ADVERTISEMENT

ചാലക്കുടി ∙ ഇതുപൊലൊരു വീട് സ്വന്തമായിരുന്നെങ്കിൽ എന്നു വഴിയേ പോകുന്നവർ പോലും കൗതുകത്തോടെയും നോക്കിയിരുന്ന വീടുകൾക്കും കിട്ടി നഗരസഭയുടെ നോട്ടിസ്: ‘നിങ്ങളുടെ വീട് അൺഫിറ്റാണ്. നോട്ടിസ് കിട്ടിയാലുടൻ സ്വന്തം ചെലവിൽ പൊളിച്ചുനീക്കണം’. തപാൽ വഴി കിട്ടിയ നോട്ടിസ് കണ്ട് വീട്ടുകാർ ഞെട്ടി.

സത്യാവസ്ഥ അറിയാൻ നഗരസഭ ഓഫിസിലേക്ക് ഓടിയവരോടു നഗരസഭയിലെ ഉദ്യോഗസ്ഥർ പറഞ്ഞു: ‘തെറ്റു പറ്റിയതാണ്. ക്ഷമിക്കണം. നിങ്ങളുടെ വീടു പൊളിക്കേണ്ട. വീഴ്ച പറ്റിയതാണ്’. 15 വർഷം മാത്രം പഴക്കമുള്ള തന്റെ വീട് പൊളിക്കണമെന്ന ഉത്തരവു ലഭിച്ചതായി എൻസിപി സംസ്ഥാന കമ്മിറ്റി അംഗം വരാപ്പുഴക്കാരൻ വി.ഐ.പോൾ പറഞ്ഞു. 

നഗരസഭയിലെ 150 മുതൽ 200 വരെ വർഷം പഴക്കമുള്ള കെട്ടിടങ്ങളും വീടുകളും ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നഗരസഭയിൽനിന്നു നോട്ടിസ് അയച്ചത്. റിപ്പോർട്ടിൽ വീട്ടുനമ്പർ രേഖപ്പെടുത്തിയതിലെ പിഴവാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.

കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ഈ ഉത്തരവ് അപ്പാടെ മരവിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. പരിശോധനയ്ക്കു പോയ നഗരസഭയിലെ റവന്യു ഓഫിസർക്കു സംഭവിച്ച വീഴ്ച തിരുത്തി പുതിയ ഉത്തരവ് ഇറക്കാനാണു തീരുമാനം. നഗരസഭാ അസി.എൻജിനീയർ നേരിട്ടു പോയി പരിശോധിച്ചു സ്ഥലത്തുവച്ചു തന്നെ കെട്ടിട നമ്പറും വിലാസവും രേഖപ്പെടുത്തിയ ശേഷം പുതിയ ഉത്തരവു തയാറാക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com