ADVERTISEMENT

കൊച്ചി ∙ തൃപ്പൂണിത്തുറയിൽ നിന്നു കാക്കനാട് വഴി കളമശേരിക്കു മെട്രോ റെയിലിനു വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനിൽ നിർദേശം. മെട്രോ ആലുവയിൽ നിന്നു അങ്കമാലിക്കും ദീർഘിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി നഗരത്തിന്റെ ഇനിയുള്ള വളർച്ച ഇൗ മേഖല കേന്ദ്രീകരിച്ചായിരിക്കുമെന്നതിനാൽ തൃപ്പൂണിത്തുറയെ സീ പോർട്ട്–എയർപോർട്ട് റോഡ് വഴി കളമശേരിയുമായി ബന്ധിപ്പിച്ചു സർക്കുലർ മെട്രോ സർവീസ് അനിവാര്യമാകുമെന്നാണു മൊബിലിറ്റി പ്ലാൻ തയാറാക്കിയ അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയുടെ ശുപാർശ.

ആലുവയിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിച്ച് അങ്കമാലിക്കു മെട്രോ നീട്ടാൻ നേരത്തേ തന്നെ ശുപാർശയുണ്ട്. മെട്രോയുടെ അടുത്ത ഘട്ടമായി കെഎംആർഎൽ ഇതു പരിഗണിക്കുന്നുണ്ട്. 14.1 കിലോമീറ്ററാണ് തൃപ്പൂണിത്തുറ– കളമശേരി ൈലനിന്റെ നീളം. ആലുവ– അങ്കമാലിക്ക് 18 കിലോമീറ്റർ ദൂരം വരും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ നിലവിൽ 28.2 കിലോമീറ്ററാണു മെട്രോ സർവീസ് നടത്തുന്നത്.

പറവൂർ മുതൽ അരൂർ വരെ വിപുലമായ പൊതു ഗതാഗത സംവിധാനത്തിന്റെ ആവശ്യമുണ്ടെങ്കിലും ഇൗ റൂട്ടിൽ മെട്രോയുടെ ആവശ്യകതയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ് ഇൗ റൂട്ടിൽ നിർദേശിക്കുന്നത്. ബസുകൾക്കും ആംബുലൻസുകൾക്കും പ്രത്യേകം ട്രാക്ക് ഉൾപ്പെടുന്ന ബസ് പ്രയോറിറ്റി കോറിഡോർ ആയിരിക്കും ഇത്.ആലുവ, കളമശേരി, അങ്കമാലി, തൃപ്പൂണിത്തുറ, കാക്കനാട്, പറവൂർ, വല്ലാർപാടം എന്നിവയെ ഗ്രോത്ത് സെന്ററുകളായി കണ്ട് ഇൗ ഹബ്ബുകളെ ബന്ധിപ്പിച്ചുള്ള പൊതു ഗതാഗത സംവിധാനത്തിനു മുൻഗണന നൽകാനാണു കരട് ഗതാഗത പ്ലാനിലെ മറ്റൊരു നിർദേശം.

നഗരത്തിലെ ഗതാഗത മേഖലയെ സംബന്ധിച്ചു വിശദമായ പഠനം നടത്തിയാണു റിപ്പോർട്ട് തയാറാക്കിയത്. ഇൻഫോപാർക്കിൽ നിന്നു തെങ്ങോട് വരെയുള്ള റോഡ് ആണ് നഗരത്തിലെ ഏറ്റവും കുറഞ്ഞ വേഗത്തിൽ ഗതാഗതം സാധ്യമായ റോഡ് ആയി കണ്ടെത്തിയത്. 1.84 കിലോമീറ്റർ മാത്രം നീളമുള്ള ഇൗ റോഡിൽ തിരക്കുള്ള സമയത്ത് മണിക്കൂറിൽ 9.22 കിലോമീറ്റർ മാത്രമാണ് വേഗം. അല്ലാത്ത സമയത്തുള്ള വേഗം 11.64 കിലോമീറ്റർ. ബാനർജി റോഡ് ആണ് രണ്ടാമത്. തിരക്കുള്ള സമയത്ത് 12.8 കിലോമീറ്റർ വേഗം മാത്രമാണിവിടെ. എസ്എ റോഡ്, ഇൻഫോപാർക്ക് റോഡ്, എറണാകുളം– തിരുവാങ്കുളം റോഡ്, എംജി റോഡ്, ഇൻഫോപാർക്ക് – തെങ്ങോട് റോഡ്, ബാനർജി റോഡ് എന്നിവയാണു നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള റോഡുകളെന്നും പഠനത്തിൽ കണ്ടെത്തി.

English Summary:

New Kochi Metro Line Proposal: Tripunithura to Kalamassery via Kakkanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com