കൂറ്റൻ യന്ത്രവുമായി എത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങി; ഗതാഗത തടസ്സം, വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാതായി
Mail This Article
മൂവാറ്റുപുഴ ∙ നിർമാണം നടന്നു കൊണ്ടിരിക്കുന്ന പ്ലൈവുഡ് കമ്പനിയിലേക്കു കൂറ്റൻ യന്ത്രവുമായി എത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വീതിയില്ലാത്ത റോഡിൽ കൂറ്റൻ യന്ത്രവുമായി ലോറി കുടുങ്ങിയതോടെ റോഡരികിലുള്ള വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ പുലർച്ചെ 4ന് ആണ് ആയവന – പോത്താനിക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിൽ വെട്ടിത്തറ- പറമ്പഞ്ചേരി റോഡിൽ കൂടി കൂറ്റൻ യന്ത്രവുമായി ട്രെയിലർ ലോറി എത്തിയത്.
അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ തകർന്നു കിടക്കുന്ന റോഡിലൂടെ എത്തിയ കൂറ്റൻ ലോറി കയറ്റം കയറുന്നതിനിടയിൽ ആണ് റോഡിൽ കുടുങ്ങിയത്. ഇതേ തുടർന്നു റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു രംഗത്തിറങ്ങി. പൊലീസും പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നു മൂന്നു വാഹനങ്ങൾ എത്തിച്ചു ട്രെയിലർ ലോറി വലിച്ചു കയറ്റുന്നതിനുള്ള ശ്രമം നടന്നെങ്കിലും ഇതു പരാജയപ്പെട്ടു.
ഇതോടെ നാട്ടുകാർ റോഡിലും വീട്ടിലുമായി കുടുങ്ങി. ലോറി വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ സമീപത്തെ വീടിന്റെ മതിൽ തകർന്നു. നിലവിൽ റോഡിലൂടെ ഒരു വാഹനവും കടന്നു പോകാത്ത സ്ഥിതിയാണ്. റോഡരികിലുള്ള വീടുകൾക്കു ഭീഷണിയായി മാറിയിരിക്കുന്ന ലോറി ഇവിടെ നിന്നു നീക്കുന്നതിന് എറണാകുളത്തു നിന്നു വാഹനങ്ങൾ എത്തിച്ച് ശ്രമം തുടരുകയാണ്.