മറയൂരിലേക്ക് ഡബിൾ ഡക്കർ ബസ്; പരീക്ഷണയോട്ടം നടത്തി
Mail This Article
മറയൂർ ∙ മറയൂരിലേക്ക് ഡബിൾ ഡക്കർ ബസ് എത്തിക്കാനുള്ള പരീക്ഷണയോട്ടം നടത്തി. കഴിഞ്ഞ ദിവസമാണ് മറയൂർ, മാട്ടുപ്പെട്ടി, പൂപ്പാറ ഭാഗത്തേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനാണ് പരീക്ഷണയോട്ടം നടന്നത്.
മൂന്നാർ മുതൽ മറയൂർ വരെ 42 കിലോമീറ്റർ ദൂരമാണ്. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും മലനിരകളും താണ്ടി മറയൂർ ചന്ദനക്കാട് അടുത്തെത്തുമ്പോൾ പഞ്ചായത്തിന്റെ അതിർത്തി ഗ്രാമമായ 8 കിലോമീറ്റർ അകലെ പള്ളനാട് വരെ ബസ് എത്തി. തുടർന്നും മറയൂരിൽ എത്താനുള്ള ശ്രമം നടത്തിയെങ്കിലും വൈദ്യുത ലൈനുകളും മരങ്ങളും തടസ്സമായി. ദേവികുളം എംഎൽഎയുടെ ആവശ്യപ്രകാരമാണ് ബസ് എത്തിച്ചത്.
മറയൂരിലേക്ക് ഡബിൾ ഡക്കർ ബസ് എത്തിക്കാനുള്ള തടസ്സങ്ങൾ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ എ.രാജ പറഞ്ഞു. കെഎസ്ആർടിസി ടൂറിസം സംസ്ഥാന കോഓർഡിനേറ്റർ സുനിൽ കുമാർ, ജില്ലാ കോഓർഡിനേറ്റർ എൻ.ആർ.രാജീവ്, പി.എസ്.സന്തോഷ്, കെ.കെ.സുരേഷ്, ഉബൈദ്, എൻ.പി.രാജേഷ്, സുബൈർ എന്നിവർ ഉൾപ്പെടെയുള്ളവർ യാത്രയിലുണ്ടായിരുന്നു.