എന്റമ്മോ! എന്താ തിരക്ക്; മെമുവിൽ ദുരിതയാത്ര, നിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥ
Mail This Article
അരൂർ∙ ആലപ്പുഴയിൽ നിന്നു രാവിലെ എറണാകുളത്തേക്കു പുറപ്പെടുന്ന മെമു ട്രെയിനിൽ യാത്രാ ദുരിതം. യാത്രക്കാരുടെ ബാഹുല്യം മൂലം ട്രെയിനിൽ നിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. തിരക്കിൽ യാത്രക്കാർ കുഴഞ്ഞു വീഴുന്നതും പതിവാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മെമു ട്രെയിൻ ക്രോസിങ്ങിനായി ഏറെ നേരം പിടിച്ചിടുന്നതും ദുരിതം വർധിപ്പിക്കുന്നു. തുറവൂർ–അരൂർ ഉയരപ്പാത നിർമാണം തുടങ്ങിയതോടെയാണു ട്രെയിൻ യാത്രികരുടെ എണ്ണം ക്രമാതീതമായി കൂടിയത്.
സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ രാവിലെ എറണാകുളത്തേക്കുള്ള ട്രെയിനിൽ നൂറുകണക്കിനു യാത്രക്കാരാണ് സഞ്ചരിക്കുന്നത്. വൈകിട്ട് 6ന് എറണാകുളത്തു നിന്നു തിരികെ ആലപ്പുഴയിലേക്കുള്ള കായംകുളം പാസഞ്ചർ ട്രെയിൻ വന്ദേഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും അത്ര തന്നെ സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. പല ക്രോസിങ്ങിലും പെട്ട് ആലപ്പുഴയിൽ എത്തുമ്പോൾ രാത്രി 9 കഴിയും. കൊച്ചി പോലുള്ള മെട്രോ നഗരത്തിൽ തുച്ഛവരുമാനത്തിൽ ജോലി ചെയ്യുന്നവരടക്കം സഞ്ചരിക്കുന്ന ട്രെയിനുകളാണിവ.
മെമുവിലും മറ്റു പാസഞ്ചർ ട്രെയിനുകളിലും കൂടുതൽ ബോഗികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു തുറവൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സംഘടനയായ ഫണ്ട്സ് ഓൺ റെയിൽസ് പ്രതിഷേധ സംഗമം നടത്തി. ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശ്, ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ എന്നിവർ പ്രസംഗിച്ചു. യാത്രക്കാരുടെ നിവേദനം തുറവൂർ സ്റ്റേഷൻ മാസ്റ്റർക്കു ദലീമ ജോജോ എംഎൽഎ കൈമാറി.