നിർമാണം തുടങ്ങി 5 വർഷം കഴിഞ്ഞിട്ടും മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ശുചിമുറി അടഞ്ഞുതന്നെ; എന്നു തുറക്കും?
Mail This Article
തൊടുപുഴ ∙ നിർമാണം തുടങ്ങി 5 വർഷം കഴിഞ്ഞിട്ടും മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ശുചിമുറി തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കാതെ നഗരസഭ അധികൃതർ. ശുചിമുറി തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. 2019ലാണ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് കോതായിക്കുന്ന് ഭാഗത്ത് ആധുനിക രീതിയിലുള്ള ശുചിമുറി നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണം പൂർത്തിയായെങ്കിലും ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കാറില്ലെന്നാണ് യാത്രക്കാരുടെ പരാതി. അതേസമയം വർഷങ്ങൾക്കു മുൻപ് നിർമിച്ച പഴയ ശുചിമുറി കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. ദിനംപ്രതി സ്റ്റാൻഡിലെത്തുന്ന ഒട്ടേറെ യാത്രക്കാരും ബസ് ജീവനക്കാരും ശുചിമുറിയില്ലാത്തതു കാരണം പ്രാഥമിക ആവശ്യം നിർവഹിക്കാൻ വലിയ ബുദ്ധിമുട്ടാണ് . നിലവിൽ പലരും സ്റ്റാൻഡിനു പിറകിലാണ് ‘കാര്യം’ സാധിക്കുന്നത്.
മഴ പെയ്താൽ പഴയ ശുചിമുറിയിൽ നിന്നു ഉൾപ്പെടെയുള്ള മലിനജലം ബസ് സ്റ്റാൻഡിന് അകത്തൂടെയാണ് ഒഴുകുന്നത്. വണ്ണപ്പുറം ഭാഗത്തേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്നതിനു സമീപമാണ് മലിനജലം ഒഴുകുന്നത്. മലിനജലം ഓടയിലേക്കു ഒഴുക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പ് പൊട്ടിയതാണ് കാരണം. മലിനജലത്തിൽ ചവിട്ടിയാണ് യാത്രക്കാർ നടക്കുക. പരാതി ശക്തമാകുമ്പോൾ താൽക്കാലിക പരിഹാരം ഉണ്ടാക്കി കൈ കഴുകുകയാണ് അധികൃതർ ചെയ്യുക. പുതിയ ശുചിമുറി തുറന്നു കൊടുത്താൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. പഴയ ശുചിമുറിയിൽ നിന്നുള്ള മലിനജലം ഒഴുകുന്നതിനും പുതിയത് തുറക്കാനുമുള്ള നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.