ഭൂട്ടാൻ കരകൗശല വസ്തുക്കൾ ബാംബൂ ഫെസ്റ്റിൽ
Mail This Article
കൊച്ചി∙ ബാംബൂ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായി ഭൂട്ടാനിൽ നിന്നുള്ള കരകൗശല വസ്തുക്കൾ. മൂന്നു കരകൗശല വിദഗ്ധരാണു ഭൂട്ടാനിൽനിന്നു പതിനഞ്ചോളം ഉൽപന്നങ്ങളുമായി മറൈൻ ഡ്രൈവിൽ ഒരുക്കിയ മേളയിൽ എത്തിയിട്ടുള്ളത്. കുട്ട, ബാസ്‌കറ്റ്, തൊപ്പി എന്നിവയാണു ഭൂട്ടാൻ സ്റ്റാളിലെ ആകർഷണങ്ങൾ.
ചാർക്കോൾ സോപ്പും ചതുരാകൃതിയിലുള്ള ബാസ്‌കറ്റുകളുമുണ്ട്. മുളയുടെ വൈൻ ബോട്ടിൽ വിവിധ നിറങ്ങളിൽ ലഭ്യമാണ്. കൈകൊണ്ടാണ് ഇവയെല്ലാം നിർമിക്കുന്നതെന്നു ഭൂട്ടാൻ സംഘത്തിലെ സോനം ഗ്യാൽസ്‌റ്റെൻ പറയുന്നു. കേരളത്തിൽ ഇവർ ഒരു മേളയുടെ ഭാഗമാകുന്നത് ആദ്യമാണ്.
2080 രൂപ മുതലാണു വൈൻ ബോട്ടിലിനു വില. ഗിഫ്റ്റ് ബാസ്‌കറ്റിന് 1000 രൂപയും തൊപ്പിക്ക് 1440 രൂപയും നൽകണം. ഭൂട്ടാനിലെ പരമ്പരാഗത തൊപ്പിയും ഇതോടൊപ്പമുണ്ട്. ഭൂട്ടാനിലെ താരായണ ഫൗണ്ടേഷൻ മുഖേനയാണ് ഇവർ കൊച്ചിയിലെത്തിയത്. ഭൂട്ടാനിലെ രാജ്ഞിയായ ഡോർജി വാങ്‌മോ വാങ്ചുക്കാണു ഫൗണ്ടേഷൻ സ്ഥാപിച്ചത്.
അന്നത്തെ കിരീടാവകാശിയായിരുന്ന ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ഈ സംരംഭത്തിനു തുടക്കമിട്ടു. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു ഭൂട്ടാനിലെ ഗ്രാമീണ ജനങ്ങൾക്കു കൈത്താങ്ങാകുകയാണു ഫൗണ്ടേഷന്റെ ലക്ഷ്യം. ബാംബൂ മിഷൻ ആതിഥേയരാകുന്ന ബാംബൂ മേള 12ന് അവസാനിക്കും. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണു പ്രവേശനം. പ്രവേശനം സൗജന്യമാണ്.