‘ആറ്റുണ്ട’യ്ക്ക് ഇനി കൃത്രിമ ആവാസ വ്യവസ്ഥയിലും ജനിക്കാം; വിദേശത്ത് ഏറ്റവും ഡിമാൻഡ് ഉള്ള മത്സ്യം
Mail This Article
കൊച്ചി∙ ഇന്ത്യയിൽ ലഭ്യമായ അലങ്കാര മത്സ്യ ഇനങ്ങളിൽ വിദേശത്ത് ഏറ്റവും ഡിമാൻഡ് ഉള്ള മലബാർ ഡ്വാർഫ് പഫർ ഫിഷിന്റെ (ആറ്റുണ്ട) പ്രജനനം കൃത്രിമ ആവാസ വ്യവസ്ഥയിലും സാധിക്കുമെന്നു കണ്ടെത്തൽ. കുഫോസിലെ ഡോ. ബിനു വർഗീസിന്റെ നേതൃത്വത്തിൽ ബി. എൽ. ചന്ദന, ആഷ്‌ലി സനൽ, ഡോ. രാജീവ് രാഘവൻ എന്നിവരുൾപ്പെട്ട സംഘമാണു പഠനം നടത്തിയത്. ലോകത്തെ ഏറ്റവും ചെറിയ പഫർ മത്സ്യങ്ങളായ ഇവ പ്രതിവർഷം 10 ലക്ഷത്തിലേറെ കയറ്റി അയയ്ക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ, കേരളത്തിലെ നദികളിലാണ് അധികം കാണപ്പെടുന്നത്. പൂർണ വളർച്ചയെത്തിയാൽ പോലും ഒന്നേകാൽ ഇഞ്ചിൽ കൂടുതൽ നീളം വയ്ക്കില്ല.
മറ്റു പഫർ മീനുകളെ പോലെ ആപത്ഘട്ടങ്ങളിൽ ശരീരം വീർപ്പിക്കുന്നതും ഇവയുടെ പ്രത്യേകതകളാണ്. കാലാവസ്ഥാ വ്യതിയാനം, ജല മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ സമീപകാലത്ത് ഇവയുടെ ലഭ്യതയിൽ ഇടിവുണ്ട്. ഈ സാഹചര്യത്തിൽ അലങ്കാര മത്സ്യ വിപണിയിലെ ഡിമാൻഡ് മുൻനിർത്തി, ഇവയുടെ അതിജീവനവും സംരക്ഷിത പ്രജനനവും ഉറപ്പാക്കാനുള്ള സാധ്യതകളാണു ശാസ്ത്രജ്ഞർ പഠന വിധേയമാക്കിയത്. ഇവയുടെ പ്രജനനവും ലഭ്യതയും വർധിപ്പിച്ചാൽ മൂല്യം കൂട്ടാനും കയറ്റുമതിയിൽ 4–5 മടങ്ങു വരെ നേട്ടം കൊയ്യാനും കഴിയുമെന്നു ഡോ. ബിനു വർഗീസ് പറഞ്ഞു. ആറ്റുണ്ടയുടെ കൃത്രിമ പ്രജനനം സംബന്ധിച്ച സാങ്കേതിക വിദ്യ കുഫോസ് ഗവേഷണ വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.