വെളി മൈതാനത്ത് പപ്പാഞ്ഞി വേണ്ടെന്ന് പൊലീസ്; 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നു നോട്ടിസ്
Mail This Article
ഫോർട്ട്കൊച്ചി∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പൊലീസ് നോട്ടിസ് നൽകി. നീക്കം ചെയ്യില്ലെന്ന നിലപാടിൽ സംഘാടകരായ ഗലാഡേ ഫോർട്ട്കൊച്ചി. പപ്പാഞ്ഞിയെ ചൊല്ലിയുള്ള വിവാദം നിയമ പോരാട്ടത്തിലേക്ക് നീങ്ങാൻ സാധ്യത. കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് ഗ്രൗണ്ടിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞി ഇത്തവണ സ്ഥാപിക്കുന്നുണ്ട്.
31ന് രാത്രി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നും ഇവർക്ക് സുരക്ഷ ഒരുക്കാൻ ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ടെന്നും വെളി മൈതാനത്ത് അക്കാരണം കൊണ്ടു തന്നെ പൊലീസ് സുരക്ഷ ഒരുക്കാൻ സാധ്യമല്ലെന്നും മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ പി.ബി.കിരൺ, ഗലാഡേ ഫോർട്ട്കൊച്ചി സെക്രട്ടറിക്ക് നൽകിയ നോട്ടിസിൽ പറയുന്നു. പരേഡ് മൈതാനത്തിന് 2 കിലോമീറ്ററോളം ചുറ്റളവിലുള്ള വെളി മൈതാനത്ത് മറ്റൊരു വലിയ പപ്പാഞ്ഞിയെ സ്ഥാപിച്ച് കത്തിക്കുന്നത് അപകട സാധ്യത ഉള്ളതിനാൽ അവിടെയും വലിയ രീതിയിലുള്ള പൊലീസ് സുരക്ഷ ഏർപ്പെടുത്തേണ്ടി വരും.
ഇപ്പോഴത്തെ സാഹചര്യത്തിൽ വെളി മൈതാനത്ത് പൊലീസ് സുരക്ഷ ഒരുക്കാൻ സാധ്യമല്ല. അടുത്തടുത്ത സ്ഥലങ്ങളിലെല്ലാം ആളുകൾ കൂടുന്നതും പപ്പാഞ്ഞിയെ കത്തിക്കുന്നതും സുരക്ഷാ കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്നും വെളി മൈതാനത്ത് നിർമാണത്തിലിരിക്കുന്ന പപ്പാഞ്ഞിയെ ഒരു കാരണവശാലും കത്തിക്കാൻ പാടില്ലെന്നും നോട്ടിസിലുണ്ട്. 31ന് രാത്രി സാമൂഹിക വിരുദ്ധർ കത്തിക്കാൻ സാധ്യതയുള്ളതിനാൽ പപ്പാഞ്ഞിയെ അവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് എസിപി നിർദേശിച്ചിരിക്കുന്നത്.
പൊലീസ് അനുവദിച്ച 24 മണിക്കൂർ സമയ പരിധി കഴിഞ്ഞെങ്കിലും പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ സംഘാടകർ തയാറായിട്ടില്ല. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പപ്പാഞ്ഞിയെ നിർമിക്കുന്നതെന്ന് ഗലാഡേ ഫോർട്ട്കൊച്ചി ഭാരവാഹികൾ പറഞ്ഞു. ഒരു മാസത്തോളമായി നിർമാണ ജോലികൾ ആരംഭിച്ചിട്ട്. കഴിഞ്ഞ വർഷവും ഇവിടെ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ പൊലീസ് അനുമതി നൽകിയില്ലെന്നും ഇക്കുറി കത്തിക്കാൻ അനുവദിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രസിഡന്റ് വി.ജെ. ആൻസി പറഞ്ഞു. പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നൂറു കണക്കിന് പപ്പാഞ്ഞികളെ പുതുവത്സര രാത്രിയിൽ അഗ്നിക്കിരയാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.