ഹിറ്റായി ഗുണ കേവ്; സഞ്ചാരികൾ ഒഴുകുന്നു: ഒരു മാസം എത്തിയത് അൻപതിനായിരത്തിലേറെ പേർ
Mail This Article
മറയൂർ ∙ ‘‘മനിതർ ഉണർന്തു കൊള്ള, ഇത് മനിത കാതൽ അല്ല’’... കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ എത്തുന്ന സഞ്ചാരികൾ ഉറക്കെ പറയുന്ന വരിയാണിത്. മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് കൊടൈക്കനാലിൽ ഗുണ കേവിന്റെയും സീൻ മാറ്റി. സിനിമയുടെ വൻ പ്രചാരത്തെ തുടർന്നു ഗുണ കേവിലേക്കു സഞ്ചാരികളുടെ വൻ തിരക്കാണ്.
ഒരു മാസത്തിനിടെ അൻപതിനായിരത്തിലേറെ പേരാണു ഗുണ കേവ് സന്ദർശിക്കാൻ എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കാണിക്കുന്ന ഗുണ ഗുഹയിലേക്കുള്ള പാതയും മീറ്ററുകളോളം പടർന്നു പന്തലിച്ചു കിടക്കുന്ന വേരുകളിലും ഇരുന്നു ചിത്രങ്ങളെടുക്കാൻ വൻ തിരക്കാണിപ്പോൾ. സിനിമ റിലീസായതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണു കൂടുതലായി എത്തിയിരുന്നത്.
തമിഴ്നാട്ടിലും സിനിമ ഹിറ്റായതോടെ അവിടെനിന്നും ഒട്ടേറെ സഞ്ചാരികൾ കൊടൈക്കനാലിലേക്ക് എത്താൻ തുടങ്ങി. 1991ൽ കമൽഹാസന്റെ ചിത്രമായ ഗുണ ചിത്രീകരിച്ചത് കൊടൈക്കനാലിലെ ഗുണ ഗുഹയിലാണ്. ഇടുക്കി ജില്ലയിൽ മൂന്നാർ–മറയൂർ–ഉദുമൽപേട്ട–പഴനി വഴി കൊടൈക്കനാൽ സഞ്ചാരികളുടെ ഇഷ്ടപാതയായി മാറിയിട്ടുണ്ട്. മറയൂരിൽ നിന്നു 130 കിലോമീറ്റർ ദൂരമാണ് കൊടൈക്കനാലിലേക്ക്.