ADVERTISEMENT

പിറവം ∙ കഴിഞ്ഞ വേനൽകാലം. നെച്ചൂരിനു സമീപം പുഴയിൽ മുങ്ങി നിവർന്നയാളുടെ സമീപത്തു കൂടി ഒരു പ്ലാസ്റ്റിക് കവർ ഒഴുകി പോകുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കോഴിക്കടയിൽ നിന്നുള്ള  അവശിഷ്ടം. ഓരോ വേനൽ കാലത്തും നീരൊഴുക്കു കുറയുന്നതോടെ ഇത്തരം സംഭവങ്ങൾ കാണുന്നതിനാൽ അദ്ദേഹത്തിനു പുതുമ  തോന്നിയില്ല. പക്ഷെ മധ്യകേരളത്തിലെ പ്രധാന ജല സ്രോതസ്സായ പുഴയിൽ ഓരോ സീസണിലും മാലിന്യത്തോത് ഉയരുന്നതിന്റെ നേർ കാഴ്ചയാണത്. ‍

അവയിൽ അറവു മാലിന്യമുണ്ട്, ശുചിമുറി മാലിന്യം ഉൾപ്പെടെ ടൗണിലെ ഓടകളിൽ നിന്നുള്ള മലിന ജലമുണ്ട്..... മധ്യകേരളത്തിലെ ഒട്ടേറെ ശുദ്ധജലവിതരണ പദ്ധതികളിലൂടെ വിതരണം ചെയ്യുന്നതിനു വെള്ളം ശേഖരിക്കുന്ന പുഴയിലാണ് ഇൗ ദുരവസ്ഥ. മാലിന്യം തടയുന്നതിനും  പലപ്പോഴായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയില്ല. നേരത്തെ റവന്യപ വകുപ്പ് പരിശോധന നടത്തിയ തയാറാക്കിയ റിപ്പോർട്ടിനും എന്തു സംഭവിച്ചു എന്നതു വ്യക്തതയില്ല. 

28 ലക്ഷം ഗുണഭോക്താക്കൾക്ക് പുഴയിൽ നിന്നു  ശുദ്ധജലം എത്തിക്കുന്നതായാണ് ജല അതോറിറ്റിയുടെ കണക്ക്. എറണാകുളത്തിനു പുറമേ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിലേക്കും ഇവിടെ നിന്നു വെള്ളം സംഭരിക്കുന്നു. നേരത്തെ കടുത്ത വേനലിൽ പുഴ വറ്റിപ്പോയിരുന്നു. ഇടുക്കി പദ്ധതിയിൽ വൈദ്യുതി ഉൽപാദിപ്പിച്ചതിനു ശേഷം പുറന്തള്ളുന്ന വെള്ളം ലഭിച്ചു തുടങ്ങിയതോടെയാണു ജലം സമൃദ്ധമായത്. പിന്നാലെ ചെറുതും വലുതുമായ ഒട്ടേറെ ശുദ്ധജല പദ്ധതികൾ  പൂർത്തിയായി. 

എന്നാൽ ഉദ്ഭവ സ്ഥാനമായ അറക്കുളം മുതൽ വേമ്പനാട്ടു കായലിലേക്കു ചേരുന്ന ഭാഗം വരെ ഉള്ള ടൗണുകളിൽ നിന്നുള്ള ഓടകളെല്ലാം തുറക്കുന്നത് പുഴയിലേക്കാണ്. ടൗണുകൾ വികസിക്കുന്നതിനു മുൻപു മാലിന്യ തോത് കുറവായിരുന്നുവെങ്കിലും ഇപ്പോൾ ആശുപത്രി മാലിന്യവും കമ്പനികളിൽ നിന്നുള്ള മലിനജലവും  ഒഴുക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

പമ്പിങ് സ്റ്റേഷനുകളുടെ സമീപത്തു  മാലിന്യം  തടയുന്നതിനു ഇരുമ്പുവേലി കെട്ടിയിട്ടുണ്ട്. പുഴയുടെ കുറുകെ പാലങ്ങളിൽ നിന്നാണു  മാലിന്യം തള്ളുന്നതെന്നാണു കണ്ടെത്തിയിട്ടുള്ളത്.പാലത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും വഴിവിളക്കു സ്ഥാപിക്കുന്നതിനുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ പ്രഖ്യാപനം ഉണ്ടാകാറുണ്ട്. ഓടകളിൽ നിന്നു വെള്ളം ശുചീകരിച്ചു പുഴയിലേക്കു തുറന്നു വിടുന്നതും പ്രഖ്യാപിച്ചിരുന്നു. ഒരിടത്തു പോലും ഇവയൊന്നും യാഥാർഥ്യമായില്ല.

English Summary:

Garbage is increasing in Muvattupuzha River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com