ടെസ്സി ഇരുട്ടിൽ ഓടിയെത്തി, തന്നേക്കാൾ മൂന്നിരട്ടി നീളമുള്ള ഇരുമ്പ് കോണിയുമായി; രക്ഷാ ദൗത്യം 25 മിനിറ്റിൽ പൂർണം, ബിഗ് സല്യൂട്ട്
Mail This Article
കോലഞ്ചേരി ∙ കിണറ്റിൽ കിടക്കുന്ന 2 പേരെ രക്ഷിക്കാൻ ടെസ്സി ഇരുട്ടിൽ ഓടിയെത്തിയത് തന്നേക്കാൾ മൂന്നിരട്ടി നീളമുള്ള ഇരുമ്പ് കോണിയുമായി. പുളിഞ്ചോട് ചാക്കപ്പൻ കവലയിൽ വെള്ളിയാഴ്ച രാത്രി കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ പെട്ടവരെ കരകയറ്റാൻ ഇൗ വീട്ടമ്മ ഉൾപ്പെടെ നാട്ടുകാരും ഫയർഫോഴ്സും നടത്തിയ രക്ഷാ പ്രവർത്തനത്തിന് ബിഗ് സല്യൂട്ട്. ഐക്കാട്ടുതറ ടെസി (54) കോണിയുമായി ഓടിയെത്തിയപ്പോഴേക്കും അടുത്ത വീട്ടിൽ നിന്ന് കയറെത്തി. കയറിൽ കെട്ടി കോണി കിണറ്റിലേക്ക്. മനോധൈര്യം വിടാതെ നിന്ന കാർത്തിക്, ഭാര്യ വിസ്മയയോട് ആദ്യം കോണിയിൽ പിടിച്ച് കരയ്ക്കു കയറാൻ നിർദേശിച്ചു. പിന്നീടാണ് കാർത്തിക് കയറിയത്. ടെസിയുടെ ഭർതൃ പിതാവ് എ.വി. ചാക്കപ്പൻ, കയർ കടയിലെ തൊഴിലാളി അസം സ്വദേശി മൈനുൾ ഹക്ക്, പച്ചക്കറിക്കട നടത്തുന്ന സിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിസരവാസികളും ഫയർഫോഴ്സും നടത്തിയ രക്ഷാ ദൗത്യം 25 മിനിറ്റിൽ പൂർണം.
ചാക്കപ്പൻ കവലയിൽ കട നടത്തുന്ന എ.വി. ചാക്കപ്പൻ ഉൾപ്പെടെ വ്യാപാരികളും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പരിചയ സമ്പന്നരായത് ഇവിടെ പൊതുമരാമത്ത് വകുപ്പ് ഒരു ചപ്പാത്ത് നിർമിച്ചതോടെയാണ്. റോഡിലെ ചപ്പാത്തിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവു കാഴ്ചയാണ്. സൂചനാ ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്ത നാൽക്കവലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും ഒട്ടേറെ. കാർ വീണ കിണറിന്റെ സംരക്ഷണ ഭിത്തി മാസങ്ങൾക്കു മുൻപ് മറ്റൊരു കാർ ഇടിച്ചു തകർത്തിരുന്നു. അതു പുതുക്കി പണിതിട്ട് ഏറെ നാൾ ആയില്ല. നിയന്ത്രണം വിട്ടും കൂട്ടിയിടിച്ചും വരുന്ന വണ്ടികൾ കടകളിലേക്ക് ഇടിച്ചു കയറിയുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. വലിയ ദുരന്തത്തിനു കാത്തിരിക്കുന്ന നിലപാടാണ് അധികൃതരുടെതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.