ADVERTISEMENT

അങ്കമാലി ∙ ഈ തീ കെടുത്തിയാൽ അതിനപ്പുറം ഉറ്റവരെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ചിന്നമ്മ ഓരോ ബക്കറ്റ് വെള്ളവും ഒഴിച്ചു കൊണ്ടിരുന്നത്. എന്നാൽ വാതിലിനു മുന്നിലെ തീ മുറിക്കുള്ളിലുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമായിരുന്നെന്ന് അറിഞ്ഞതു പിന്നീടു മാത്രം. മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയാകെ നിന്നു കത്തുന്നതു കണ്ടാണ് ആ അമ്മ വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങിയത്.

താഴത്തെ നിലയിൽ കിടന്നിരുന്ന ചിന്നമ്മ എന്നും പതിവുള്ള പ്രാർഥനയ്ക്കു വേണ്ടിയാണു പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റത്. മുകളിലത്തെ നിലയിൽ മകനും കുടുംബവും തീപ്പൊള്ളലേറ്റ് പിടയുന്നത് അപ്പോൾ ആ അമ്മയറിഞ്ഞിരുന്നില്ല. മുകളിലത്തെ നിലയിൽ നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണു തീ കണ്ടത്. ഉടൻ തന്നെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന ജോലിക്കാരൻ നിരഞ്ജനെ വിളിച്ചുണർത്തി.

ജൊവാനയുടെയും ജസ്‌‍വിന്റെയും സൈക്കിൾ വീടിനു പിറകിൽ. ചിത്രം: മനോരമ
ജൊവാനയുടെയും ജസ്‌‍വിന്റെയും സൈക്കിൾ വീടിനു പിറകിൽ. ചിത്രം: മനോരമ

ഇരുവരും ഒച്ചവച്ചെങ്കിലും ആരും കേട്ടില്ല. മുകളിലത്തെ നിലയിൽ കയറി നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു പൂട്ടിയിരിക്കുന്നു. ഗോവണി കയറി മുറിയിലേക്കു പോകുന്ന ഭാഗത്തു തീ. ആ തീയണയ്ക്കാൻ നോക്കി. അപ്പോൾ മുറി മുഴുവനായി നിന്നു കത്തുകയായിരുന്നു. ഉള്ളിൽ ഉറ്റവരും. അഗ്നിരക്ഷാ സേനയെത്തി തീയണച്ചതോടെ ചിന്നമ്മയെ അയൽവാസി പൗലോസിന്റെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് മകൻ ബിനോയിയുടെ വീട്ടിലേക്കു മാറ്റി.

കാർ പോർച്ചിനു മുകളിലുള്ള കിടപ്പുമുറിയിലാണു ദുരന്തത്തിൽ മരിച്ച നാലു പേരും കിടന്നത്. മുകൾ നിലയിൽ വലിയ കിടപ്പുമുറിയും ചെറിയ ഹാളും മറ്റൊരു ചെറിയ മുറിയുമാണ് ഉള്ളത്. താഴത്തെ നിലയിൽ നിന്നുള്ള ഗോവണി കൂടാതെ പിന്നിലെ ഗോവണിയിലൂടെയും മുകൾ നിലയിലേക്കു കയറാനാകും. തീപിടിത്തത്തിന്റെ ആഘാതം മുറിക്കു പുറത്തെ ഭിത്തിയിലും സൺഷേഡിലും കാണാം. ഭിത്തി ഭൂരിഭാഗവും പുക പടർന്ന നിലയിലാണ്.

ബിനീഷ്, ഭാര്യ അനുമോൾ മാത്യു, മക്കളായ ജൊവാന, ജെസ്‌വിൻ.
ബിനീഷ്, ഭാര്യ അനുമോൾ മാത്യു, മക്കളായ ജൊവാന, ജെസ്‌വിൻ.

