രണ്ടാഴ്ച മുൻപേ ഡ്രസ് റിഹേഴ്സൽ; കൊലപാതകം നടത്തിയത് വിവസ്ത്രനായി, രക്തം കണ്ട് പകച്ചു
Mail This Article
കളമശേരി∙ ജെയ്സിയെ കൊലപ്പെടുത്താൻ ഗിരീഷ് ബാബുവും ഖദീജയും നടത്തിയതു വൻ ആസൂത്രണവും ഗൂഢാലോചനയും. കൊലയ്ക്കു രണ്ടു മാസം മുൻപു തന്നെ ഇരുവരും ആസൂത്രണം ആരംഭിച്ചിരുന്നു. ശ്രമം പാളിപ്പോകാതിരിക്കാൻ ഗിരീഷ് ബാബു കൊലയ്ക്കു രണ്ടാഴ്ച മുൻപേ ഡ്രസ് റിഹേഴ്സൽ നടത്തിയതായും പൊലീസ് കണ്ടെത്തി. കൊല നടത്തിയ ശേഷം തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഗിരീഷ് ബാബു എടുത്തു. വിരലടയാളം വീട്ടിലെങ്ങും പതിയാതിരിക്കാൻ മുൻകരുതൽ എടുത്ത ഗീരീഷ് ബാബു ജെയ്സിയെ വിവസ്ത്രയാക്കിയ ശേഷം സ്വയം വിവസ്ത്രനായാണു കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
വസ്ത്രങ്ങളിൽ രക്തം തെറിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ജെയ്സിയെ കൊലപ്പെടുത്തുമ്പോൾ കട്ടിലിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റിലും ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച തലയണയുടെ ഉറയിലും മാത്രമാണു രക്തം പുരണ്ടത്. ഇതു രണ്ടും പ്രതി സമർഥമായി സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു. മാത്രമല്ല, മുറിയിൽ നിന്നു പോകുമ്പോൾ മറ്റൊരു വസ്ത്രം ധരിച്ചാണു പ്രതി പുറത്തിറങ്ങിയതും. ജെയ്സിയെ രണ്ടു മാസം ഫോണിൽ ബന്ധപ്പെടാതിരിക്കാനും പ്രതി മുൻകരുതലെടുത്തു. കുളിമുറിയിൽ മറിഞ്ഞു വീണുള്ള അപകടമരണമാണെന്നു പൊലീസ് കരുതാൻ വേണ്ടതെല്ലാം പ്രതി ചെയ്തുവെന്നു പൊലീസ് പറയുന്നു.
ആദ്യഘട്ടത്തിൽ ഖദീജയുടെ സഹായത്തോടെ കൊല നടത്താനായിരുന്നു ആലോചന. ഇടപാടുകാരനെ സ്വീകരിക്കാൻ എന്ന രീതിയിൽ ഖദീജ ആദ്യം തന്നെ ജെയ്സിയുടെ അപാർട്മെന്റിൽ എത്തിയ ശേഷം ഗിരീഷിനെ ഇവിടേക്കു വിളിച്ചു വരുത്താമെന്നായിരുന്നു പദ്ധതി. ഇരുവരും ചേർന്നു ജെയ്സിയെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ആസൂത്രണമാണു നടത്തിയത്. തുടർന്നു കെട്ടിത്തൂക്കി ആത്മത്യയാണെന്നു വരുത്താമെന്നും കരുതി. എന്നാൽ, അടുത്തിടെ നടന്ന കൊലപാതകത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തിയെന്ന പത്രവാർത്ത വായിച്ച ഖദീജ പേടിച്ചു പിൻമാറി. ഇതോടെയാണു ഗിരീഷ് ബാബു കൊലപാതക ദൗത്യം ഏറ്റെടുത്തത്.
