മലകൾ കീഴടക്കാം; മഞ്ഞണിഞ്ഞ വയനാട്ടിലേക്ക് സഞ്ചാരികളുടെ തിരക്ക്
Mail This Article
അമ്പലവയൽ ∙ മഞ്ഞുമൂടിയ മലനിരകൾ കീഴടക്കാം, രാവിലെത്തെ തണുപ്പ് ആസ്വദിക്കാം, മഞ്ഞും തണുപ്പും നിറഞ്ഞ വയനാടിനെ അറിയാൻ സഞ്ചാരികളുടെ വൻതിരക്ക്. കുറച്ച് ദിവസമായി രാവിലെയും വൈകിട്ടുമെല്ലാം മിക്കയിടങ്ങളിലും കോടമഞ്ഞ് ഇറങ്ങുന്നുണ്ട്.മേപ്പാടി, വടുവൻചാൽ, അമ്പലവയൽ, വൈത്തിരി, ചുണ്ടേൽ, ചുരം വ്യൂപോയിന്റ്, മുത്തങ്ങ, പൊൻകുഴി തുടങ്ങിയ ജില്ലയിലെ മിക്ക ഇടങ്ങളിലും കോടമഞ്ഞ് പുതച്ചുള്ള രാവിലെകളാണുള്ളത്. ഇതെല്ലാം ആസ്വാദിക്കാനും മഞ്ഞ് കൂടുതലുള്ള മലകൾ കീഴടക്കാനും സന്ദർശകർ ഏറെയുണ്ട്.അവധിക്കാലം എത്തിയതോടെ കഴിഞ്ഞ 20 മുതലാണ് ജില്ലയിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളോടെപ്പം ജില്ലയിൽ പ്രകൃതിയെ ആസ്വദിക്കാൻ കഴിയുന്ന എല്ലായിടങ്ങളിലും സഞ്ചാരികളെത്തുന്നുണ്ട്. സ്വകാര്യയിടങ്ങളിലും റിസോർട്ടുകൾ, ഹോംസ്റ്റേ എന്നിവിടങ്ങളിലും ആളെത്തുന്നുണ്ട്. രാവിലെയും വൈകിട്ടുമെല്ലാമുള്ള മഞ്ഞും തണുപ്പുമാണ് ഇപ്പോൾ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.മഞ്ഞ് ആസ്വദിക്കാൻ മലയുടെ മുകളിലേക്കുള്ള ട്രെക്കിങ്ങും യാത്രകളുമാണ് പലരും തിരഞ്ഞെടുക്കുന്നത്.
പ്രധാന ട്രെക്കിങ് കേന്ദ്രമായ വനംവകുപ്പിന്റെ കീഴിലുള്ള ചെമ്പ്രമലയിലെ മഞ്ഞും ഹൃദയതടാകവും ആസ്വദിക്കാൻ തിരക്കുണ്ട്. എട്ട് മാസങ്ങൾ അടച്ചിട്ട ശേഷം ചെമ്പ്ര തുറന്നപ്പോൾ സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. ദിവസേന 70 പേരാണ് ഇപ്പോൾ പ്രവേശനം നൽകുന്നതെങ്കിലും മിക്ക ദിവസങ്ങളിലും ഇത്രയും സന്ദർകരും ഉണ്ടാകാറുണ്ട്.ജില്ലയിലെ മറ്റൊരു ട്രെക്കിങ് കേന്ദ്രമാണ് ഡിടിപിസിയുടെ കീഴിലുള്ള ചീങ്ങേരി മലയിലും തിരക്കുണ്ട്. ഇവിടെയും രാവിലെ കോടമഞ്ഞ് മൂടും. രാവിലെയാണ് കൂടുതൽ പേർ മലകയറാനെത്തുന്നത്. മലയുടെ മുകളിൽ നിന്നുള്ള നോക്കിയാൽ ഏറെ ദൂരം മഞ്ഞു മൂടി കീഴടക്കുന്ന കാഴ്ച മനോഹരമാണ്.നെല്ലാറാചാലിലും മഞ്ഞപ്പാറയുമെല്ലാം രാവിലെയും വൈകിട്ടും കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ഒട്ടേറെ പേരാണെത്തുന്നത്.നെല്ലാറചാലിലേക്കുള്ള വഴിയും കാരാപ്പുഴ ഡാം റിസോർവോയറിന്റെ ഭാഗങ്ങളുമെല്ലാം രാവിലെ മഞ്ഞിൽ പൂർണമായും മൂടും. ഡാം റിസോർവയറിന്റെ പശ്ചാത്തലത്തിലുള്ള ഉദയ കാഴ്ചകളെല്ലാം ആസ്വാദിക്കാനും കഴിയും.