കല്ലാർകുട്ടി, കമ്പിളിക്കണ്ടം ശുചിമുറി കോംപ്ലക്സുകൾ തുറക്കാൻ നടപടിയില്ല; പ്രതിഷേധിച്ച് ജനം
Mail This Article
അടിമാലി ∙ ഉദ്ഘാടനം നടന്നിട്ട് ഒരു മാസം ആകുമ്പോഴും കല്ലാർകുട്ടി, കമ്പിളിക്കണ്ടം എന്നിവിടങ്ങളിലെ ശുചിമുറി കോംപ്ലക്സുകൾ തുറന്നു പ്രവർത്തിക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ഒന്നിന് കമ്പിളിക്കണ്ടത്ത് നടന്ന ചടങ്ങിലാണ് മന്ത്രി റോഷി അഗസ്റ്റിൻ ടേക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി 40 ലക്ഷത്തോളം മുടക്കി നിർമിച്ച ശുചിമുറി കോംപ്ലക്സുകൾ ഉദ്ഘാടനം ചെയ്തത്. എന്നാൽ, കല്ലാർകുട്ടിയിലെ ശുചിമുറി കോംപ്ലക്സിൽ വെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. കമ്പിളിക്കണ്ടത്ത് വൈദ്യുതകണക്‌ഷനും ലഭിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് മന്ത്രി 2 ശുചിമുറി കോംപ്ലക്സുകളും ഉദ്ഘാടനം നടത്തിയത്. 2 വർഷം മുൻപ് നിർമാണ ജോലികൾ പൂർത്തീകരിച്ചെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിസ്ഥാന സൗകര്യം ഒരുക്കാതെ മന്ത്രിയെ കണ്ട് പഞ്ചായത്ത് അധികൃതർ ധൃതിപിടിച്ച് ശുചിമുറികളുടെ ഉദ്ഘാടനം നടത്തിയത്. കല്ലാർകുട്ടിയിലെ ശുചിമുറി കോംപ്ലക്സ് കള്ളുഷാപ്പിനോടു ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ കൂട്ടാക്കാതെയാണു നിർമാണം നടത്തിയത്. ഇതിനെതിരെ ജില്ലാ കലക്ടർക്കു നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അതേസമയം, കല്ലാർകുട്ടി ശുചിമുറി കോംപ്ലക്സിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നും കമ്പിളിക്കണ്ടത്ത് വൈദ്യുതകണക്‌ഷനു വേണ്ടിയുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.