കുറുവ സംഘാംഗത്തെ ‘പൊക്കാൻ’ പൊലീസ് നടത്തിയതു ഭഗീരഥ പ്രയത്നം; രാത്രി തിരച്ചിൽ നീണ്ടതു നാലര മണിക്കൂറിലേറെ
Mail This Article
കുണ്ടന്നൂർ ∙ കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ പിടികൂടിയ സാഹചര്യത്തിൽ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരോട് ഒഴിഞ്ഞുപോകാൻ പൊലീസ് നിർദേശം നൽകി. സാധനങ്ങൾ മാറ്റിത്തുടങ്ങി. സന്തോഷിനെ പിടികൂടുമ്പോൾ പ്രശ്നമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത കുട്ടവഞ്ചിക്കാരെ പൊലീസ് വിട്ടയച്ചു. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. സന്തോഷ് ഉൾപ്പെടുന്ന തമിഴ്നാട് സംഘം പാലത്തിനു താഴെ താമസം ആരംഭിച്ചിട്ടു രണ്ടു മാസമായെന്നു കർണാടക സ്വദേശി കുമാർ പറഞ്ഞു. മോഷ്ടാവാണെന്ന് അറിയില്ലായിരുന്നു. രണ്ടാഴ്ച ഇടവിട്ടാണു തമിഴ്നാട്ടുകാർ എത്തുക. പകൽ സ്ത്രീകൾ പണിക്കു പോകും. പുരുഷൻമാർ ടെന്റിൽതന്നെയുണ്ടാകും. എന്നാൽ, ഇവർ രാത്രി ഇവിടെയുണ്ടോ എന്ന കാര്യം അറിയില്ല. മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയില്ല– കുമാർ പറയുന്നു.
കുണ്ടന്നൂർ പാലത്തിനടിയിൽ ഒരു മാസം കഴിഞ്ഞ കുറുവ സംഘാംഗങ്ങളെ പിടികൂടിയതോടെ മരടു നിവാസികൾ ഭീതിയിലായി. ലഹരിമരുന്നു വിൽപനക്കാർ, ക്രിമിനലുകൾ, മോഷ്ടാക്കൾ എന്നിവരെക്കുറിച്ചു വിവരം നൽകിയാലും പൊലീസ് നടപടിയില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. രാത്രി പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. ജനമൈത്രി പൊലീസ് നിർജീവാവസ്ഥയിലാണ്. യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിത്തറ റോഡ് പൗരസമിതി പ്രസിഡന്റും മരട് നഗരസഭ കൗൺസിലറുമായ പി.ഡി. രാജേഷ് മരട് പൊലീസ് എസ്എച്ച്ഒയ്ക്കു കത്തു നൽകിയിട്ടുണ്ട്. പ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ നഗരസഭ ഒഴിപ്പിച്ചു വരികയാണെന്നും ക്രിമിനിലുകൾക്ക് ഒളിച്ചു താമസിക്കാൻ താവളമൊരുക്കിയ കുട്ടവഞ്ചിക്കാരെ ഫിഷറീസ് വകുപ്പും പൊലീസുമായി ചേർന്ന് ഒഴിപ്പിക്കുമെന്നും മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.
പറവൂരിൽ എത്തിയത് കൊച്ചിയിൽ പിടിയിലായവരല്ല
പറവൂർ ∙ കുറുവ മോഷണസംഘം എന്ന നിലയിൽ കൊച്ചിയിൽ പിടിയിലായവരല്ല പറവൂരിൽ എത്തിയതെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളവരുമായി അവർക്കു സാമ്യം ഇല്ലെന്നാണു പൊലീസ് കരുതുന്നത്. എറണാകുളത്തു നിന്നു പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ പറവൂർ മേഖലയിലെ മോഷണശ്രമങ്ങളെപ്പറ്റിയും ചോദിച്ചിരുന്നു. എന്നാൽ, തങ്ങളല്ല പറവൂരിൽ വന്നതെന്നായിരുന്നു മറുപടി. അതേസമയം കുറുവ സംഘത്തിലെ 14 പേർ കേരളത്തിലെത്തിയെന്നു പ്രതികൾ വെളിപ്പെടുത്തിയതിനാൽ ഇവർക്കൊപ്പമുള്ളവർ തന്നെയാകാം പറവൂരിൽ എത്തിയതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
കൊച്ചിയിലെത്തി രണ്ടു പേർ വീതമടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാകാം ഇവർ വിവിധ ജില്ലകളിലേക്കു മോഷണത്തിനു പോയതെന്നാണു നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഘാംഗങ്ങളെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണു പൊലീസിന്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘമാണു കേസ് അന്വേഷിക്കുന്നത്. മേഖലയിൽ കുറുവ സംഘം താവളമടിക്കാൻ സാധ്യതയുള്ള കാടുപിടിച്ച സ്ഥലങ്ങൾ ഒട്ടേറെയുള്ളതിനാൽ ഡ്രോൺ ഉപയോഗിച്ചു പരിശോധനയ്ക്ക് ഒരുങ്ങുകയാണു പൊലീസ്.
