ADVERTISEMENT

ശാസ്താംകോട്ട ∙ ഒറ്റക്കൈ കൊണ്ടു കോരിയെടുത്ത ആ ജീവൻ കഴിഞ്ഞദിവസം വരെ കണ്ടക്ടർ ബിജിത്ത് ലാലിന് അപരിചിതനായിരുന്നു. പക്ഷേ രക്ഷിച്ചതു പ്ലസ്ടു കാലത്തെ സഹപാഠിയെത്തന്നെയെന്ന വലിയ ആഹ്ലാദമറിഞ്ഞത് ഇന്നലെ.  ഓടുന്ന ബസിൽ നിന്നു പുറത്തേക്ക് വീഴാൻ തുടങ്ങിയപ്പോൾ കണ്ടക്ടർ ബിജിത്ത് ലാൽ ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തിയ ആ യുവാവ്  പടിഞ്ഞാറേകല്ലട ഐത്തോട്ടുവ ജയകൃഷ്ണ വിലാസം വീട്ടിൽ ജയകൃഷ്ണനാണ്. പടിഞ്ഞാറേകല്ലട നെൽപുരക്കുന്ന് ഗവ.എച്ച്എസ്എസിൽ പ്ലസ്ടു 2005–07 ബാച്ചിൽ  ബിജിത്ത് ലാലിനൊപ്പം പഠിച്ചയാൾ.

ചവറ–അടൂർ– പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. വാതിലിന്റെ സമീപത്ത് നിന്നുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ പുറത്തേക്കു വീഴാൻ തുടങ്ങിയപ്പോൾ തനിക്കു നേരെ നീണ്ടതു ദൈവത്തിന്റെ കരമാണെന്ന വിശ്വാസത്തിലാണു ജയകൃഷ്ണനും അമ്മ ലീലയും. ടാക്സ് കൺസൽറ്റന്റായി ജോലി ചെയ്യുന്ന ജയകൃഷ്ണൻ ശാസ്താംകോട്ടയിലുള്ള സുഹൃത്തിനെ കാണാനാണു കാരാളിമുക്കിൽ നിന്നു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബസിൽ കയറിയത്. എന്നാൽ അടുത്ത വളവിൽ പുറത്തേക്കു വീഴാൻ തുടങ്ങി. ശരീരം തട്ടി വാതിൽ തുറന്നതോടെ മരണത്തെ മുന്നിൽക്കണ്ടു.

അപ്പോഴേക്കും ബസ് കണ്ടക്ടർ ബിജിത്ത് ലാൽ ബസിനുള്ളിലേക്കു വലിച്ചെടുത്തതും ജീവൻ തിരിച്ചുകിട്ടിയതും ഇപ്പോഴും നടുക്കം മാറാതെ ഓർക്കുന്നു ജയകൃഷ്ണൻ.  അപകടത്തിന്റെ ഞെട്ടൽ മാറിയതോടെ നെല്ലിക്കുന്നത്ത് മുക്കിൽ ഇറങ്ങി വീട്ടിലേക്കു മട‍ങ്ങി. സംഭവം വൈറലായ ശേഷമാണ് അമ്മ വിവരം അറിയുന്നത്. ക്ഷേത്രദർശനം പതിവാക്കിയ ജയകൃഷ്ണനെ ഈശ്വരൻ കൈവിട്ടില്ലെന്നു ലീല പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com