ഡ്രസ് റിഹേഴ്സൽ രണ്ടു തവണ
ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ലെന്നും ജെയ്സിയുടെ അപാർട്മെന്റുള്ള കൂനംതൈ ഭാഗത്ത് ആളനക്കം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണു കഴിഞ്ഞ ഞായറാഴ്ച കൃത്യത്തിനായി തിരഞ്ഞെടുത്തത്. ഇക്കാര്യം പരിശോധിച്ചുറപ്പിക്കാൻ ഗിരീഷ് ബാബു രണ്ടാഴ്ച മുൻപ് മൂന്നാം തീയതി ഞായറാഴ്ച സ്ഥലത്തെത്തി. അപാർട്മെന്റിലോ പരിസരത്തോ ക്യാമറകൾ ഇല്ലെന്നുറപ്പാക്കി. മാത്രമല്ല, പ്രദേശത്ത് ആളനക്കം കുറവുള്ള സമയം രാവിലെ 11നും ഒന്നിനും ഇടയിലാണെന്നും മനസ്സിലാക്കി. കൊലപാതക ദിനത്തിൽ സഞ്ചരിച്ച അതേ രീതിയിൽ അതേ വഴികളിലൂടെയായിരുന്നു ട്രയൽ റൺ ദിനങ്ങളിലും പ്രതിയുടെ സഞ്ചാരം.
നവംബർ 17 ആക്ഷൻ ഡേ
ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിലാണു കാക്കനാട് എൻജിഒ ക്വാട്ടേഴ്സിനു സമീപത്തെ വീട്ടിൽ നിന്നു ഗിരീഷ് ബാബു പുറപ്പെട്ടത്. പല വഴികളിലൂടെ ബൈക്കിൽ ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ് ലെയിൻ റോഡിൽ എത്തി. ഇവിടെ നിന്നു 2 ഓട്ടോറിക്ഷകൾ മാറിക്കയറിയാണു കൂനംതൈയിൽ എത്തിയത്. അൽപം അകലെ പ്രധാനറോഡിൽ ഓട്ടോ നിർത്തിച്ച ശേഷം നടന്നാണ് അപാർട്മെന്റിനു സമീപമെത്തിയത്.
റോഡിലൂടെ നടക്കുമ്പോഴും ഹെൽമറ്റ് ധരിച്ചു. ജെയ്സിയോടൊപ്പം കഴിക്കാനുള്ള മദ്യം മാത്രമല്ല, ഗ്ലാസ്, കുപ്പി വെള്ളം എന്നിവയെല്ലാം ഗിരീഷ് തന്നെ കൊണ്ടുവന്നു. വീട്ടിലെ സാധനങ്ങളിൽ വിരലടയാളം പതിയുന്നത് ഒഴിവാക്കാനായിരുന്നു ഇത്. കൊല നടത്തിയ ശേഷം മടങ്ങിയപ്പോൾ മറ്റൊരു വഴിയിലൂടെ പോയി ഓട്ടോറിക്ഷയിൽ കയറി വീണ്ടും പൈപ്പ്‌ലൈൻ ജംക്‌ഷനിലെത്തി. അവിടെ നിന്നു ബൈക്കും എടുത്തു സ്ഥലംവിട്ടു. കൊല നടത്തിയ വിവരം ഖദീജയെ അറിയിച്ചെങ്കിലും വിശദമായി പിന്നെ സംസാരിക്കാമെന്നും ഫോണിലൂടെയുള്ള സംഭാഷണം സുരക്ഷിതമല്ലെന്നും പറഞ്ഞു കട്ട് ചെയ്തു മുങ്ങി.
രക്തം കണ്ടു പകച്ചു; സ്വർണം ബാക്കിവച്ചു
ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും ഡംബെൽസ് കൊണ്ടുള്ള അടിയേറ്റു ജയ്സിയുടെ തലയിൽ നിന്നു രക്തം തെറിക്കുന്നതു കണ്ടപ്പോൾ പകച്ചു പോയെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. ഇതിനാലാണു മരണം ഉറപ്പാക്കാൻ തലയിണ കൊണ്ടു ശ്വാസം മുട്ടിച്ചത്. എന്നാൽ, ജെയ്സിയെ എടുത്തു കുളിമുറിയിലെത്തിക്കാൻ പ്രതിക്കു കഴിഞ്ഞില്ല. വലിച്ചിഴച്ചു കുളിമുറിയിൽ എത്തിക്കേണ്ടി വന്നത് ഇതു കൊണ്ടാണ്. െജയ്സിയുടെ വളകൾ എടുത്തെങ്കിലും കഴുത്തിലുണ്ടായിരുന്ന മാലയും കമ്മലും തൊട്ടില്ല. അലമാരകൾ തുറക്കാൻ കഴിയാതായതോടെ കിട്ടിയതും കൊണ്ട് ആരുടെയും കണ്ണിൽപ്പെടാതെ സ്ഥലം വിടാനായിരുന്നു പിന്നത്തെ ശ്രമം.
