മെമു വേണോ, എംപിമാർ ഇടപെടണം; പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ സമയ ദൈർഘ്യം ഒന്നര മണിക്കൂർ
Mail This Article
കൊച്ചി ∙ കോട്ടയം വഴി എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലേക്കുള്ള പുതിയ മെമു വേണമെങ്കിൽ ഇനി ഇടപെടേണ്ടതു ജനപ്രതിനിധികൾ. കൊല്ലം, കോട്ടയം ഭാഗത്തു നിന്നു രാവിലെ എറണാകുളം സൗത്തിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ ഏറെനാളത്തെ ആവശ്യമാണു പുതിയ മെമു. കോട്ടയം പാതയിൽ രാവിലെ തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും ഇടയിലുള്ള സമയ ദൈർഘ്യം ഒന്നര മണിക്കൂറാണ്.
രാവിലെ ഈ സമയം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ യാത്രക്കാരാണ് ഏറെ വലയുന്നത്. പ്രവൃത്തിദിവസങ്ങളിൽ ഈ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കാണ്. വന്ദേഭാരത് രാവിലെ കോട്ടയം വഴിയുണ്ടെങ്കിലും സ്ഥിരയാത്രക്കാർക്കു പ്രയോജനപ്പെടില്ല. പുതിയ മെമു എന്ന ആവശ്യത്തോടു തിരുവനന്തപുരം ഡിവിഷന് അനുകൂല നിലപാടായിരുന്നു. ഇതിനിടെയാണു ദക്ഷിണ റെയിൽവേയിലെ ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ സ്ഥലം മാറിയത്. പുതിയയാൾ സ്ഥാനമേറ്റിട്ട് അധികനാളായില്ല.
പുതിയ മെമു അത്യാവശ്യമെന്ന് ആദ്യം മുതൽ ഇനി ദക്ഷിണ റെയിൽവേ അധികൃതരെ ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണ്. ഇക്കാര്യത്തിലാണു ജനപ്രതിനിധികളുടെ ഇടപെടൽ വേണ്ടിവരുന്നത്. കായംകുളം– എറണാകുളം അല്ലെങ്കിൽ കൊല്ലം– എറണാകുളം മെമു എന്ന ആവശ്യം ദക്ഷിണ റെയിൽവേ അധികൃതരോട് ആവശ്യപ്പെടേണ്ടതു കൊല്ലം, മാവേലിക്കര, കോട്ടയം, എറണാകുളം എംപിമാരാണ്. വേണാട് എക്സ്പ്രസ് സൗത്ത് സ്റ്റേഷൻ ഒഴിവാക്കി ടൗൺ സ്റ്റേഷൻ വഴി പോകുന്നതു മൂലം ഒരു വിഭാഗം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിനും പരിഹാരമാകും പുതിയ മെമു. പാലരുവിക്കും വേണാടിനുമിടയിൽ വന്ദേഭാരത് ഓടുന്നതിനാൽ എല്ലായിടത്തും സ്റ്റോപ് നൽകി മെമു ഓടിക്കുന്നതു പ്രായോഗികമല്ലെന്നു റെയിൽവേ നിലപാടുണ്ട്.