382 കോടി മുടക്കിയ മൂന്നാർ ഗ്യാപ്പ് റോഡ്: ഇപ്പോൾ അധികയാത്ര 10 കിലോമീറ്റർ; ഇതിനാണോ ടോൾ കൊടുക്കേണ്ടത്?
Mail This Article
തൊടുപുഴ∙ ഗ്യാപ് റോഡിലെ ഗതാഗത തടസ്സം നീക്കാത്തതിനാൽ ഒരാഴ്ചയായി ദേവികുളം മേഖലയിലെ ചെറുകിട വ്യാപാരികളും വിനോദ സഞ്ചാര മേഖലയിലുള്ളവരും കടുത്ത ദുരിതത്തിൽ. ഒരാഴ്ച മുൻപുണ്ടായ കനത്ത മഴയിലാണ് ദേശീയപാതയിൽ പെട്ട ദേവികുളം ഗ്യാപ് റോഡിൽ വൻമലയിടിച്ചിലുണ്ടായത്. കൂറ്റൻ പാറകൾ ഉൾപ്പെടെ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി മേഖലയിൽ മഴ കുറഞ്ഞെങ്കിലും വീണു കിടക്കുന്ന പാറകൾ പൊട്ടിച്ചു മാറ്റാനുള്ള നടപടികൾ തുടങ്ങാൻ അധികൃതർ തയാറായിട്ടില്ല. പകരം ഗതാഗത സംവിധാനമില്ലാതെ പതിവായി ദേശീയപാതയിൽ ഗതാഗതം നിരോധിക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അധികയാത്ര 10 കിലോമീറ്റർ
ഗ്യാപ് റോഡ് അടഞ്ഞതോടെ മൂന്നാർ മുതൽ പൂപ്പാറ വരെ 10 കിലോമീറ്ററോളം അധികം യാത്രചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇതോടെ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് ജനങ്ങൾക്കുണ്ടാകുന്നത്. ചിന്നക്കനാൽ മേഖലയിലെ സ്കൂൾ കുട്ടികളും അധ്യാപകരും കുഞ്ചിത്തണ്ണി വഴി ചുറ്റി സഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്.
കെഎസ്ആർടിസിയും തമിഴ്നാടിന്റെ ടിഎൻഎസ്ടിസിയുമാണ് ഗ്യാപ് റോഡ് വഴി സർവീസ് നടത്തുന്നത്. നിലവിൽ മൂന്നാർ – ബോഡിമെട്ട് റൂട്ടിൽ കെഎസ്ആർടിസി 113 രൂപയും തമിഴ്നാട് ബസുകളിൽ 115 രൂപയുമാണ് ഈടാക്കിയിരുന്നത്. ഗ്യാപ് റോഡ് അടച്ചിട്ടതോടെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന അധിക ദൂരത്തിന് കെഎസ്ആർടിസിയും ടിഎൻഎസ്ടിസിയും 15 രൂപ അധികം വാങ്ങുന്നുണ്ട്. സാമ്പത്തിക നഷ്ടത്തേക്കാൾ സമയനഷ്ടമാണ് ജനങ്ങളെ വലയ്ക്കുന്നത്.
