കാണാതായ 3 വയസ്സുകാരി ഒന്നര കിലോമീറ്റർ അകലെ; ഇത്രയും ദൂരം സഞ്ചരിക്കുന്നതെങ്ങനെ? ദുരൂഹതയെന്ന് പരാതി
Mail This Article
ശാന്തൻപാറ∙ അതിഥിത്തൊഴിലാളികളായ ദമ്പതികളുടെ 3 വയസ്സുള്ള മകളെ കാണാതായി ഒന്നര കിലോമീറ്റർ അകലെനിന്നു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം. ഇന്നലെ 12 മണിയോടെയാണ് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ എസ്റ്റേറ്റ് പൂപ്പാറക്ക് സമീപത്തുനിന്നു കാണാതായത്. പിന്നീട് രണ്ടേരയോടെ കുട്ടിയെ ഒന്നര കിലോമീറ്റർ അകലെനിന്നു നാട്ടുകാർ കണ്ടെത്തി ശാന്തൻപാറ പൊലീസിൽ ഏൽപിച്ചു.
പൊലീസ് രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറി. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് ആവശ്യപ്പെട്ടു. ഒന്നര കിലോമീറ്റർ പ്രധാന റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ ആരും കണ്ടിട്ടില്ല. എളുപ്പ വഴിയിലൂടെ ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ 2 തോടുകൾ മുറിച്ചു കടക്കണം. മൂന്നു വയസ്സുള്ള കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നതിന് പരിമിതികളുണ്ട്.