നെടുമ്പാശേരി വിമാനത്താവള റോഡ് കവലയിൽ പെടാപ്പാട്; പരിഷ്കാരം പാരയായി, പരിഹാരം അകലെ
Mail This Article
നെടുമ്പാശേരി ∙ അത്താണി വിമാനത്താവള റോഡ് കവലയിലെയും ടൗൺ കവലയിലെയും പുതിയ ഗതാഗത പരിഷ്കാരത്തിൽ പരാതികളേറെ. വിമാനത്താവള റോഡ് കവലയിലെ പരിഷ്കാരം മൂലം അത്താണി അസീസി സ്കൂളിലെ വിദ്യാർഥികൾ ദുരിതത്തിലായെന്ന് സ്കൂൾ അധികൃതർ. ഗതാഗതക്കുരുക്ക് മൂലം സമയ നിഷ്ഠ പാലിച്ച് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകുന്നില്ലെന്ന് മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. ആലുവയിൽ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് സിഗ്നൽ ഒഴിവാക്കിയതിനാൽ അത്താണിയിൽ നിന്ന് കാൽനടയായും സൈക്കിളിലും വരുന്ന വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയാണ്.
ഇവിടെ സ്കൂളിന് മുൻപിൽ സീബ്രാ ക്രോസിങ് ഉണ്ടെങ്കിലും രാവിലെയുള്ള വാഹനങ്ങളുടെ അമിത വേഗവും തിരക്കും അപകടം ഉണ്ടാക്കുന്നു.കഴിഞ്ഞദിവസം റോഡ് മുറിച്ച് കടന്ന് സ്കൂളിലേക്ക് വന്ന സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ആലുവ ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് പരുക്കേൽപ്പിച്ചു. സ്കൂൾ പിടിഎ യോഗം ചേർന്ന് ജീവന് ഭീഷണിയായി മാറിയിരിക്കുന്ന അപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അത്താണി ടൗൺ കവലയിലെ സിഗ്നലുകളുടെ സമയത്തിൽ വരുത്തിയ മാറ്റമാണ് സ്വകാര്യ ബസുകളെ പ്രത്യേകിച്ചും മറ്റ് വാഹനങ്ങളെ പൊതുവേയും ബാധിച്ചിരിക്കുന്നത്.
അങ്കമാലി ഭാഗത്ത് നിന്നുള്ള മാള, മാഞ്ഞാലി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന അറുപതോളം സ്വകാര്യ ബസുകളാണ് ഉള്ളത്. അത്താണി കവലയിൽ ചെങ്ങമനാട് ഭാഗത്തേക്ക് തിരിയാൻ നേരത്തെ 30 സെക്കൻഡ് ഉണ്ടായിരുന്നത്. 15 ആയി കുറവ് വരുത്തിയത് മൂലം നാലോ, അഞ്ചോ വാഹനങ്ങൾക്കു മാത്രമാണ് ഇപ്പോൾ കടന്നു പോകാൻ കഴിയുന്നത്. വീണ്ടും അടുത്ത സിഗ്നൽ ലഭിക്കുന്നതിന് 2 മിനിറ്റ് കാത്തു നിൽക്കണം.
ഇതോടെ വാഹനങ്ങളുടെ നിര നീളുകയും ട്രാഫിക് ലൈൻ തെറ്റുകയും വാഹനങ്ങൾ ഇടയ്ക്കു കയറി ഗതാഗതക്കുരുക്ക് ആവുകയും ചെയ്യും. സിഗ്നലിലെ അപാകതകൾ മൂലം കവലയിൽ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡിന് നടുവിൽ വീപ്പകൾ സ്ഥാപിച്ചതോടെ പൊതുവേ വീതി കുറഞ്ഞ റോഡിന്റെ വീതി വീണ്ടും കുറഞ്ഞു. സുഗമമായ ഗതാഗത ക്രമീകരണത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയതായി അസോസിയേഷൻ ഭാരവാഹികളായ എ.പി.ജിബി, ബി.ഒ.ഡേവീസ്, ടി.എസ്.സിജുകുമാർ എന്നിവർ അറിയിച്ചു.