ADVERTISEMENT

കട്ടപ്പന ∙ ഓണാഘോഷത്തിനായി ബന്ധുവീട്ടിലെത്തിയ നാലുകുട്ടികളിൽ രണ്ടുപേർ അപകടത്തിൽപെട്ടതു നാടിനെ സങ്കടത്തിലാക്കി. ഇരട്ടയാർ പഞ്ചായത്തിലെ ചേലയ്ക്കക്കവലയിലെ മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടികളാണ് പന്തുകളിക്കിടെ അപകടത്തിൽപെട്ടത്. മൈലാടുംപാറ രവീന്ദ്രന്റെ കൊച്ചുമക്കളാണ്. ഇദ്ദേഹത്തിന്റെ മകൾ രജിതയുടെ മകൻ അതുൽ ഹർഷാണു മരിച്ചത്. മകൻ രതീഷിന്റെ പുത്രൻ അസൗരേഷിനെയാണ് കാണാതായത്.

ഇരട്ടയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുള്ള ഗ്രൗണ്ടിൽ പന്തുകളിക്കാനായി രാവിലെ ഒൻപതോടെയാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. ഇതിനിടെ അതുലും അസൗരേഷും വസ്ത്രങ്ങളും ചെരിപ്പുകളും ഊരിവച്ചശേഷമാണ് ഇരട്ടയാറിൽ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളംകൊണ്ടുപോകുന്ന അഞ്ചുരുളി തുരങ്കമുഖത്തേക്കുള്ള ഭാഗത്തെ ജലാശയത്തിൽ ഇറങ്ങിയത്. കൈകോർത്തുപിടിച്ചാണ് ഇവർ ഇറങ്ങിയതെന്നാണ് വിവരം. ശക്തമായ ഒഴുക്കുമൂലം മുന്നേ പോയ അതുലാണ് ആദ്യം ഒഴുക്കിൽപെട്ടത്. പിന്നാലെ അസൗരേഷും ഒഴുക്കിൽപെട്ടു. കണ്ടുനിന്ന സഹോദരങ്ങൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞ് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നീന്തൽ അറിയാവുന്ന പ്രദേശവാസികൾ ഉടൻതന്നെ ഇറങ്ങി നടത്തിയ പരിശോധനയിലാണ് തുരങ്കമുഖത്തുള്ള ഗ്രില്ലിന്റെ ഭാഗത്ത് അതുലിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിലേക്കു വെള്ളമെത്തിക്കുന്ന അഞ്ചുരുളി തുരങ്കപ്പാതയിൽ കുട്ടികൾ അപകടത്തിൽപെട്ട ഭാഗം.
ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിലേക്കു വെള്ളമെത്തിക്കുന്ന അഞ്ചുരുളി തുരങ്കപ്പാതയിൽ കുട്ടികൾ അപകടത്തിൽപെട്ട ഭാഗം.

നാടൊന്നിച്ച് രക്ഷാപ്രവർത്തനം
കട്ടപ്പന ∙ ഇരട്ടയാർ ടണൽ മുഖത്തിനു സമീപം ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയെ കണ്ടെത്താൻ സർവസന്നാഹമായി നാടൊന്നിച്ചിറങ്ങി. തുരങ്കത്തിനുള്ളിൽ തടസ്സമുണ്ടോയെന്നറിയാൻ വെള്ളംനിറച്ച ജാർ ഒഴുക്കിവിട്ടും നൈറ്റ്‌വിഷൻ ഡ്രോൺ പരിശോധനയും വരെ നടത്തി. ഇന്നലെ രാവിലെ പത്തോടെ ഒഴുക്കിൽപെട്ടു കാണാതായ കുട്ടിക്കായി ഏതാനും സമയത്തിനുള്ളിൽത്തന്നെ പരിശോധന ആരംഭിച്ചിരുന്നു. ഇരട്ടയാർ ജലാശയത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള നാട്ടുകാരാണ് ആദ്യം പരിശോധനയ്ക്കായി ഇറങ്ങിയത്. 

