ദിവ്യയുടെ 6 മിനിറ്റ് പ്രസംഗം; ന്യായീകരിച്ച് 60 മിനിറ്റ് വാദം; ‘ദിവ്യ 75 ചുമതല ഒരുമിച്ചു വഹിച്ച വ്യക്തി; 24 മണിക്കൂറും ജോലി’
Mail This Article
തലശ്ശേരി ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ വ്യക്തിപ്രഭാവവും അഴിമതിവിരുദ്ധ പ്രതിഛായയും ഉയർത്തി ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ. ആസൂത്രിത ഗൂഢാലോചനയെന്ന വാദമുയർത്തി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോടും അഡിഷനൽ മജിസ്ട്രേട്ടിനോടും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ വരാത്ത കാര്യങ്ങളിൽ ഇടപെടുകയും ഭീഷണിസ്വരത്തിൽ സംസാരിക്കുകയും ചെയ്തതിലൂടെ ദിവ്യ ചെയ്തതും ഗുരുതര അഴിമതിയാണെന്നു ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്.റാൽഫ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വീറോടെയുള്ള വാദപ്രതിവാദങ്ങളാണു നടന്നത്. രാവിലെ 11.20നു തുടങ്ങിയ വാദം ഉച്ചകഴിഞ്ഞ് 3.25നാണ് അവസാനിച്ചത്. ഉച്ചഭക്ഷണത്തിന് 50 മിനിറ്റ് ഇടവേളയെടുത്തു.
ദിവ്യയുടെ വിശദമായ ബയോഡേറ്റ അവതരിപ്പിച്ചായിരുന്നു അഡ്വ. കെ.വിശ്വന്റെ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെ 75 ചുമതലകൾ ഒന്നിച്ചു വഹിച്ചിരുന്ന വ്യക്തിയാണെന്നും അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ എടുത്തിരുന്നുവെന്നും വാദിച്ചു. മികച്ച പ്രവർത്തനങ്ങൾക്കു രാജ്യാന്തര പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ജോലി ചെയ്യുന്നു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ദിവസവും 200–250 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. ഇവയെല്ലാം പറഞ്ഞാണ് ദിവ്യയുടെ നേതൃപാടവും വ്യക്തിത്വ മികവും കെ.വിശ്വൻ അവതരിപ്പിച്ചത്.
എഡിഎം ഫയലുകൾ വൈകിപ്പിക്കുന്നുവെന്ന പരാതി ഗംഗാധരനും പ്രശാന്തും ഉന്നയിച്ചതുകൊണ്ടാണ് അതിനെതിരെ പ്രതികരിച്ചത്. ഇത് അഴിമതിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആറു മിനിറ്റ് മാത്രമുള്ള ദിവ്യയുടെ പ്രസംഗഭാഗം 60 മിനിറ്റെടുത്താണു വിശദീകരിച്ചത്. ഓരോ വാക്കും ഇഴകീറി സദുദ്ദേശ്യത്തോടെയെന്ന് വ്യഖ്യാനിച്ചായിരുന്നു വാദം. തന്റെ ചുമതലയെന്തെന്നു വ്യക്തമാക്കിക്കൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ വാദം തുടങ്ങിയത്. തുടക്കം മുതൽ ദിവ്യയുടെ അഭിഭാഷകൻ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ഇടപെട്ടു. ആദ്യ 10 മിനിറ്റെങ്കിലും തടസ്സമില്ലാതെ വാദിക്കാൻ അവസരം നൽകൂ എന്നാണു ജഡ്ജി പറഞ്ഞത്.
‘വഴിയേ പോകുമ്പോഴാണ് ഇങ്ങനെയൊരു യാത്രയയപ്പ് നടക്കുന്ന കാര്യം അറിഞ്ഞത്’ എന്നു പറഞ്ഞാണ് ദിവ്യ പ്രസംഗം തുടങ്ങുന്നത്. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഗംഗാധരന്റെ മൊഴിയിൽ കൈക്കൂലി ആരോപണമില്ല എന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം തടസ്സപ്പെടുത്താനും അഡ്വ. കെ.വിശ്വൻ ശ്രമിച്ചു. ദിവ്യയുടെ അഭിഭാഷകൻ ഹാജരാക്കിയ, ഗംഗാധരന്റെ പരാതിയിലെ പരാമർശം ഉദ്ധരിച്ചായിരുന്നു പ്രതിരോധം. തർക്കത്തിലേക്ക് നീണ്ടപ്പോൾ ജഡ്ജി വീണ്ടും ഇടപെട്ട് വാദം തുടരാൻ നിർദേശിച്ചു. വയൽ നികത്തലിന് സ്റ്റോപ് മെമ്മോ വാങ്ങിയത് പണം കൊടുത്താണെന്ന് സുകുമാരൻ എന്നൊരാൾ പറഞ്ഞറിഞ്ഞു എന്ന വാചകമാണ് എഡിഎമ്മിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
കേസന്വേഷണത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിനു വേണ്ടി ഹാജരായ ജോൺ എസ്.റാൽഫ് കോടതിയെ ബോധിപ്പിച്ചു. സർക്കാർ ചുമതലപ്പെടുത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ പി.ഗീത നടത്തിയ അന്വേഷണത്തിൽ മൊഴി നൽകാൻ ദിവ്യ ഹാജരായിട്ടില്ല. വിജിലൻസ് പ്രശാന്തിന്റെ മൊഴിയെടുത്തതായുള്ള വാദം വിശ്വസനീയമല്ല. സർക്കാരോ വിജിലൻസോ അറിയാത്ത പരാതി എങ്ങനെ വിജിലൻസ് അന്വേഷിക്കും? അഴിമതിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദിവ്യ, പെട്രോൾ പമ്പിന് എൻഒസിക്കു വേണ്ടി എഡിഎമ്മിൽ സമ്മർദം ചെലുത്തിയതു തന്നെ അഴിമതിയാണ്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രശാന്തിന് കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ സാധിക്കില്ല. ബെനാമി ഇടപാടാണെന്ന് ഉറപ്പാണ്. ആരാണ് ബെനാമി? ആർക്കുവേണ്ടിയാണ് അവർ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയത് ഇതെല്ലാം അന്വേഷിക്കണം. ബെനാമി ആരോപണം ഉയർത്തിയപ്പോഴും ദിവ്യയുടെ അഭിഭാഷകൻ തടസ്സവാദം ഉയർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.