ക്യാമറയുണ്ടോ? സംശയം ബാക്കി
കൊല കഴിഞ്ഞു വീട്ടിലെത്തി കുളിച്ചു വസ്ത്രം മാറിയ ശേഷം ചെങ്ങമനാട് കുറുമശേരിയിലുള്ള ബന്ധുവീട്ടിലേക്കാണു ഗിരീഷ് പോയത്. മുൻകൂട്ടി ക്ഷണം ലഭിച്ച പാർട്ടിയിൽ പങ്കെടുക്കാനായിരുന്നു ഇത്. എന്നാൽ, പാർട്ടിക്കിടെ തനിക്ക് എവിടെയെങ്കിലും പിഴച്ചോ എന്ന ആശങ്കയിലായി പ്രതി. തന്റെ കണ്ണിൽപ്പെടാതെ എവിടെയെങ്കിലും സിസിടിവി ക്യാമറ ഉണ്ടായിരുന്നോ എന്നതായിരുന്നു പ്രധാന സംശയം. പാർട്ടി കഴിഞ്ഞിറങ്ങിയ പ്രതി പുലർച്ചെ നാലു മണിയോടെ വീണ്ടും ജെയ്സിയുടെ വീടിനടുത്തെത്തി.
പകൽ കാണാനാകാത്ത ക്യാമറകൾ അതിനുള്ളിലെ ചുവപ്പു ലൈറ്റ് കൊണ്ടു കണ്ടെത്താമെന്നതായിരുന്നു ലക്ഷ്യം. ആദ്യ പരിശോധനയിൽ തന്നെ താൻ നടന്നു പോയ വഴിയിൽ ഒരു സിസിടിവി ക്യാമറയുള്ളതു പ്രതി കണ്ടെത്തി. ഇതോടെ പിടി വീഴുമെന്ന ആശങ്കയുണ്ടായി. അഞ്ചു മണിയോടെ മടങ്ങുകയും ചെയ്തു. പിറ്റേന്ന് ഇടുക്കിയിലേക്കു പോയി അവിടെയാണു സ്വർണം വിറ്റഴിച്ചത്.
ജെയ്സിയുടെ മരണം കൊലപാതകമെന്നു തിരിച്ചറിയാൻ ഒരു ദിവസം വൈകിയെങ്കിലും പിന്നീടു പൊലീസ് നടത്തിയത് ഊർജിത അന്വേഷണം. പൊലീസ് തന്നിലേക്കെത്തുന്നത് ഒഴിവാക്കാൻ ഗിരീഷ് സ്വീകരിച്ച ആദ്യ മുൻകരുതൽ തന്നെയാണു ഇയാളെ കണ്ടെത്താനും പൊലീസിനു പിടിവള്ളിയായത്. സിസിടിവി ക്യാമറകളിൽ പതിഞ്ഞാലും തന്നെ തിരിച്ചറിയാതിരിക്കാൻ പ്രതി ഹെൽമറ്റ് ധരിച്ചതാണ് ആദ്യം അന്വേഷണോദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചത്. ഹെൽമറ്റ് ധരിച്ച് അപാർട്മെന്റിലേക്കു പോയ പ്രതി മറ്റൊരു വസ്ത്രം ധരിച്ച ശേഷം അതേ ഹെൽമറ്റ് വച്ചു മടങ്ങുന്ന ദൃശ്യങ്ങൾ കൂടി സിസിടിവിയിൽ നിന്നു ലഭിച്ചതോടെ പൊലീസിനു കാര്യങ്ങൾ വ്യക്തമായിരുന്നു.
ജെയ്സിയുടെ വീട്ടിലേക്ക് ഇടപാടുകാരെ തേടി പതിവായി എത്താറുള്ള സ്ത്രീകളെ കണ്ടെത്തിയായിരുന്നു പൊലീസിന്റെ തുടരന്വേഷണം. സിസിടിവി ദൃശ്യങ്ങൾ കാട്ടിയപ്പോൾ തന്നെ ഇവരിൽ ചിലർ ഗിരീഷിനെ തിരിച്ചറിഞ്ഞു. ഇതോടെ അന്വേഷണം ഗിരീഷിലേക്കു കൃത്യമായി എത്തി. പ്രതിയുടെ മൊബൈൽ നമ്പർ കണ്ടെത്തിയ പൊലീസ് സിഡിആർ വിവരങ്ങൾ എടുത്തതോടെ ഖദീജയും സ്കാനറിലായി. തുടർന്നു പ്രതികളെ വീടുകളിൽ നിന്നു തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.