ADVERTISEMENT

തൃശൂർ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ്   കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയും എന്നതിനാൽ ആ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വർണവിൽപന പൂർണമായി രേഖകളിൽ കൊണ്ടുവരേണ്ടതുണ്ട്.

 തൃശൂർ നഗരത്തിലെ സ്വർണാഭരണ നിർമാണശാലകളി‍ൽ പരിശോധനയ്ക്കായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ‘ഉല്ലാസയാത്ര’ ബാനർ കെട്ടിയ ബസുകളിൽ ഒന്ന്.
തൃശൂർ നഗരത്തിലെ സ്വർണാഭരണ നിർമാണശാലകളി‍ൽ പരിശോധനയ്ക്കായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ‘ഉല്ലാസയാത്ര’ ബാനർ കെട്ടിയ ബസുകളിൽ ഒന്ന്.

ടൊറേ ഡെൽ ഓറെ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഉപഭോക്താക്കളാണെന്ന് ഉറപ്പു വരുത്തി ഇവരെ ഇറക്കി വിട്ടു. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് സ്കൂൾ ബാഗിൽ സ്വർണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥർ ഓടിച്ചിട്ടു പിടിച്ചു. ബാഗിൽ ആറര കിലോഗ്രാം സ്വർണം ഉണ്ടായിരുന്നു. ഉടമസ്ഥരുടെയും പ്രധാന ജീവനക്കാരുടെയും ഫ്ലാറ്റുകളിലും വീടുകളിലും ഒരേസമയം പരിശോധന നടത്തി.

വിവരം ഒരുതരത്തിലും ചോരാതിരിക്കാനാണ് ഉദ്യോഗസ്ഥരെ ‘ഉല്ലാസയാത്ര’ എന്ന ബാനർ വച്ച ബസുകളിൽ എത്തിച്ചത്. പരിശീലനത്തിനായി എറണാകുളത്ത് എത്തിയ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഇന്നലെ എറണാകുളത്തു വിളിച്ചുകൂട്ടിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരോടും വടക്കുന്നാഥ ക്ഷേത്രം കാണാൻ പോകാമെന്നു പറഞ്ഞാണ് ടൂറിസ്റ്റ് ബസുകളിലും വാനുകളിലും കയറ്റിയത്. എഴുന്നൂറോളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

4 ബസുകളും വാനുകളുമാണ് ഇവർക്കായി തയാറാക്കിയത്. ബസുകൾക്കു പുറകിൽ അയൽക്കൂട്ടം അംഗങ്ങളുടെ ഉല്ലാസയാത്ര എന്നും മറ്റും ഫ്ലെക്സും സ്ഥാപിച്ചു. ഭക്ഷണം പാഴ്സൽ ആയി വാങ്ങി ഒഴിഞ്ഞ ഇടത്ത് ഇരുന്നു കഴിക്കുക കൂടി ചെയ്തപ്പോൾ ഉല്ലാസയാത്രയുടെ അതേ അനുഭവമായി. തേക്കിൻകാട് മൈതാനത്ത് എത്തി ബസിൽ നിന്നിറങ്ങിയ ശേഷം വിവിധ സംഘങ്ങളായി തിരിച്ച് ഓരോ സംഘത്തിനും മൊബൈലിൽ ഓരോ ലൊക്കേഷൻ അയച്ചുകൊടുത്ത് അവിടെ  പരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. ചിലർ ഓട്ടോയിലും ചിലർ കാൽനടയായുമാണ് ആഭരണ നിർമാണ യൂണിറ്റുകളിൽ എത്തിയത്. ആർക്കും ഒരു സംശയവും തോന്നിയില്ല.

ബിൽ ഇല്ലാതെ സ്വർണം വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം 7 മാസമായി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരിക‌യായിരുന്നു. സ്ഥാപനങ്ങൾക്കു പുറമേ പരിശോധിക്കേണ്ട വീടുകളും ഫ്ലാറ്റുകളും എല്ലാം നേരത്തെത്തന്നെ കണ്ടുവച്ചിരുന്നു. സ്വർണം പിടിക്കുന്നതിനപ്പുറം ഇതുവരെ നടത്തിയ എല്ലാ ഇടപാടുകളും കണ്ടെത്തുകയായിരുന്നു ലക്ഷ്യമാക്കിയതെന്ന് എസ്‌ജിഎസ്ടി സ്പെഷൽ കമ്മിഷണർ ഏബ്രഹാം റെൻ പറഞ്ഞു.

പരിശോധന പൂർത്തിയാക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥർ പൂത്തോളിലെ സംസ്ഥാന ജിഎസ്ടി ഓഫിസ് കോംപ്ലക്സിൽ എത്തി. പിടിച്ചെടുത്ത സ്വർണവും ഇവിടെ എത്തിച്ചു. രാവിലെ പത്തോടെ പരിശോധന കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ എല്ലാവരും തിരികെയെത്തിയത് 11.30നാണ്. പലരും ഇന്നലെ രാത്രി ഭക്ഷണം പോലും കഴിക്കാതെയാണു പരിശോധനയിൽ പങ്കെടുത്തത്. പരിശോധന പൂർത്തിയായ ശേഷം ഉദ്യോഗസ്ഥ സംഘം ബസുകളിൽ തിരികെ എറണാകുളത്തേക്ക് ‘ഉല്ലാസയാത്ര’ ആയിത്തന്നെ മടങ്ങുകയും ചെയ്തു.

