സ്വകാര്യ ബസിനെ ഇടതുവശത്തുകൂടി മറികടന്ന് കെഎസ്ആർടിസി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
വാഴൂർ ∙ ബസ് സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ ഇടതുവശത്തുകൂടി മറികടന്ന് കെഎസ്ആർടിസി ബസ്; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാത 183ൽ വാഴൂർ 18–ാം മൈലിൽ ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. മുൻപിൽ പോയ സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടതുവശം വഴി സ്വകാര്യ ബസിനെ മറികടന്നു. സ്വകാര്യ ബസിൽ നിന്നു ഇറങ്ങിയ വീട്ടമ്മ പേടിച്ചരണ്ട് ബസിനൊപ്പം ചേർന്നു നിന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 2 ബസുകളും മത്സരിച്ചാണ് വന്നതെന്നും ബസിലെ യാത്രക്കാർ പറയുന്നു. കെഎസ്ആർടിസി ബസിന്റെ നിയമലംഘനം സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.
സ്വകാര്യ ബസ് പെട്ടന്ന് നിർത്തിയപ്പോൾ പിന്നിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് ഇടതുവശത്തുകൂടി പോയതാണെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ എ.ജി.രാജേഷ് കുമാർ പറയുന്നത്. പൊൻകുന്നം ഡിപ്പോയിലെ ബസാണ് സംഭവത്തിലുള്ളത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. മോട്ടർ വാഹന വകുപ്പും അന്വേഷണം നടത്തും. ബസ് അശ്രദ്ധമായി റോഡിൽ നിർത്തിയതിനു സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയും നടപടിയുണ്ടാകുമെന്നു പൊലീസ് പറഞ്ഞു.കെ.കെ റോഡിൽ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് കർശനമായ പൊലീസ് പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.