ചെളിയിൽ പുതഞ്ഞ തിരച്ചിൽ; കടുകിട വിടാതെ പൊലീസ്
കൊച്ചി∙ കുറ്റാക്കൂരിരുട്ട്. മുന്നിൽ രണ്ടാൾ പൊക്കത്തിൽ ഇടതൂർന്നു വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ. അതിനുള്ളിൽ ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും വിളയാട്ടം. മുന്നോട്ടു കാലെടുത്തു വച്ചാൽ മുട്ടൊപ്പം പുതഞ്ഞു താഴുന്ന ചതുപ്പ് നിലം. മറു വശത്ത് ആഴമേറിയ കായൽ. ഇതിനെല്ലാം പുറമേ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളി അതീവ വൃത്തിഹീനമായ സാഹചര്യം. വിലങ്ങു സഹിതം ജീപ്പിൽ നിന്നു ചാടിപ്പോയ കുറുവ സംഘാംഗത്തെ ‘പൊക്കാൻ’ കൊച്ചി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയതു ഭഗീരഥ പ്രയത്നം. സിറ്റി പൊലീസും അഗ്നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചിൽ നീണ്ടതു നാലര മണിക്കൂറിലേറെ നേരം.
വൈകിട്ട് 5.45നു കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ പാലത്തിനു താഴെ ടെന്റുകൾക്കു സമീപമെത്തിയപ്പോൾ സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയെങ്കിലും ടെന്റുകളിൽ പുരുഷൻമാർ ഉണ്ടെങ്കിലോ എന്ന സംശയം ഉയർന്നതിനാൽ 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. തുടർന്നു ടെന്റിനുള്ളിൽ കയറി പരിശോധന തുടങ്ങി. കായലോരത്തെ ഒരു ടെന്റിനുള്ളിൽ ടാർപ്പോളിൻ മൂടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നി അതു നീക്കിയപ്പോഴാണു ഉള്ളിലെ ചെറുകുഴിയിൽ ഒരാൾ ചുരുണ്ടു കൂടിക്കിടക്കുന്നതു കണ്ടത്. സിസിടിവി ദൃശ്യങ്ങൾക്കു സമാനമായി ഇയാളുടെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്നതു കണ്ടതോടെ സന്തോഷ് ശെൽവമാണെന്നു തിരിച്ചറിഞ്ഞ ആലപ്പുഴ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി വിലങ്ങുവച്ചു. ഉച്ചത്തിൽ അലറിയും അസഭ്യം പറഞ്ഞും ശരീരത്തിൽ സ്വയം അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണു പൊലീസ് നിലയ്ക്കു നിർത്തിയത്.
സ്ത്രീകളുടെ പ്രതിഷേധത്തിനിടെ പ്രതികളെ ജീപ്പിൽ കയറ്റി. എന്നാൽ, പൊലീസിനെ ആക്രമിച്ച സ്ത്രീകൾ ജീപ്പിന്റെ വാതിൽ വലിച്ചു തുറന്നു. ഞൊടിയിടയിൽ പൊലീസുകാരെ തള്ളിമാറ്റി ഉടുമുണ്ട് അഴിച്ചെറിഞ്ഞു പ്രതി ഓടി കുറ്റിക്കാട്ടിനുള്ളിൽ മറഞ്ഞു. പിന്നാലെ പൊലീസും കാട്ടിനുള്ളിൽ കടന്നെങ്കിലും സന്തോഷിനെ കണ്ടെത്താനായില്ല. ഇതോടെ കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. എഴുപത്തഞ്ചോളം പേരടങ്ങുന്ന പൊലീസ് സംഘവും ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്നു സ്കൂബാ ഡൈവിങ് ടീമും കായലിൽ തിരച്ചിലിനായി എത്തി. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ആവശ്യത്തിനു ടോർച്ചുകൾ പോലും പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സഹായ അഭ്യർഥനയുമായി കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തി.
അവിടെ നിന്നു ടോർച്ചുകളും വെട്ടുകത്തികളും ലഭിച്ചതോടെ തിരച്ചിലിന്റെ വേഗം കൂടി. ഇതിനിടെ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി തിരച്ചിലിനു നേതൃത്വം നൽകി. ഒടുവിൽ, രാത്രി 10.10ന് ലേ മെറിഡിയൻ ഹോട്ടലിന്റെ മതിലിനോടു ചേർന്നുള്ള കലുങ്കിനടിയിൽ വെള്ളത്തിൽ തലമാത്രം പുറത്തുകാട്ടി ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തി. പ്രതിയെ പൊക്കിയെടുത്തു ജീപ്പിൽ കയറ്റി നിമിഷ നേരം കൊണ്ടു മണ്ണഞ്ചേരി പൊലീസ് സ്ഥലംവിട്ടു. ഇതോടെയാണു സിറ്റി പൊലീസിനു ശ്വാസം നേരെ വീണത്.