എന്താണ് ടൊറേ ഡെൽ ഓറെ?
സ്പെയിനിലെ ഒരു സൈനിക വാച്ച് ടവർ ആണ് ടൊറേ ഡെൽ ഓറെ. സ്വർണ ഗോപുരം എന്നാണ് ഇതിന്റെ അർഥം. സവിൽ എന്ന സ്ഥലത്തേക്ക് അതിർത്തിയിലെ നദിയിലൂടെ നുഴഞ്ഞുകയറ്റക്കാർ കടക്കുന്നതിനെ നിയന്ത്രിക്കുന്നതിനായി പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ടവർ പണി കഴിപ്പിച്ചത്. ഇടക്കാലത്ത് ഈ ടവർ ഒരു ജയിൽ ആയും പ്രവർത്തിച്ചിരുന്നു.

''നികുതി ഉൾപ്പെടുന്ന ബിൽ ഇല്ലാത്ത സാധനം വാങ്ങില്ല എന്ന് ഉപഭോക്താവ് തീരുമാനിക്കുക മാത്രമാണ് വെട്ടിപ്പ് തടയാനുള്ള വഴി. ബിൽ ഇല്ലാത്ത സ്വർണം വാങ്ങുക വഴി കള്ളക്കടത്ത് സ്വർണം വിൽക്കുന്നതിനു പോലും കൂട്ടുനിൽക്കുകയാകാം നിങ്ങൾ. ഈ തിരിച്ചറിവ് എല്ലാവർക്കും വേണം. ''

തൃശൂരിലെ ജിഎസ്ടി പരിശോധന: 3.40 കോടി രൂപ നികുതി അടപ്പിച്ചു
തൃശൂർ ∙ നഗരത്തിലെ സ്വർണാഭരണ നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 104 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. കണക്കു കാണിക്കാതെ സ്വർണം വിറ്റതിന് 3.40 കോടി രൂപ നികുതി ഒറ്റ രാത്രി കൊണ്ട് അടപ്പിക്കുകയും ചെയ്തു. മതിയായ രേഖകളില്ലാതെ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണമാണു പിടിച്ചത്. ഇതിന് 74 കോടി രൂപ വില വരും. രേഖകൾ ഹാജരാക്കിയാൽ തന്നെ നികുതിയിനത്തിൽ രണ്ടരക്കോടി സർക്കാരിനു ലഭിക്കേണ്ടതാണ്. സ്ഥാപനങ്ങൾക്ക് നോട്ടിസ് അയച്ച് രേഖകൾ സമർപ്പിക്കാൻ അവസരം കൊടുക്കും. രേഖകൾ സമർപ്പിക്കാത്ത പക്ഷം സ്വർണം കണ്ടുകെട്ടും. പിടിച്ചെടുത്ത രേഖകൾ പൂർണമായി പരിശോധിച്ചാലേ എത്ര കോടിയുടെ നികുതി വെട്ടിപ്പ് എന്നു കൃത്യമായി അറിയാൻ കഴിയൂ. 3% ജിഎസ്ടി വെട്ടിച്ച് വിലക്കുറവിൽ വിൽപന നടത്തുന്ന ആഭരണ നിർമാണ യൂണിറ്റുകൾ 7 മാസമായി ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി കമ്മിഷണർ ബി.ദിനേശ് കുമാർ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി എഴുന്നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്ത ‘ഓപ്പറേഷൻ ടൊറേ ഡെൽ ഓറെ’ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധന ബുധൻ വൈകിട്ട് 4.30ന് ആരംഭിച്ച് ഇന്നലെ രാവിലെ പത്തിനാണ് അവസാനിച്ചത്. 34 നിർമാണ യൂണിറ്റുകൾ, അവയുടെ ഉടമസ്ഥരുടെയോ പ്രധാന ജീവനക്കാരുടെയോ വീടുകൾ, ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടെ 78 ഇടത്താണ് പരിശോധന നടത്തിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ നികുതി പരിശോധനയുടെ വിവരം ചോരാതിരിക്കാൻ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ ‘ഉല്ലാസയാത്ര’ എന്ന ബാനർ വച്ച ബസുകളിലാണ് എത്തിച്ചത്. എറണാകുളത്തു നടന്ന പരിശീലന പരിപാടിക്കു ശേഷം ഉദ്യോഗസ്ഥരോട് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേക്കൊരു യാത്ര എന്നു മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്.

English Summary:

A recent raid by the State GST Intelligence in Thrissur uncovered a potential tax evasion scheme involving unaccounted gold transactions. The investigation aims to expose transactions from the past 5 years and could recover crores in unpaid taxes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com