തുരുമ്പിച്ച് ക്രാഷ് ബാരിയർ; വാഹനം വന്നിടിച്ചാൽ ക്രാഷ് ബാരിയറും കൂടെച്ചാടും!
Mail This Article
കുട്ടിക്കാനം ∙ അപകടം പതിയിരിക്കുന്ന ഗാട്ട് റോഡിലെ (കുട്ടിക്കാനം- മുണ്ടക്കയം) കൊടുംവളവുകളിൽ വാഹനങ്ങൾ കൊക്കയിലേക്കു വീഴാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് 10 വർഷത്തിലധികം പഴക്കം ചെന്ന ക്രാഷ് ബാരിയറുകൾ. കാലഹരണപ്പെട്ട ഈ ക്രാഷ് ബാരിയറുകളിൽ ചെറുവാഹനങ്ങൾ വന്നു തട്ടിയാൽ പോലും തകർന്നു പോകുന്ന അവസ്ഥയാണ്. ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂരിപക്ഷം തൂണുകളും ഇളകി നിൽക്കുകയാണ്.
മണ്ണുമായി ബന്ധം വേർപെട്ടു നിൽക്കുന്ന ഇവ വാഹനങ്ങൾ മുട്ടിയാൽ ഇളകി മാറും. കഴിഞ്ഞ ദിവസം പുല്ലുപാറയ്ക്കു സമീപം രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു കൊക്കയിലേക്കു പതിക്കുകയായിരുന്നു. 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്.
മുന്നറിയിപ്പിന് വീപ്പ, റിബൺ
കുട്ടിക്കാനം ∙ ക്രാഷ് ബാരിയർ തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഇവ പുനഃസ്ഥാപിക്കുന്നതിന് പകരം വച്ചിരിക്കുന്നത് ടാർ വീപ്പകൾ. കൂടാതെ അപകട മുന്നറിയിപ്പിനായി റിബൺ വലിച്ചു കെട്ടിയിരിക്കുകയാണ്. 17 കിലോമീറ്റർ ദൂരത്ത് ഒരു ഡസൻ ഇടങ്ങളിലാണ് ഇത്തരത്തിൽ ക്രാഷ് ബാരിയർ ഇല്ലാതെ കിടക്കുന്നത്. ഇതാകട്ടെ എല്ലാം കുത്തനെയുള്ള ഇറക്കങ്ങൾ, കൊടുംവളവുകൾ എന്നിവ നിറഞ്ഞ സ്ഥലങ്ങളിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലതുമായി 14 അപകടങ്ങൾ സംഭവിച്ചു.