്ണു ഗോപാലും വിരലടയാള വിദഗ്ധൻ കെ.എസ്. അഖിലും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും പരിശോധിച്ചു. തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണു പൊലീസ് പറയുന്നത്. എങ്കിലും പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. വഴിയിലും വീട്ടിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മലഞ്ചരക്ക് ബിസിനസ് ഉള്ളതിനാൽ വീടിന്റെ പറമ്പിൽ വരെ ക്യാമറയുണ്ട്. വഴിയിലും 3 ക്യാമറകളുണ്ട്.

വിശ്വസിക്കാനാവാതെ നാട്ടുകാർ 
അങ്കമാലി ∙ ടൗണിനു സമീപത്തു തന്നെ വലിയ ദുരന്തം നടന്നതു പെട്ടെന്നാർക്കും വിശ്വസിക്കാനായില്ല. കേട്ടവർ കേട്ടവർ ബിനീഷിന്റെ വീട്ടിലേക്ക് ഓടിയെത്തി. നിമിഷങ്ങൾ കൊണ്ടു വീട്ടിലും പരിസരത്തും വലിയ ആൾക്കൂട്ടമായി. ഒരു കുടുംബത്തിന്റെ വിയോഗം നാട്ടുകാർക്കു താങ്ങാനാവുന്നതിലുമേറെയായിരുന്നു. ബിനീഷുമായി തലേന്നു സംസാരിച്ചവർ വരെ അവരിലുണ്ടായിരുന്നു.

ബിനീഷിന് അയൽവാസികളുമായി നല്ല ബന്ധമുണ്ടായിരുന്നു. 13നാണു ബിനീഷിന്റെ പിതാവ് കുര്യന്റെ ഒന്നാം ചരമവാർഷികം. അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനയിലും മറ്റും പങ്കെടുക്കാൻ ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിച്ച ശേഷമാണു ബിനീഷ് വെള്ളിയാഴ്ച വൈകിട്ടു വീട്ടിലെത്തിയത്. തൊട്ടുപിന്നാലെയുണ്ടായ ദുരന്തം ബന്ധുക്കൾക്കു വലിയ ആഘാതമായി. ദുരന്തവാർത്തയറിഞ്ഞു റോജി എം. ജോൺ എംഎൽഎ, നഗരസഭ അധ്യക്ഷൻ മാത്യു തോമസ്, ജോസ് തെറ്റയിൽ എന്നിവരും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസിന്റെ നേതൃത്വത്തിൽ വ്യാപാരികളും നാട്ടുകാരും വീട്ടിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com