ആടുജീവിതം റിലീസ് നാളെ; ആറാട്ടുപുഴ ജീവിതത്തിൽ നജീബിന് ‘ഫാൻസ് അസോസിയേഷൻ’
Mail This Article
മുതുകുളം∙ നജീബിന്റെ ജീവിതഗന്ധം പരന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ബ്ലസിയിലൂടെ ചലച്ചിത്രമായി നാളെ തിയറ്ററുകളിൽ എത്തുമ്പോൾ ആറാട്ടുപുഴ ഗ്രാമം ഉത്സാഹത്തിമിർപ്പിലാവും. തിയറ്ററുകളിൽ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ ആരവം തീർക്കുമ്പോൾ ആറാട്ടുപുഴയ്ക്ക് ഉത്സവലഹരി പകരാൻ ഇപ്പോൾ നജീബ് ഫാൻസ് അസോസിയേഷൻ തന്നെയുണ്ട്.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ അലയൊലികൾ മായും മുൻപേ അഭ്രപാളികളിൽ ആറാട്ടുപുഴയിലെ നജീബിന്റെ ജീവിതം സിനിമയിലൂടെ വീണ്ടും ചർച്ചയാകുകയാണ്.
നജീബിന്റെ പ്രവാസ ജീവിതത്തിലെ ദുരിതപർവമാണ് ചിത്രത്തിന് പ്രമേയമായതെങ്കിലും കഷ്ടതകളിൽ നിന്ന് രക്ഷപെട്ട് പിറന്ന നാട്ടിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന മനുഷ്യമനസ്സിലെ സങ്കടക്കടൽ ഒടുവിൽ ഒഴുകിയെത്തിയത് ഈ തീരഭൂമിയിലേക്കാണ് . സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ചലച്ചിത്ര പ്രതിഭകളുടെ സംഗമത്തിൽ, ആടുജീവിതം സിനിമ നാട്ടിലെ തിയറ്ററിലെത്തി കാണുമെന്ന് നജീബ് പറഞ്ഞിരുന്നു.
ഏതാനും ദിവസം മുൻപ് ഉണ്ടായ ചെറുമകളുടെ വിയോഗം കുടുംബത്തെയാകെ ഉലച്ചു കളഞ്ഞു. മനസ്സിലെ വേദന തെല്ലൊന്ന് ഒഴിഞ്ഞിട്ട് കുടുംബ സമേതം തിയറ്ററിൽ എത്തി സിനിമ കാണുമെന്ന് നജീബ് പറഞ്ഞു. ആറാട്ടുപുഴയിൽ നിന്ന് കൂടുതൽ ആളുകളെ തീയറ്ററിൽ എത്തിക്കാനാണ് നജീബ് ഫാൻസ് അസോസിയേഷന്റെ തീരുമാനം.
ആറാട്ടുപുഴയിലെ മുതിർന്ന പൗരന്മാർക്ക് തിയറ്ററുകളിൽ എത്താൻ വാഹന സൗകര്യം ഏർപ്പാടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നജീബിന്റെ കുടുംബം ഉൾക്കൊള്ളുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ പത്തിശേരി പതിനെട്ടാം വാർഡിന്റെ പ്രതിനിധി എൽ. മൻസൂറിന്റെ നേതൃത്വത്തിലുള്ള നജീബ് ആരാധക സംഘമാണ് ഇതിനുള്ള ശ്രമം തുടങ്ങിയത്.