സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തി; പിന്നാലെ തിരക്കഥയിലില്ലാത്ത ട്വിസ്റ്റോട് ട്വിസ്റ്റ് !
Mail This Article
കോതമംഗലം∙ തെലുങ്കു സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാന ഇടഞ്ഞോടി കാടുകയറി. തുണ്ടത്തിൽ വനമേഖലയിലെ ഭൂതത്താൻകെട്ട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനു സമീപമാണു സംഭവം. നിബിഡ വനമേഖലയിലേക്കു കടന്ന പുതുപ്പള്ളി സാധു എന്ന കൊമ്പനെ ഇന്ന് രാവിലെ വനാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെ കണ്ടെത്തി. തടത്താവിള മണികണ്ഠൻ എന്ന ആനയുമായി കൊമ്പുകോർത്തതിനെ തുടർന്നാണു സാധു ഉൾവനത്തിലേക്ക് ഓടിപ്പോയത്.
സിനിമയിൽ കാട്ടാനകളായി അഭിനയിക്കാൻ കൊണ്ടുവന്ന ആനകളുടെ ചങ്ങല മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തിയതോടെയാണു തിരക്കഥയിലില്ലാത്ത ട്വിസ്റ്റുകളുടെ തുടക്കം. ആനകൾ തമ്മിൽ വീണ്ടും കുത്തുണ്ടായതോടെ രണ്ടും വിരണ്ടു കാട്ടിലേക്കോടി. മണികണ്ഠനെ വൈകാതെ തിരഞ്ഞു കണ്ടെത്തി തിരികെയെത്തിച്ചു.
എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടി നിബിഡ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ബഹളത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലർക്കു പരുക്കേൽക്കുകയും ചെയ്തു. ആനയ്ക്കായി വനപാലകരും പാപ്പാൻമാരും ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരും ചേർന്നു നടത്തിയ തിരച്ചിൽ രാത്രി നിർത്തി വച്ചിരുന്നു.
എപ്പോഴും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ് സ്ഥലത്തെത്തിയാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. ഭൂതത്താൻകെട്ടിനും ഇടമലയാറിനും ഇടയ്ക്കുള്ള വനമേഖലയിൽ വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ 30 മുതൽ നടക്കുകയാണ്. സ്പ്രിന്റ് സ്ക്രീൻ പ്രൊഡക്‌ഷൻസിന്റെ നിഷാദ് ഖാനാണു ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയിട്ടുള്ളത്. 3 പിടിയാനകളും 2 കൊമ്പൻമാരുമാണു ഷൂട്ടിങ്ങിനുള്ളത്. വനംവകുപ്പിന്റെ അനുമതിയോടെയായിരുന്നു ഷൂട്ടിങ്.