കിടപ്പുമുറിയിൽ തീപിടിത്തം: അങ്കമാലിയിൽ നാലംഗ കുടുംബം പൊള്ളലേറ്റു മരിച്ച നിലയിൽ 
അങ്കമാലി ∙ ‌ടൗണിനു സമീപം പറക്കുളം റോഡിൽ ഇരുനില വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിലാണ് നാലംഗ കുടുംബത്തെ തീപിടിച്ചു വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യമ്പിള്ളി പരേതനായ എ.പി. കുര്യച്ചന്റെ മകൻ മലഞ്ചരക്ക് വ്യാപാരി ബിനീഷ് കുര്യൻ(45), ഭാര്യ അനുമോൾ മാത്യു(40), മക്കളായ ജൊവാന ബി. കുര്യൻ(8), ജെസ്‌വിൻ ബി. കുര്യൻ (6) എന്നിവരെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ താഴത്തെ നിലയിൽ ഉറങ്ങിയിരുന്ന അമ്മ ചിന്നമ്മ (72) രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊള്ളലേറ്റാണു മരണ‌മെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിനു മുൻപ് പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു എന്നും സംശയിക്കുന്നു.

പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹങ്ങൾ അങ്കമാലി സ്വകാര്യ ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ വീട്ടിലേക്കു കൊണ്ടുപോകും. നാലു പേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു തറയിൽ വീണ നിലയിലായിരുന്നു. ഇവർ കിടന്ന 2 കട്ടിലുകളും മുറിയുടെ വശങ്ങളിലെ ജനലുകളും ഫാനും ഉൾപ്പെടെ കത്തിനശിച്ചു. മുറിയുടെ ഭിത്തിക്കു പൊട്ടൽ വീണിട്ടുണ്ട്. എസിയുടെ ഭാഗങ്ങൾ ഉരുകി താഴെ വീണ നിലയിലാണ്.പുലർച്ചെ നാലരയ്ക്ക് പ്രാർഥനയ്ക്ക് എഴുന്നേറ്റപ്പോഴാണു മുകളിലെ നിലയിൽ നിന്നുള്ള ശബ്ദം ചിന്നമ്മ കേട്ടത്. തീ പടരുന്നതു കണ്ടു ചിന്നമ്മയും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ജോലിക്കാരൻ ഒഡീഷ സ്വദേശി നിരഞ്ജൻ കുണ്ഡലയും ചേർന്നു കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

വഴിയിലൂടെ പോയ പത്ര വിതരണക്കാരൻ തീ കണ്ട് അയൽവാസികളെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീ പടർന്നു പിടിച്ചതോടെ മുറിയുടെ സമീപത്തേക്കു പോകാൻ കഴിയാത്ത നിലയായി. അഗ്നിരക്ഷാ സേനയെത്തി 6 മണിയോടെയാണു തീ പൂർണമായും അണച്ചത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറും പരിശോധന നടത്തി.

നാലു പേരുടെയും സംസ്കാരം ഇന്ന് 12.30ന് അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടക്കും. ബിനീഷിന് എംസി റോഡിൽ മലഞ്ചരക്ക് കടയും ഉത്തരേന്ത്യൻ വിപണിയിലേക്കു മലഞ്ചരക്ക് കയറ്റി അയയ്ക്കുന്ന ബിസിനസുമുണ്ട്. മൂക്കന്നൂർ എംഎജിജെ ആശുപത്രി ക്യാംപസിലെ ബിഎസ്‌സി എംഎൽടി കോളജ് വൈസ് പ്രിൻസിപ്പലാണ് അനുമോൾ. തൊടുപുഴ കോശ്ശേരി മാത്യുവിന്റെയും ചാച്ചമ്മയുടെയും മകളാണ്. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂൾ വിദ്യാർഥികളായ ജൊവാന മൂന്നാം ക്ലാസിലും ജെസ്‌വിൻ ഒന്നാം ക്ലാസിലുമാണു പഠിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com