ADVERTISEMENT

കൊച്ചി ∙ വയനാട്ടിൽ ജലം കൊണ്ടു മുറിവേറ്റവരുടെ കണ്ണീർ നമുക്കും മുന്നറിയിപ്പാണ്. കടൽ കയറി വരുന്ന ജലത്തെയാണു പേടിക്കേണ്ടത്. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത 75 വർഷത്തിനപ്പുറം കടൽ ജലനിരപ്പുയർന്നു കൊച്ചിയിലെ 15.61 ചതുരശ്ര കിലോമീറ്റർ ഭാഗത്തു വെള്ളക്കെട്ടാകാമെന്നു റിപ്പോർട്ട്. ഓരോ വർഷവും കൂടിക്കൂടി വരുന്ന കടൽ ജലനിരപ്പ് സൃഷ്ടിക്കുന്ന വെല്ലുവിളി ഏറ്റവും കൂടുതൽ നേരിടുന്ന നഗരങ്ങളിലൊന്നാണു കൊച്ചി.

കാർബൺ ബഹിർഗമനം മിതമായ നിരക്കിൽ തുടർന്നാൽ പോലും 2100 ആകുമ്പോഴേക്കും കൊച്ചിയിലെ കടൽ ജലനിരപ്പ് 74.9 സെമി വരെ ഉയരാനുള്ള സാധ്യതയാണു ബെംഗളൂരുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠന റിപ്പോർട്ട് പറയുന്നത്. 30 വർഷത്തിനിടയിൽ (1990–2019) കൊച്ചിയിലെ കടൽ ജലനിരപ്പ് 2.213 സെന്റിമീറ്ററാണ് ഉയർന്നത്. പ്രതിവർഷം ഉയരുന്നത് 0.158 സെമി എന്ന കണക്കിൽ. കടൽ ജലനിരപ്പ് ഉയരുന്നതിന്റെ നിരക്കും കാർബൺ ബഹിർഗമന തോതും വിലയിരുത്തിയാണു സിഎസ്ടിഇപി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

സുഭാഷ് പാർക്ക് മുങ്ങുമോ?
2100 ആകുമ്പോഴേക്കും തീരത്തോടു ചേർന്നു കിടക്കുന്ന കൊച്ചിയുടെ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യത റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. മട്ടാഞ്ചേരി വാർഫ്, ഫോർട്ട് കൊച്ചി ബീച്ച്, സുഭാഷ് ബോസ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതാണെന്നു റിപ്പോർട്ടിൽ പറയുന്നു.

"കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന നഗരമാണു കൊച്ചി. ജീവിതശൈലിയിലും വീക്ഷണത്തിലും മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ റിപ്പോർട്ടുകൾ പലതും ശരിയായി വരും. ഇതിനെ മറികടക്കാനുള്ള ഇടപെടലുകൾ കോർപറേഷൻ നടത്തുന്നുണ്ട്. കൂടുതൽ സജീവമായി ഇടപെട്ടില്ലെങ്കിൽ വിവരണാതീതമായ വെല്ലുവിളികൾ നേരിടേണ്ടി വരും’’.

കടൽ ജലനിരപ്പ് വർധന ആഗോള ഭീഷണി
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കൂടുന്നത് ആഗോള താപനില വർധിക്കാൻ കാരണമാകും. ഇതു സമുദ്ര താപനില വർധിപ്പിക്കും. ഇതു മൂലം മഞ്ഞുമലകൾ ഉരുകുകയും കടൽ ജലനിരപ്പ് ഉയരുകയും ചെയ്യും. കാർബൺ ബഹിർഗമനം ഉയർന്ന തോതിൽ തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും കടൽ ജലനിരപ്പ് ആഗോള തലത്തിൽ 1.3 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരാമെന്ന് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നേരത്തേ നിരീക്ഷിച്ചിരുന്നു. ബ്രിട്ടിഷുകാരുടെ കാലം മുതൽ തീരദേശ നഗരങ്ങളാണു രാജ്യത്തിന്റെ സാമ്പത്തിക ഹബ്. കടൽ ജലനിരപ്പ് ഉയരുന്നത് തീരശോഷണത്തിനും തീരദേശ നഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും.

വെള്ളക്കെട്ടിനുള്ള സാധ്യതകൾ
2040: 1.15%* (5.08 ചതുരശ്ര കിമീ)
2060: 1.60% (7.04 ചതുരശ്ര കിമീ)
2080: 2.85% (12.55 ചതുരശ്ര കിമീ)
2100: 3.55% (15.61 ചതുരശ്ര കിമീ)
(കൊച്ചിയുടെ മൊത്തം വിസ്തൃതിയുടെ എത്ര ശതമാനം ഭാഗത്തു വെള്ളക്കെട്ടുണ്ടാകാമെന്നത്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com