തുരങ്കമുഖത്തിനു സമീപത്തെ സുരക്ഷാവേലിയുടെ ഭാഗത്തു പലതവണ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തുടർന്ന് അഞ്ചുകിലോമീറ്ററോളം ദൂരമുള്ള തുരങ്കത്തിന്റെ മറുകരയായ അഞ്ചുരുളിയിൽ പരിശോധന ആരംഭിച്ചു. ഒഴുകിയെത്തിയാൽ രക്ഷിക്കാനായി വെള്ളച്ചാട്ടത്തിനു മുകൾവശത്തായി കുറുകെ വടംവലിച്ചുകെട്ടി രക്ഷാപ്രവർത്തകർ നിരന്നു. ശക്തമായ ജലമൊഴുക്ക് പലപ്പോഴും തിരിച്ചടിയായി. മണിക്കൂറുകളോളം തുരങ്കത്തിന്റെ ഇരുവശങ്ങളിലും പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. അതോടെയാണ് ഉച്ചകഴിഞ്ഞപ്പോൾ ജാറിൽ വെള്ളം നിറച്ച് തുരങ്കത്തിലൂടെ ഒഴുക്കിയത്. കുട്ടി എവിടെയെങ്കിലും തങ്ങിനിൽക്കാൻ സാധ്യതയുണ്ടോയെന്ന് അറിയാനായിരുന്നു ശ്രമം. 40 മിനിറ്റിനുള്ളിൽ ജാർ അഞ്ചുരുളിയിൽ ഒഴുകിയെത്തി. 

അതിനുപിന്നാലെ രണ്ടുജാറുകൾ കൂട്ടിക്കെട്ടി ഒഴുക്കിവിട്ടു. അൽപം താമസിച്ചാണെങ്കിലും അതും മറുവശത്ത് എത്തിയതോടെ തുരങ്കത്തിനുള്ളിൽ കാര്യമായ തടസ്സമില്ലെന്ന വിലയിരുത്തലിലെത്തി. ഇതിനിടെ സ്കൂബ ടീമിന്റെ നേതൃത്വത്തിൽ അഞ്ചുരുളി ജലാശയത്തിലും പരിശോധന നടത്തി. ഇതൊന്നും ഫലം കാണാതെ വന്നതോടെയാണ് വൈകിട്ടോടെ നൈറ്റ്‌വിഷൻ ഡ്രോൺ എത്തിച്ച് തുരങ്കത്തിനുള്ളിൽ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചത്. കട്ടപ്പന പൊലീസ്, കട്ടപ്പനയിലെയും ഇടുക്കിയിലെയും സ്‌റ്റേഷനുകളിലെ അഗ്നിരക്ഷാസേന, തൊടുപുഴയിൽനിന്നുള്ള മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സ്കൂബ ടീം എന്നിവരും രക്ഷാപ്രവർത്തനത്തിനെത്തി. 

കുടുംബാംഗങ്ങളെ അറിയിക്കാനാകാതെ നാട്ടുകാർ
ദുരന്തവിവരം കുടുംബാംഗങ്ങളെ അറിയിക്കാനാകാതെ നാട്ടുകാർ. സഹോദരങ്ങളായ രജിതയുടെയും രതീഷിന്റെയും മക്കളാണ് അപകടത്തിൽപെട്ടത്. ഓണാവധിക്ക് തറവാട്ടിൽ എത്തിയശേഷം കുട്ടികളെ വീട്ടിലാക്കി രക്ഷിതാക്കൾ നാട്ടിലേക്കു മടങ്ങിയിരുന്നു. അപ്രതീക്ഷിത അപകടവിവരം ഇരുവരെയും അറിയിക്കാനാകാതെ ബന്ധുക്കൾ അടക്കമുള്ളവർ ബുദ്ധിമുട്ടി. കുട്ടികൾക്ക് ചെറിയ അപകടം സംഭവിച്ചെന്നും ആശുപത്രിയിലാണെന്നുമാണു മാതാപിതാക്കളെ അറിയിച്ചത്.

English Summary:

A joyous Onam celebration turned tragic when two young cousins drowned in the Irattayar Dam near Kattappana, Kerala. One child was found deceased while a massive rescue operation, involving local volunteers, divers, and a drone, continues to search for the other missing child. The community has rallied to support the devastated family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com