ഗ്യാപ്പില്ലാതെ സാഹസിക യാത്ര
യാത്രാ നിരോധനം ഉണ്ടെങ്കിലും ഗ്യാപ് റോഡിൽ സാഹസികയാത്രയ്ക്ക് ഗ്യാപ്പില്ല. നിരോധനം വകവയ്ക്കാതെ ഒട്ടേറെപ്പേർ ഇതുവഴി യാത്ര നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരാണ് കൂടുതലും. നിയമം പാലിക്കുന്നവർക്ക് മാത്രമേ നിരോധനം ബാധകമായുള്ളോ എന്നതാണ് ഉയരുന്ന ചോദ്യം. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തലായി ഇത് മാറുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
മണ്ണിടിച്ചിൽ, എന്നും എപ്പോഴും
2017 സെപ്റ്റംബർ 18നാണ് ദേശീയപാതയിൽപെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ വീതികൂട്ടൽ പണികൾ ആരംഭിച്ചത്. 41.84 കിലോമീറ്റർ ദൂരത്തിലെ പണികൾക്കായി 381.76 കോടി രൂപയാണ് അനുവദിച്ചത്. 2019 ഓഗസ്റ്റിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.എന്നാൽ മഴക്കാലത്ത് തുടർച്ചയായി ദേവികുളം ഗ്യാപ് റോഡിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് അഞ്ചര വർഷത്തോളം പണികൾ നീണ്ടുപോയി. മുൻപ് പതിവായിരുന്ന മണ്ണിടിച്ചിൽ അപകടങ്ങൾക്ക്, റോഡു നിർമാണം പൂർത്തിയാകുന്നതോടെ അറുതി വരുമെന്ന് കരുതിയെങ്കിലും മാറ്റം വന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയ നിർമാണമാണ് നടന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
ഇതിനാണോ ടോൾ ചോദിക്കുന്നത്
അടിക്കടി മണ്ണും പാറയും ഇടിഞ്ഞുവീണ് അപകടമുണ്ടാകുന്നതും 382 കോടിയോളം രൂപ മുടക്കി ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ചിട്ടും സുരക്ഷ തീരെ അവകാശപ്പെടാനില്ലാത്തതുമായ ഈ പാതയിലൂടെ സഞ്ചരിക്കാൻ ടോൾ കൊടുക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഈ മാസം 1ന് ദേവികുളത്തിനു സമീപം ലാക്കാടുള്ള ടോൾപ്ലാസ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ പാത അടഞ്ഞുകിടക്കുന്നതിനാൽ ഇതുസംബന്ധിച്ച് ഇപ്പോൾ ദേശീയപാത അതോറിറ്റി ഒന്നും പറയുന്നില്ല.
ഓഗസ്റ്റ് ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള ടോൾ നിരക്കുകളും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 10 മുതൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നു ടോൾ നിരക്ക് ഈടാക്കാനായി ഉത്തരവിറക്കിയിരുന്നെങ്കിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നതിനെത്തുടർന്നു ടോൾ പിരിക്കാൻ തുടങ്ങിയില്ല.
ടൂറിസം മേഖലയിലും ‘ഗ്യാപ്’
∙ഗ്യാപ് റോഡിലൂടെ ഗതാഗതം നിരോധിച്ചതോടെ ചിന്നക്കനാൽ പ്രദേശത്തെ ടൂറിസം സ്തംഭിച്ചു. ദേവികുളത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോംസ്റ്റേകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ആളുകളെത്താതായി. ഇതോടെ പല സ്ഥാപനങ്ങളും നിലവിൽ പ്രവർത്തിക്കുന്നില്ല. ചിന്നക്കനാൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഗ്യാപ് റോഡ് പ്രദേശം. മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കുള്ള എളുപ്പവഴിയാണിത്. എസ്റ്റേറ്റുകളിലൂടെ മനോഹര ദൃശ്യം കണ്ടു സഞ്ചരിച്ചാണ് മൂന്നാറിൽ നിന്ന് സഞ്ചാരികൾ തേക്കടിയിലേക്ക് പോയിരുന്നത്.
ഗ്യാപ് റോഡ് അടച്ചതോടെ കൊച്ചി വഴി മൂന്നാറിലെത്തുന്നവർ ചിന്നക്കനാലും തേക്കടിയും ഒഴിവാക്കി തിരികെ പോകുകയാണ്. അരിക്കൊമ്പനെ കൊണ്ടു പോയ വഴിയെന്ന നിലയിൽ പ്രശസ്തമായ റോഡിന്റെ ഭാഗമാണ് ഗ്യാപ് റോഡ്. നിർമാണത്തിലിരിക്കേ അവകാശവാദവുമായി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും എത്തിയെങ്കിലും റോഡിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ആരും തിരഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. ഗ്യാപ് റോഡ് വഴി പവർഹൗസ് വെള്ളച്ചാട്ടം, കൊളുക്കുമല, സൂര്യനെല്ലി, ആനയിറങ്കൽ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും. അപകടസാധ്യത ഒഴിവാക്കി റോഡ് എത്രയും വേഗം തുറക്കണമെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ.ശ്രീകുമാർ ആവശ്യപ്പെട്ടു.