ഫോർട്ട് കൊച്ചി– വൈപ്പിൻ റൂട്ടിൽ വരുന്നു, മൂന്നാം റോ–റോ ജങ്കാർ; നിർമാണം ഉടൻ, ചെലവ് 14.9 കോടി
Mail This Article
കൊച്ചി ∙ ഫോർട്ട് കൊച്ചി– വൈപ്പിൻ റൂട്ടിൽ നഗരസഭയുടെ മൂന്നാം റോ–റോ ജങ്കാറിന്റെ നിർമാണത്തിനു ധാരണാ പത്രം ഒപ്പുവച്ചു. നിർമാണം ഉടൻ ആരംഭിക്കും. ജിഎസ്ടി ഉൾപ്പെടെ 14.9 കോടി രൂപയാണു റോ-റോ നിർമാണത്തിനു നഗരസഭയ്ക്കു ചെലവ്. കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെയാണു നിർമാണം. 18 മാസം കൊണ്ടു റോ–റോ കൈമാറണമെന്നാണു കരാറെങ്കിലും 6 മാസം മുൻപേ എങ്കിലും നിർമിച്ചു കൈമാറണമെന്നു മേയർ എം.അനിൽകുമാർ അഭ്യർഥിച്ചു.
കപ്പൽശാല ചെയർമാൻ മധു എസ്. നായർ അഭ്യർഥന അംഗീകരിച്ചു. നിലവിലെ രണ്ടു റോ–റോകളും ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതി പുതിയ റോ–റോയുടെ നിർമാണത്തിൽ പരിഹരിക്കും. ഫോർട്ട് കൊച്ചി ടൂറിസം മേഖലയിലുള്ളവർ ഇതു സംബന്ധിച്ചു പരാതി അറിയിച്ചിരുന്നു. മൂന്നാം റോ–റോ വരുന്നതോടെ, തടസ്സമില്ലാതെ സർവീസ് നടത്താൻ കഴിയും. നിലവിൽ ഏതെങ്കിലും റോ–റോ തകരാറിലായാൽ വൻ ഗതാഗതക്കുരുക്കാണ് ഇവിടെയുണ്ടാവുന്നത്.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ എം.അനിൽകുമാർ, കപ്പൽശാല ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു.എസ്.നായർ, ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്കർ, ഫിനാൻസ് ഡയറക്ടർ ജോസ്, നഗരസഭ എക്സിക്യൂട്ടീവ് എൻജിനീയർ അമ്പിളി, കപ്പൽശാല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭയ്ക്കു വേണ്ടി, അഡീഷനൽ സെക്രട്ടറി ഷിബു, കപ്പൽശാലയ്ക്കു വേണ്ടി ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ശ്രീജിത്ത് കെ. നാരായണൻ എന്നിവർ കരാറിൽ ഒപ്പുവച്ചു.