നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു; ദമ്പതികൾ രക്ഷപ്പെട്ടു
Mail This Article
കോലഞ്ചേരി ∙ പാങ്കോട് പുളിഞ്ചോടിനു സമീപം ചാക്കപ്പൻ കവലയിൽ കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു. യാത്രക്കാരായ യുവ ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ ഇടത്തല നൊച്ചിമ മീന സദനം കാർത്തിക് എം. അനിൽ (27), ഭാര്യ വിസ്മയ (26) എന്നിവരാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വെള്ളി രാത്രി 9.15ന് ആയിരുന്നു അപകടം. ചാക്കപ്പൻ കവലയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപുള്ള ചപ്പാത്തിൽ ചാടിയ വണ്ടി നിയന്ത്രണം വിട്ട് 25 മീറ്ററോളം കുതിച്ചു നീങ്ങിയ ശേഷമാണ് സംരക്ഷണ ഭിത്തി തകർത്ത് റോഡിൽ നിന്ന് 10 അടി മാറിയുള്ള പഞ്ചായത്ത് കിണറ്റിൽ വീണത്.
കിണറിന്റെ ഉൾ ഭിത്തിയിൽ തട്ടി കാർ സാവധാനം പതിച്ചതും യാത്രക്കാർക്ക് രക്ഷയായി. 5 അടിയോളം വെള്ളമുണ്ടായിരുന്നു. െവള്ളം കയറി വരുന്നതിനിടയിൽ ഇവർ പിൻവശത്തെ ഡോറിലൂടെ വണ്ടിക്കു മുകളിലെത്തി കിണറിന്റെ ഭിത്തിയിൽ പിടിച്ചു നിന്നു.ഓടിക്കൂടിയ സമീപവാസികൾ കയർ കെട്ടി ഇറക്കിയ ഏണിയിൽ കയറി വിസ്മയയും പിന്നാലെ കാർത്തിക്കും കരയിലെത്തി.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് കാറും പുറത്തെടുത്തു. ജംക്‌ഷനിൽ ആളുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. രക്ഷാ പ്രവർത്തനം വേഗത്തിൽ നടത്താൻ ഇതു കാരണമായി.