വന്യമൃഗശല്യം മൂലം നഷ്ടം ലക്ഷങ്ങൾ; പക്ഷേ, സർക്കാർ കണക്കിൽ 28,000 രൂപ!
Mail This Article
തൊടുപുഴ∙ ജില്ലയിൽ വന്യമൃഗശല്യം മൂലം കർഷകരുടെ നഷ്ടം ലക്ഷങ്ങൾ കടക്കുമ്പോഴും കൃഷി വകുപ്പിന്റെ കണക്കിൽ നഷ്ടം അഞ്ചക്കത്തിൽ ഒതുങ്ങുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലയിൽ പലയിടങ്ങളിലായി വന്യമൃഗ ആക്രമണങ്ങളിൽ ഏക്കർ കണക്കിനു സ്ഥലത്തെ പലവിധ കൃഷികളാണ് നശിച്ചത്. എന്നിട്ടും കൃഷി വകുപ്പിന്റെ കയ്യിലുള്ളത് 3 കർഷകർക്കായി തിട്ടപ്പെടുത്തിയ 28,000 രൂപയുടെ നഷ്ടക്കണക്ക് മാത്രം. കൽക്കൂന്തൽ, കാഞ്ചിയാർ വില്ലേജുകളിലായി 70 വാഴകൾ നഷ്ടപ്പെട്ടതു മാത്രമേ കൃഷി വകുപ്പിന് അറിയൂ.
നഷ്ടം സംഭവിച്ച കർഷകർ യഥാസമയം അറിയിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പരിഹാരമില്ലാത്ത പ്രശ്നമായി വന്യമൃഗശല്യം മുന്നിൽ നിൽക്കുമ്പോൾ അറിയിച്ചിട്ടെന്തിനാണെന്ന നിസ്സംഗമായ മറുപടിയാണ് പല കർഷകരും നൽകുന്നത്. അറിയിച്ചാൽ തന്നെ ലഭിക്കുന്നത് തുച്ഛമായ തുകയാണ്. ഇതിന് പുറമേ വനാതിർത്തിയോടു ചേർന്നുള്ള ഒട്ടേറെ കർഷകരുടെ കൈവശഭൂമിക്ക് പട്ടയമില്ല. ഇക്കാരണത്താൽ കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും കഴിയില്ല.
മൂന്നാർ തോട്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. തൊഴിലാളികളുടെ പച്ചക്കറിത്തോട്ടങ്ങളും ഷെഡുകളും നശിപ്പിക്കപ്പെട്ടു. ജില്ലയിൽ പലയിടത്തായി ഏലത്തോട്ടങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മറയൂർ ടൗണിനു സമീപം ജനവാസ മേഖലയിലെത്തിയ ഒറ്റയാൻ ഏക്കർ കണക്കിനു സ്ഥലത്തെ കരിമ്പുകൃഷിയാണ് നശിപ്പിച്ചത്. മറയൂർ നിവാസികളുടെ പ്രധാന തൊഴിലായ ശർക്കര നിർമാണത്തെയാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ വെളുത്തുള്ളി പാടങ്ങളും കാട്ടാന ചവിട്ടിയരച്ച് നഷ്ടം വരുത്തിയിരുന്നു. കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമാണ്.
ഒക്ടോബർ അവസാന ആഴ്ച വട്ടവട കൊട്ടാക്കമ്പൂർ മേഖലയിൽ 1000 കിലോയിലേറെ കാരറ്റാണ് ഒറ്റ ദിവസം കൊണ്ട് കുരങ്ങുകൾ തിന്നു നശിപ്പിച്ചത്. 100 ഗ്രാമിന് 4,500 രൂപ വിലയുള്ള വിത്തുകളിട്ട് ചെയ്തിരുന്ന കൃഷി വിളവെടുക്കാൻ ആഴ്ചകൾ മാത്രമാണുണ്ടായിരുന്നത്. പാഷൻ ഫ്രൂട്ട്, പേരയ്ക്ക തുടങ്ങിയ പഴവർഗങ്ങളും വ്യാപകമായി നശിപ്പിച്ചു. മേഖലയിൽ കാട്ടുപന്നി ശല്യം തുടരുന്നതിനിടെയാണ് കുരങ്ങുകളും എത്തിയത്.